ബൊക്കാറോ : ജാർഖണ്ഡിൽ ആശൂറ ഘോഷയാത്രയ്‌ക്കിടെ വൈദ്യുതാഘാതമേറ്റ് നാല് പേർ മരിക്കുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ബൊക്കാറോ ജില്ലയിലെ പെതർവാർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇന്ന് രാവിലെയാണ് അപകടം നടന്നത്. ഷിയാ സമൂഹം മുഹറം മാസത്തിൽ നടത്തുന്ന ചടങ്ങാണ് ആശൂറ ഘോഷയാത്ര.
ചടങ്ങിൽ ജനക്കൂട്ടം തെരുവിലൂടെ നടന്നുനിങ്ങുന്നതിനിടയിൽ 11,000 വോൾട്ട് ഹൈ ടെൻഷൻ വയറിൽ തട്ടിയാണ് അപകടമുണ്ടായത്. സംഭവത്തിൽ പത്തോളം പേർക്ക് ഷോക്കേറ്റു. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഹൈ ടെൻഷൻ വയറിൽ തട്ടയിതിനെ തുടർന്ന് വൈദ്യുതി വിതരണത്തിനായി സൂക്ഷിച്ചിരുന്ന ബാറ്ററി പൊട്ടിത്തെറിച്ചതോടായാണ് കൂടുതൽ പേർക്ക് പരിക്കേറ്റത്.
അപകടത്തിൽപ്പെട്ടവരെ ഉടൻ തന്നെ ഡിവിസി ബൊക്കാറോ തെർമൽ ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി മാറ്റിയിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ നാല് പേരുടെ ജീവൻ നഷ്‌ടപ്പെട്ടതായി ഡോക്‌ടർമാർ അറിയിച്ചു.
രാമനവമി ഘോഷയാത്രക്കിടെ വൈദ്യുതാഘാതം : ഇക്കഴിഞ്ഞ മാർച്ച് 30 ന് രാജസ്ഥാനിലെ കോട്ടയിൽ രാമനവമി ഘോഷയാത്രക്കിടെ വൈദ്യുതാഘാതമേറ്റ് മൂന്ന് പേർ മരിക്കുകയും മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തിരുന്നു. കോട്ട ജില്ലയിലെ സുൽത്താൻപൂരിന് അടുത്തുള്ള കോത്ര ദീപ്‌സിങ് ഗ്രാമത്തിൽ ആണ് സംഭവം. ലളിത്, അഭിഷേക്, മഹേന്ദ്ര എന്നിവരാണ് മരിച്ചത്.
ഘോഷയാത്രയിൽ അഖാഡ (Akhada) എന്ന ആയോധന കല യുവാക്കള്‍ അവതരിപ്പിക്കുന്നതിനിടെ കൈയില്‍ ഉണ്ടായിരുന്ന ആയുധം വൈദ്യുതി ലൈനില്‍ തട്ടിയാണ് യുവാക്കൾക്ക് ഷോക്കേറ്റത്.
Also Read : രാജസ്ഥാനില്‍ രാമനവമി ഘോഷയാത്രക്കിടെ വൈദ്യുതാഘാതമേറ്റ് മൂന്ന് പേർക്ക് ദാരുണാന്ത്യം
ഘോഷയാത്രക്കിടെ തമിഴ്‌നാട്ടിലും വൈദ്യുതാഘാതം : കഴിഞ്ഞ വർഷം ഏപ്രിലിൽ തമിഴ്‌നാട് തഞ്ചാവൂരിൽ ചിത്തിര മഹോത്സവത്തോടനുബന്ധിച്ച് നടന്ന രഥ ഘോഷയാത്രക്കിടയിലും സമാനമായ സംഭവം നടന്നിരുന്നു. ഘോഷയാത്രയ്‌ക്കിടെ വൈദ്യുതാഘാതമേറ്റ് മൂന്ന് കുട്ടികൾ ഉൾപ്പെടെ 11 പേരാണ് മരണപ്പെട്ടത്. കാളിമേട് ഗ്രാമത്തിൽ ആണ് അപകടം നടന്നത്. ഘോഷയാത്രക്കിടെ രഥം 30 അടി ഉയരത്തിലുണ്ടായിരുന്ന ഹൈ വോൾട്ടേജുള്ള വൈദ്യുതി കമ്പിയിൽ അബദ്ധത്തിൽ തട്ടിയാണ് വൈദ്യുതാഘാതമേറ്റത്. ഘോഷയത്രയ്‌ക്കായി റോഡിൽ വെള്ളമൊഴിച്ചതാണ് അപകടത്തിന്‍റെ തോത് കൂട്ടിയത്.
Also Read : തഞ്ചാവൂർ രഥ ഘോഷയാത്രക്കിടെ വൈദ്യുതാഘതമേറ്റ് 11 മരണം
രാമനവമി ഘോഷയാത്രയ്‌ക്കിടെ സംഘർഷം : ഈ വർഷം മാർച്ച് അവസാനം രാമനവമി ആഘോഷത്തിന്‍റെ ഭാഗമായുള്ള ഘോഷയാത്രയ്ക്ക് നേരെ ആക്രമണമുണ്ടായി 15 പേർക്ക് പരിക്കേറ്റിരുന്നു. ഹൗറയിലെ സന്ധ്യ ബസാറിനടുത്ത് അഞ്ജനി പുത്ര സേനയുടെ രാമനവമി ഘോഷയാത്രയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഘോഷയാത്ര സന്ധ്യ ബസാറിൽ എത്തിയപ്പോൾ ബിയർ കുപ്പികളും ഗ്ലാസ് ബോട്ടിലുകളും ജാഥയിലേക്ക് വലിച്ചെറിയുകയായിരുന്നു. തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷമുണ്ടാവുകയും ഘോഷയാത്രയില്‍ പങ്കെടുത്തവര്‍ പ്രതിഷേധവുമായി രംഗത്തെത്തെത്തുകയുമായിരുന്നു.
Also Read : രാമനവമി ഘോഷയാത്രയ്‌ക്കിടെ ഹൗറയില്‍ സംഘര്‍ഷം ; 15 പേര്‍ക്ക് പരിക്ക്