ഹൈദരാബാദ്: കര്‍ണാടകയിലെ കര്‍ഷകനില്‍ നിന്ന് രാജ്യത്തിന്‍റെ പ്രധാനമന്ത്രിക്കസേര വരെയെത്തിയ മൂന്നാം മുന്നണിയുടെ പരിചിതമുഖം. ദേശീയ തലത്തില്‍ സഖ്യകക്ഷി ഭരണത്തിന്‍റെ വിജയമാതൃക തീര്‍ത്ത ജനതാ പരിവാറിന്‍റെ കരുത്തനായ നേതാവ്. എച്ച് ഡി ദേവ ഗൗഡ.
ഒരു കാലത്ത് നരേന്ദ്രമോദിയുടെ കടുത്ത വിമര്‍ശകന്‍. 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ മത്സരിക്കുക ബിജെപിക്കൊപ്പമെന്ന് അസന്നിഗ്‌ധമായി പ്രഖ്യാപിച്ച് എന്‍ഡിഎയ്‌ക്കൊപ്പം ചേര്‍ന്ന നേതാവ്. എല്ലാം കൂട്ടിവായിക്കുമ്പോള്‍ എവിടൊക്കെയോ പൊരുത്തക്കേട്. ചേരുംപടി ചേരായ്‌ക. ദേവഗൗഡയെ അടുത്തറിയുന്നവര്‍ക്കറിയാം അദ്ദേഹത്തിന്‍റെ രാഷ്ട്രീയ മെയ്‌വഴക്കം. പക്ഷേ ഇത്തവണത്തേത് ദേവഗൗഡയുടെ അടവുനയമാണോ അതോ രാഷ്ട്രീയ അബദ്ധമോ?
ഒരു വാര്‍ത്താസമ്മേളനത്തിന്‍റെ വ്യാപ്‌തി: ജനതാദള്‍ (എസ്) കേവലം പ്രാദേശിക പാര്‍ട്ടിയായി ഒതുങ്ങിയ ശേഷം സ്വന്തം തട്ടകമായ കര്‍ണാടകയിലെ നിലനില്‍പ്പ് മാത്രമാണ് ദേവഗൗഡയുടെ മനസില്‍ ആകെയുള്ള ചിന്ത. എന്‍ഡിഎയുടെ ഭാഗമാകാനും 2024 ലെ തെരഞ്ഞെടുപ്പില്‍ ബിജെപിക്കൊപ്പം ചേര്‍ന്ന് മത്സരിക്കാനുമുള്ള ദേവഗൗഡയുടെ തീരുമാനത്തിന് സ്വന്തം പാളയത്തില്‍ നിന്നുതന്നെ എതിര്‍പ്പ് നേരിടേണ്ടി വന്നപ്പോഴാണ് വ്യാഴാഴ്‌ച അദ്ദേഹം വിശദീകരണവുമായി ഇറങ്ങിയത്.
ജെഡിഎസ് കര്‍ണാടക സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് സിഎം ഇബ്രാഹിമിനെ പുറത്താക്കി മകന്‍ എച്ച് ഡി കുമാരസ്വാമിയെ താല്‍കാലിക അധ്യക്ഷനാക്കിയ തീരുമാനം പ്രഖ്യാപിക്കാനായിരുന്നു ആ വാര്‍ത്താസമ്മേളനമെങ്കിലും കര്‍ണാടകയ്ക്ക് വെളിയില്‍ അതിന്‍റെ അലയൊലികളുണ്ടായത് കേരളത്തിലാണ്.
തീര്‍ത്തും നിര്‍ദോഷകരമെന്ന മട്ടില്‍ ദേവഗൗഡ നടത്തിയ ചില പരാമര്‍ശങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ വെട്ടില്‍ വീഴ്ത്തിയത് കേരള മുഖ്യമന്ത്രി പിണറായി വിജയനെയാണ്. കേരളത്തിലെ ജെഡിഎസ് ഘടകം തങ്ങള്‍ക്കൊപ്പമാണെന്നും കര്‍ണാടകയില്‍ പുതിയ രാഷ്ട്രീയ കൂട്ടുകെട്ടുണ്ടാക്കിയത് ഏത് സാഹചര്യത്തിലാണെന്ന് അവിടത്തെ ഞങ്ങളുടെ മന്ത്രിക്കറിയാമെന്നുമായിരുന്നു ദേവഗൗഡ ആദ്യം പറഞ്ഞത്. പിന്നീട് കേരളത്തിലെ ഇടത് മുഖ്യമന്ത്രിയുടെ പൂര്‍ണ സമ്മതത്തോടെയാണ് ബിജെപിയുമായി ചേരാന്‍ തീരുമാനമെടുത്തതെന്ന് കൂടി ദേവഗൗഡ വിശദീകരിച്ചതോടെ കേരളത്തില്‍ അത് രാഷ്ട്രീയ കോളിളക്കത്തിന് തുടക്കമിട്ടു.
