ന്യൂഡല്‍ഹി : ഇക്കഴിഞ്ഞയിടെ ഉത്തര്‍പ്രദേശടക്കം നാല് സംസ്ഥാനങ്ങളില്‍ ഭരണം പിടിച്ചെങ്കിലും വരുന്ന ജൂലൈയില്‍ നടക്കാനിരിക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വിജയം എളുപ്പമാകില്ല. ചില സഖ്യ കക്ഷികളെ നഷ്ടപ്പെട്ടുവെന്നതും ബിജെപി വിജയിച്ച നാല് സംസ്ഥാനങ്ങളില്‍ 2017നെ അപേക്ഷിച്ച് എംഎല്‍എമാര്‍ കുറവാണെന്നതുമാണ് പ്രതിസന്ധി. രാജ്യസഭ - ലോക്‌സഭ എംപിമാരും സംസ്ഥാന നിയമസഭകളിലെ എംഎല്‍എമാരുമാണ് രാഷ്ട്രപതിയെ തെരഞ്ഞെടുക്കുക. നാമനിര്‍ദേശം ചെയ്യപ്പെട്ട എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും വോട്ടവകാശമില്ല.
എങ്ങനെയാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ് ? : രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്ന ഇലക്ടറല്‍ കോളജില്‍ 4,896 പേരാണ് ഉള്ളത്. 4,120 എംഎല്‍എമാരും 776 പാര്‍ലമെന്‍റ് എംപിമാരും. ലോക്‌സഭയിലേക്കും നിയമസഭയിലേക്കുമുള്ള തെരഞ്ഞെടുപ്പുകള്‍ പോലെ ഒരു വ്യക്തിക്ക് ഒരു വോട്ട് എന്നുള്ള രീതിയല്ല രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍. രാജ്യസഭയിലേയും ലോക്‌സഭയിലേയും ഒരോ എംപിമാരുടേയും വോട്ടിന്‍റെ മൂല്യം 708 ആണ്.
എംഎല്‍എമാരുടെ വോട്ടിന്‍റെ മൂല്യം സംസ്ഥാനങ്ങള്‍ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ജനസംഖ്യയെ അടിസ്ഥാനപ്പെടുത്തിയാണ് ഇത് നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. ജനസംഖ്യ കണക്കാക്കുന്നത് 1971ലെ സെന്‍സെസ് അനുസരിച്ചാണ്. ജനസംഖ്യാ നിയന്ത്രണം നിരുത്സാഹപ്പെടുത്താതിരിക്കാനാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തത്. ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ഉത്തര്‍പ്രദേശില്‍ നിന്നുള്ള എംഎഎല്‍എയുടെ വോട്ടിനാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ മൂല്യം.
രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നതിനുള്ള ഇലക്ടറല്‍ കോളജിലെ എംപിമാരുടേയും എംഎല്‍എമാരുടേയും വോട്ടിന്‍റെ മൊത്തത്തിലുള്ള മൂല്യം 10,98,903ആണ്. നിലവില്‍ എന്‍ഡിഎയ്ക്ക് ഈ സംഖ്യയുടെ അമ്പത് ശതമാനത്തില്‍ കുറവാണ്. വോട്ടെടുപ്പില്‍ സാധുവായ മൊത്തത്തിലുള്ള വോട്ടുകളുടെ മൂല്യത്തിന്‍റെ അമ്പത് ശതമാനത്തിലധികം കിട്ടുന്ന സ്ഥാനാര്‍ഥിയെയാണ് വിജയിയായി പ്രഖ്യാപിക്കുന്നത്.
