അമരാവതി: ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിൽ ദേവരഗട്ട് ബണ്ണി ഉത്സവത്തിന്‍റെ ഭാഗമായി നടന്ന വടിപ്പോരിൽ 50 പേർക്ക് പരിക്ക്. ആറ് പേരുടെ നില ഗുരുതരമാണ്. ദേവരഗട്ട് മലനിരകളില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലെ രഥോത്സവത്തിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന വാർഷിക പരിപാടിയാണ് വടിപ്പോര്.
വടികളുമായി ആയിരകണക്കിന് ഭക്തരാണ് ഉത്സവത്തിൽ പങ്കെടുത്തത്. അക്രമം തടയാൻ പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നെങ്കിലും വടിപ്പോര് ആരംഭിച്ചതോടെ സ്ഥിതി നിയന്ത്രണാതീതമായി. എല്ലാ വര്‍ഷവും വിജയദശമി നാളിലാണ് വടിപ്പോര് സംഘടിപ്പിക്കുന്നത്.
രാത്രി 12 മണിയോടെ മലയോര ക്ഷേത്രത്തിലെ പ്രതിഷ്‌ഠയായ മല്ലേശ്വര സ്വാമിയും മല്ലമ്മയുമായുള്ള പ്രതീകാത്മക വിവാഹം നടത്തും. സ്വർഗ കല്ല്യാണം എന്നാണ് ഈ ചടങ്ങ് അറിയപ്പെടുന്നത്. ചടങ്ങിന് ശേഷം പരിസര പ്രദേശങ്ങളിലേക്ക് പ്രതിഷ്‌ഠകള്‍ ഘോഷയാത്രയായി കൊണ്ടുപോകും.
നിരവധി ഗ്രാമങ്ങളിൽ നിന്നുള്ള ഭക്തരാണ് ഘോഷയാത്രയിൽ പങ്കെടുക്കുന്നത്. കഴിഞ്ഞ ദിവസം വിവിധ ഗ്രാമങ്ങളിൽ നിന്നെത്തിയ ഭക്തർ തമ്മിൽ സംഘങ്ങളുണ്ടാകുകയും വടികളുമായി പരസ്‌പരം ഏറ്റുമുട്ടുകയുമാണുണ്ടായത്. സംഘർഷത്തിൽ പരിക്കേറ്റവർ അഡോണി, ആളൂർ എന്നിവിടങ്ങളിലെ ആശുപത്രികളിൽ ചികിത്സയിലാണ്.
ഉത്സവത്തിന് സിസിടിവി, ഡ്രോൺ ക്യാമറകള്‍ ഉപയോഗിച്ച് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഒരു മാസം മുമ്പ് ബോധവൽക്കരണ പരിപാടികള്‍ നടത്തിയിരുന്നെങ്കിലും ഫലം കണ്ടില്ല. ആന്ധ്രാപ്രദേശിന് പുറമേ കർണാടകയില്‍ നിന്നും നിരവധി പേരാണ് ഉത്സവത്തില്‍ പങ്കെടുക്കാനായി ക്ഷേത്രത്തിലെത്തിയത്.