പ്രതിപക്ഷത്തിന് ഏണിവച്ച് കൊടുത്ത്: എന്‍ഡിഎയില്‍ ചേര്‍ന്ന ജെഡിഎസിനെ മന്ത്രിസഭയില്‍ തുടരാന്‍ അനുവദിക്കുന്നത് ചൂണ്ടിക്കാട്ടി ഇത് പിണറായി വിജയന് ബിജെപി നേതൃത്വവുമായുള്ള ബന്ധത്തിന് തെളിവാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായിരുന്നു. അതിനെ സാധൂകരിക്കുന്ന തരത്തിലാണ് ദേവഗൗഡയുടെ പ്രസ്‌താവന കൂടിവന്നത്. പതിവില്ലാതെ പിണറായി വിജയന് ഉടന്‍ പ്രതികരിക്കേണ്ടി വന്നു.
ദേവഗൗഡ തിരുത്തുന്നതാണ് നല്ലതെന്നും അദ്ദേഹവുമായി ഒരു കാര്യവും ചര്‍ച്ച ചെയ്‌തിട്ടില്ലെന്നും പിണറായി ഫേസ്‌ബുക്ക് പോസ്‌റ്റില്‍ വ്യക്തമാക്കി. സ്വന്തം രാഷ്ട്രീയ മലക്കം മറിച്ചിലുകൾക്ക് ന്യായീകരണം കണ്ടെത്താൻ അദ്ദേഹം അസത്യം പറയുകയാണെന്നായിരുന്നു പിണറായി വിശദീകരിച്ചത്. മറ്റു പാര്‍ട്ടികളുടെ ആഭ്യന്തരകാര്യങ്ങളില്‍ സിപിഎമ്മോ താനോ ഇടപെടാറില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തല അവിടെ, വാല്‍ ഇവിടെ: തങ്ങൾ ബിജെപിക്കെതിരാണെന്നും ദേവഗൗഡക്കൊപ്പമല്ല എന്നും ജെഡിഎസ് കേരള ഘടകം പ്രസിഡന്‍റ് മാത്യു ടി തോമസും മന്ത്രിസഭയിലെ ജെഡിഎസ് പ്രതിനിധി കെ കൃഷ്‌ണന്‍കുട്ടിയും വ്യക്തമാക്കുകയും ചെയ്‌തു. എന്‍ഡിഎക്കൊപ്പം ചേരാന്‍ ദേവഗൗഡയുടെ നേതൃത്വത്തില്‍ ജെഡിഎസ് തീരുമാനമെടുത്തപ്പോള്‍ തന്നെ വിയോജിപ്പ് പ്രകടമാക്കിയ കേരള ഘടകം തങ്ങള്‍ കേരളത്തില്‍ പ്രത്യേക പാര്‍ട്ടിയായി നില്‍ക്കുമെന്നും ഇടതുപക്ഷത്ത് തന്നെ തുടരുമെന്നും വ്യക്തമാക്കിയിരുന്നു. ഒക്ടോബര്‍ ഏഴിന് യോഗം ചേര്‍ന്ന് സംസ്ഥാന നേതൃത്വം ഇത് ഔപചാരികമായി തീരുമാനിക്കുകയും ചെയ്‌തിരുന്നു. ഇത്രയൊക്കെയായിട്ടും ഇത്തരമൊരു പ്രസ്‌താവനയിറക്കാന്‍ ദേവഗൗഡ തുനിഞ്ഞത് വെറുതേയാകാന്‍ തരമില്ല.
ആരോപണം തമ്മില്‍ അകറ്റാനോ?: തന്‍റെ നേതൃത്വത്തിലുള്ള ജെഡിഎസ് പാര്‍ട്ടി എന്‍ഡിഎയിലെത്തുമ്പോള്‍ കര്‍ണാടകയിലും മറ്റു സംസ്ഥാനങ്ങളിലും വിയോജിച്ച് നില്‍ക്കുന്ന സംസ്ഥാന ഘടകങ്ങള്‍ സംഘടിച്ച് സോഷ്യലിസ്‌റ്റ് കുടക്കീഴില്‍ മറ്റൊരു ജനതാദള്‍ രൂപം കൊള്ളുന്നത് തടയുകയെന്ന ലക്ഷ്യം അദ്ദേഹത്തിനുണ്ടായിരുന്നു. സംസ്ഥാന ഘടകങ്ങളെ രാഷ്ട്രീയമായി ഭിന്നിപ്പിച്ച് വ്യത്യസ്‌ത ചേരികളിലെത്തിക്കാന്‍ അദ്ദേഹം ലക്ഷ്യമിട്ടിരിക്കാം. കേരളത്തിലെ ജെഡിഎസ് ഘടകം ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുമെന്നത് വ്യക്തമായിരുന്നു. ഇടത് മന്ത്രിസഭയില്‍ പ്രാതിനിധ്യമുള്ളത് കൊണ്ടുതന്നെ മറിച്ചൊരു തീരുമാനം കേരളത്തിലുണ്ടാവില്ലെന്ന് ദേവഗൗഡയ്ക്ക് നന്നായറിയാം.