എന്‍ഡിഎയ്ക്ക് ഇലക്ടറല്‍ കോളജിന്‍റെ അമ്പത് ശതമാനത്തില്‍ അധികമില്ല: എന്‍ഡിഎയുടെ ലോക്‌സഭയിലെ മൊത്തത്തിലുള്ള എംപിമാരുടെ എണ്ണം 337ഉം രാജ്യസഭയില്‍ 144ഉം. ലോക്‌സഭയില്‍ കോണ്‍ഗ്രസിന് 53, ടിഎംസിക്ക് 22, ഡിഎംകെ 24, ശിവസേന 19, എന്‍സിപി അഞ്ച്, വൈഎസ്ആര്‍ കോണ്‍ഗ്രസ് 22, ടിആര്‍എസ് 9 എന്നിങ്ങനെയുമാണ്. മറ്റ് പ്രധാന പ്രതിപക്ഷ പാര്‍ട്ടികളുടെ രാജ്യസഭയിലെ അംഗബലം ഇങ്ങനെ : കോണ്‍ഗ്രസ് 33, ടിഎംസി 13, ഡിഎംകെ 10, സിപിഎം 6, എന്‍സിപി 4, ആര്‍ജെഡി 5, ശിവസേന 3, ടിആര്‍എസ് 6, വൈഎസ്‌ആര്‍സിപി 6.
അടുത്ത ഏതാനും മാസങ്ങള്‍ക്കകം എഴുപതിലധികം രാജ്യസഭ സീറ്റുകളില്‍ ഒഴിവ് വരും. ഇതില്‍ പതിനൊന്നെണ്ണം ഉത്തര്‍പ്രദേശില്‍ നിന്നും ഒരെണ്ണം ഉത്തരാഖണ്ഡില്‍ നിന്നും ആയിരിക്കും. ഈ രണ്ട് സംസ്ഥാനങ്ങളിലും ബിജെപിക്ക് മേല്‍ക്കൈയുണ്ട്.
പഞ്ചാബില്‍ നിന്ന് ഏഴ് രാജ്യ സഭ സീറ്റുകളാണ് അടുത്ത ഏതാനും മാസങ്ങളില്‍ ഒഴിവുവരിക. പഞ്ചാബ് നിയമസഭയില്‍ മൃഗീയ ഭൂരിപക്ഷമുള്ള ആം ആദ്‌മി പാര്‍ട്ടി ഇതില്‍ ആറും സ്വന്തമാക്കും. അങ്ങനെ ആംആദ്‌മിയുടെ രാജ്യസഭയിലെ അംഗബലം മൂന്നില്‍ നിന്ന് ഒമ്പത് അംഗങ്ങളായി വര്‍ധിക്കും.
ഉത്തര്‍പ്രദേശിലെ എന്‍ഡിഎ എംഎല്‍എമാരുടെ അംഗബലം 2017ല്‍ 323ആയിരുന്നത് 2022ല്‍ 273ആയി കുറഞ്ഞു. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ 208ആണ് ഉത്തര്‍പ്രദേശിലെ ഒരു എംഎല്‍എയുടെ വോട്ടിന്‍റെ മൂല്യം. 2017നെ അപേക്ഷിച്ച് അമ്പത് എംഎല്‍എമാര്‍ കുറഞ്ഞ പശ്ചാത്തലത്തില്‍ മൂല്യത്തില്‍ 10,400ന്‍റെ കുറവായിരിക്കും ബിജെപിക്ക് ഉത്തര്‍പ്രദേശില്‍ നിന്ന് ഉണ്ടാവുക. അതേപോലെ ഉത്തരാഖണ്ഡില്‍ ബിജെപിയുടെ എംഎല്‍എമാര്‍ 56ല്‍ നിന്ന് 47 ആയി കുറഞ്ഞു
ഉത്തരാഖണ്ഡില്‍ ഒരു എംഎല്‍എയുടെ വോട്ടിന്‍റെ മൂല്യം 64ആണ്. അപ്പോള്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഉത്തരാഖണ്ഡില്‍ നിന്ന് കുറയാന്‍ പോകുന്നത് 576 വോട്ടുകളാണ്. ഗോവയില്‍ എന്‍ഡിഎ എംഎല്‍എമാരുടെ എണ്ണം 28ല്‍ നിന്ന് 20ആയി കുറഞ്ഞു. ഗോവയില്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഒരു എംഎല്‍എയുടെ വോട്ടിന്‍റെ മൂല്യം 20ആണ്. അങ്ങനെ വരുമ്പോള്‍ 160 വോട്ടാണ് ഗോവയില്‍ ബിജെപിക്ക് കുറയാന്‍ പോകുന്നത്.
