ന്യൂഡല്‍ഹി: ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ക്കായി കേരളത്തില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കിയതിനെ വിമർശിച്ച് കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിങ്‌വി.
പെരുന്നാള്‍ ആഘോഷങ്ങള്‍ക്കായി കൊവിഡ് നിയന്ത്രണങ്ങള്‍ ഇളവ് നല്‍കിയ കേരള സർക്കാരിന്‍റെ നടപടി തീർത്തും ദൗർഭാഗ്യകരമായിപ്പോയി. കേരള കൊവിഡ് കിടക്കയിലാണെന്ന് മറക്കരുത് എന്നായിരുന്നു മനു അഭിഷേക് സിങ്‌വിയുടെ ട്വീറ്റ്.
കൻവാർ തീർഥാടനം റദ്ദാക്കിയ യുപി സർക്കാര്‍ നടപടിയും സിങ്‌വി ട്വീറ്റില്‍ പ്രതിപാദിച്ചു. കൻവാർ തെറ്റാണെങ്കില്‍ ഈദ് പൊതുവായി ആഘോഷിക്കുന്നതും തെറ്റാണെന്നും സിങ്‌വി ട്വീറ്റില്‍ കൂട്ടിച്ചേർത്തു.
ഞായറാഴ്‌ച മുതല്‍ മൂന്ന് ദിവസമാണ് സംസ്ഥാനത്ത് ലോക്ക്ഡൗണിൽ ഇളവ്. എ, ബി, സി വിഭാഗങ്ങളിൽ ഉള്ള സ്ഥലങ്ങളിൽ എല്ലാ കടകളും ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ തുറക്കാം. തുണിക്കടകൾ, ചെരുപ്പ് കടകൾ, ഇലക്ട്രോണിക്‌സ് കടകൾ, ഫാൻസി കടകൾ, സ്വർണ കടകൾ എന്നിവയ്ക്കും പ്രവര്‍ത്തനാനുമതിയുണ്ട്.
15 ശതമാനത്തിന് മുകളിൽ ടിപിആറുള്ള ഡി വിഭാഗത്തിൽ തിങ്കളാഴ്‌ച ഇളവ് ലഭിക്കും. ട്രിപ്പിൾ ലോക്ക്ഡൗണുള്ള ഈ മേഖലയിൽ തിങ്കളാഴ്‌ച എല്ലാ കടകളും തുറന്നു പ്രവർത്തിക്കാം.