കര്‍ണാടകയിലാണെങ്കില്‍ സിഎം ഇബ്രാഹിം കോണ്‍ഗ്രസിനോട് അടുക്കാനാണ് താല്‍പര്യപ്പെടുന്നതെന്നും വ്യക്തമായിരുന്നു. കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് ജെഡിഎസ് പിന്തുണ നല്‍കുമെന്ന് കഴിഞ്ഞയാഴ്‌ചയാണ് ഇബ്രാഹിം പ്രഖ്യാപിച്ചത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ എംഎല്‍സി സ്ഥാനമടക്കം ഉപേക്ഷിച്ച് കോണ്‍ഗ്രസ് വിട്ട സിഎം ഇബ്രാഹിം കോണ്‍ഗ്രസില്‍ മടങ്ങിയെത്തുമോയെന്ന് വ്യക്തമല്ല. ജനതാ പരിവാറിലെ മറ്റൊരു കക്ഷിയായ ജെഡിയുവിനെ കര്‍ണാടകയില്‍ പുനരുജ്ജീവിപ്പിക്കാന്‍ ഒരു പക്ഷേ സിഎം ഇബ്രാഹിം മുന്‍കൈയെടുത്തേക്കാം. മറ്റു സംസ്ഥാന ഘടകങ്ങളെക്കൂടി ചേര്‍ത്ത് വിലപേശല്‍ ശക്തിയാകാന്‍ സിഎം ഇബ്രാഹിമിനെ അനുവദിക്കാതിരിക്കുക കൂടി ദേവഗൗഡയുടെ ലക്ഷ്യമാണ്.
2006 ലും കര്‍ണാടകയില്‍ ജെഡിഎസ് ബിജെപിക്കൊപ്പം ചേര്‍ന്നിരുന്നു. അന്ന് ബിജെപിക്കൊപ്പം ചേര്‍ന്ന് ദേവഗൗഡയുടെ മകന്‍ എച്ച് ഡി കുമാരസ്വാമി മുഖ്യമന്ത്രിയായിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മൈസൂരുവിലേയും മാണ്ഡ്യയിലേയും രാമനഗരയിലേയും ശക്തി കേന്ദ്രങ്ങളില്‍ വരെ തിരിച്ചടി നേരിട്ടതും പാര്‍ട്ടി അപ്രസക്തമായതും ഇത്തവണ മാറി ചിന്തിക്കാന്‍ ദേവഗൗഡയെ പ്രേരിപ്പിച്ചു. ദേവഗൗഡ കുടുംബത്തിന്‍റെ കുത്തക സീറ്റായ രാമനഗരയില്‍ കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമി തോറ്റത് കോണ്‍ഗ്രസ് കാലുവാരിയത് കാരണമാണെന്ന വിശ്വാസത്തിലാണ് അദ്ദേഹം. കര്‍ണാടകയിലെ പാര്‍ട്ടിയെ നിലനിര്‍ത്താനാണ് ബിജെപിയുമായി യോജിക്കാന്‍ തീരുമാനമെടുത്തതെന്ന് വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം തുറന്നുപറഞ്ഞു.
'ജെഡിഎസ്' എവിടെ പോകും: കര്‍ണാടകത്തിലെ ദേവഗൗഡയുടെ ലക്ഷ്യങ്ങള്‍ പലതാണെങ്കിലും കേരള രാഷ്ട്രീയത്തില്‍ അതുണ്ടാക്കുന്ന അനുരണനങ്ങള്‍ ചെറുതല്ല. കേരളത്തില്‍ ലോക് താന്ത്രിക് ജനതാദള്‍ ജെഡിയുവില്‍ ലയിച്ചത് ഈയടുത്തായിരുന്നു. ജെഡിയുവില്‍ ലയിച്ചപ്പോഴും ഇടതുമുന്നണിയില്‍ തുടരാനായിരുന്നു എംവി ശ്രേയാംസ് കുമാറിന്‍റെ തീരുമാനം.
ജെഡിഎസും എല്‍ജെഡിയും (ഇപ്പോഴത്തെ ജെഡിയു) കേരളത്തില്‍ ഒരുമിക്കാനുള്ള സാധ്യതകള്‍ പലതവണ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ബിജെപി ബന്ധത്തില്‍ വിയോജിപ്പുള്ള ജെഡിഎസുകാര്‍ ദേശീയതലത്തില്‍ തന്നെ യോജിച്ച് സിഎം ഇബ്രാഹിമിന്‍റെ നേതൃത്വത്തില്‍ ജെഡിയുവില്‍ ചേരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. അങ്ങനെ വന്നാല്‍ കേരളത്തിലെ ജെഡിഎസ് ഘടകം ജെഡിയു ലയനത്തിന് തയ്യാറാവുമോ എന്നതും കണ്ടറിയേണ്ടതാണ്.