സികാർ (രാജസ്ഥാൻ) : സികാർ ജില്ലയിലെ ഖാട്ടു ശ്യാം ക്ഷേത്രത്തിൽ തിങ്കളാഴ്‌ച പുലർച്ചെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മൂന്ന് സ്ത്രീകൾ മരിച്ചു. ഹിന്ദു ആചാരപ്രകാരം ശുഭദിനമായി കരുതുന്ന 'ഗ്യാരാസ്' ദിനത്തിൽ ക്ഷേത്രം ദർശനം നടത്തുന്നതിനായെത്തിയ ഭക്തരുടെ തിക്കിലും തിരക്കിലും പെട്ടാണ് സ്ത്രീകൾ മരിച്ചത്.
ഇന്ന് രാവിലെ ക്ഷേത്രത്തിന് പുറത്ത് ഭക്തരുടെ അസാധാരണ തിരക്കാണ് അനുഭവപ്പെട്ടത്. പുലർച്ചെ നാലരയോടെ ക്ഷേത്രം തുറന്നപ്പോൾ ദർശനത്തിനായി ഭക്തർ ഇടിച്ചുകയറി. ഇതിനിടെ ഹൃദ്രോഹ ബാധിതയായ 63കാരി കുഴഞ്ഞുവീഴുകയായിരുന്നു. ഇവർക്ക് പിന്നിലുണ്ടായിരുന്ന മറ്റ് രണ്ട് സ്ത്രീകളും കുഴഞ്ഞുവീണു.
തിക്കിലും തിരക്കിലും പെട്ടാണ് മൂന്ന് പേരും മരിച്ചതെന്ന് പൊലീസ് സൂപ്രണ്ട് കെ. രാഷ്‌ട്രദീപ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ വ്യക്തതയ്ക്കായി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും അദ്ദേഹം അറിയിച്ചു.