ALSO READ: ബജറ്റിലെ ജിഡിപി വളർച്ചാ പ്രവചനങ്ങൾ വിശ്വസനീയമല്ല, വീണ്ടും വിലയിരുത്തണം : പി.ചിദംബരം
മണിപ്പൂരില്‍ എന്‍ഡിഎ എംഎല്‍എമാരുടെ എണ്ണം 36ല്‍ നിന്ന് 32ആയി കുറഞ്ഞു. മണിപ്പൂരിലെ എംഎല്‍എമാരുടെ വോട്ടിന്‍റെ മൂല്യം 18ആണ്. അങ്ങനെ വരുമ്പോള്‍ 72 വോട്ടിന്‍റെ കുറവാണ് മണിപ്പൂരില്‍ നിന്ന് ബിജെപിക്ക് രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഉണ്ടാകാന്‍ പോകുന്നത്. പഞ്ചാബില്‍ 2017ലെ പോലെതന്നെ രണ്ട് എംഎല്‍എമാരാണ് ബിജെപിക്ക് നിലവില്‍ ഉള്ളത്.
എന്‍ഡിഎ ഇതര കക്ഷികളെ കൂടെ ചേര്‍ക്കാന്‍ ബിജെപി ശ്രമം : രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ബിജെപി ശക്തമായ എതിര്‍പ്പാണ്, ശിവസേന, തൃണമൂല്‍ കോണ്‍ഗ്രസ്, ടിആര്‍എസ് , ആംആദ്‌മി പാര്‍ട്ടി എന്നിവയില്‍ നിന്നും നേരിടാന്‍ പോകുന്നത്. ഇലക്ടറല്‍ കോളജ് വോട്ടിന്‍റെ അമ്പത് ശതമാനത്തിലധികം എന്‍ഡിഎയ്ക്ക് ഇല്ല എന്നുള്ളതുകൊണ്ട് തന്നെ തങ്ങളെ അവഗണിക്കാന്‍ ബിജെപിക്ക് ആവില്ലെന്ന് മമത ബാനര്‍ജി ബിജെപിയെ വെല്ലുവിളിച്ചുകഴിഞ്ഞു.
ആന്ധ്രാപ്രദേശിലെ വൈഎസ്ആര്‍ കോണ്‍ഗ്രസ്, ഒഡിഷയിലെ ബിജെഡി തുടങ്ങിയ കക്ഷികളെ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്കൊപ്പം നിര്‍ത്താനായിരിക്കും ബിജെപി നേതൃത്വം ശ്രമിക്കുക. 2017ല്‍ രാംനാഥ് കോവിന്ദ് പ്രതിപക്ഷ സ്ഥാനാര്‍ഥിയായ മീരകുമാറിനെ പരാജയപ്പെടുത്തിയത് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാണ്.
ഉപരാഷ്ട്രപതിയായ വെങ്കയ്യ നായിഡുവിനെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി നിര്‍ത്തുമെന്ന വാര്‍ത്തകള്‍ ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ച് ഉണ്ടാകുന്നുണ്ട്. നിയമസഭ തെരഞ്ഞെടുപ്പുകളിലെ പരാജയം കാരണം ദുര്‍ബലമായ കോണ്‍ഗ്രസ് രാഷ്ട്രപതി സ്ഥാനാര്‍ഥി വിഷയത്തില്‍ പ്രദേശിക പാര്‍ട്ടികളുമായി സമവായത്തില്‍ എത്താനായിരിക്കും ശ്രമിക്കുക.