ബെംഗളൂരു: കൊവിഡ് മരണങ്ങളുടെ ക്രമാതീതമായ വർധനവ് ശ്മശാനങ്ങൾ നിറയ്ക്കുന്നത് രാജ്യമെമ്പാടുമുള്ള കാഴ്ചയാണ്. മരണപ്പെട്ടയാളുടെ ബന്ധുക്കൾ, അവരുടെ പ്രിയപ്പെട്ടവർക്ക് മാന്യമായ ശവസംസ്കാരം നൽകാനായി ഒരു ശ്മശാനത്തിൽ നിന്ന് മറ്റൊന്നിലേക്ക് ഓടുന്ന കാഴ്ചകള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്.
ബെംഗളൂരുവില്‍ പല ശ്മശാനങ്ങളും നിറഞ്ഞുകവിഞ്ഞ സാഹചര്യത്തിൽ ഹൗസ് ഫുൾ ബോർഡുകൾ സ്ഥാപിക്കേണ്ട സാഹചര്യത്തിലാണ് ശ്മശാനം നടത്തിപ്പുകാർ. ഞായറാഴ്ച മാത്രം 45 മൃതദേഹങ്ങളാണ് ബെംഗളൂരു ചമരാജ്‌പേട്ടയിലെ ടിആർ മിൽ ശ്മശാനത്തിൽ എത്തിയത്. ഒരേസമയം 20 മൃതദേഹങ്ങൾ മാത്രമേ ഇവിടെ അടക്കം ചെയ്യാൻ കഴിയൂ. അതിനാല്‍ മറ്റ് മൃതദേഹങ്ങൾ ദഹിപ്പിക്കാൻ കഴിയില്ലെന്ന് മനസിലാക്കിയ നടത്തിപ്പുകാർ ഹൗസ് ഫുൾ ബോർഡ് സ്ഥാപിച്ചു.
ശ്മശാനങ്ങൾക്ക് മുൻപിൽ ആംബുലൻസുകൾ നിരന്ന് കിടക്കുന്നത് ബെംഗളൂരുവിൽ ഇപ്പോൾ പതിവുകാഴ്ചയാണ്. മരണപ്പെട്ടയാളുടെ ബന്ധുക്കൾക്ക് അന്ത്യകർമങ്ങൾ നടത്താൻ മണിക്കൂറുകളോളമാണ് കാത്തിരിക്കേണ്ടിവരുന്നത്.