ന്യൂഡൽഹി : ചൈനയുടെ വിപുലീകരണ അജണ്ട ലോകക്രമത്തെ അസ്ഥിരപ്പെടുത്തുകയും അരക്ഷിതാവസ്ഥയ്‌ക്ക് കാരണമാകുകയും ചെയ്യുന്നുവെന്ന് ഇന്ത്യയിലെ ഡെൻമാർക്ക് പ്രതിനിധി ഫ്രെഡി സ്വാൻ. ദക്ഷിണ ചൈന ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ ചൈനയുടെ വിപുലീകരണ നയം പ്രകടമാണ്. ചൈനയുടെ പ്രവർത്തനങ്ങളിൽ യൂറോപ്യൻ യൂണിയനും ഡെൻമാർക്കിനും ആശങ്കയുണ്ട്. വരാനിരിക്കുന്ന ക്വാഡ് ഉച്ചകോടിയിൽ ചൈനയുടെ നയം ചർച്ച ചെയ്യുകയും പ്രസ്‌താവന ഇറക്കുകയും ചെയ്യുമെന്ന് ഫ്രെഡി സ്വാൻ ഇടിവി ഭാരതിനോട് പറഞ്ഞു.
യുക്രൈൻ യുദ്ധത്തിന്‍റെ അനന്തരഫലങ്ങൾ ലോകം മുഴുവൻ : യുക്രൈനിൽ റഷ്യ യുദ്ധം ആരംഭിച്ചതോടെ ലോകത്തെ ഊർജ വിതരണം തടസപ്പെട്ടു. പണപ്പെരുപ്പം ഉച്ഛസ്ഥായിയിലെത്തുകയും ഭക്ഷ്യക്ഷാമം ഉണ്ടാകുകയും ചെയ്യുന്ന അവസ്ഥയാണ് നിലവിൽ. ഡെൻമാർക്ക് പ്രധാനമന്ത്രി തന്‍റെ സ്വാധീനം ഉപയോഗിച്ച് യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കാൻ ഇടപെടണമെന്ന് നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രകോപനമില്ലാതെയാണ് റഷ്യ യുക്രൈന് മേൽ യുദ്ധം ആരംഭിച്ചത്. യുദ്ധത്തിന്‍റെ അനന്തരഫലങ്ങൾ യുക്രൈനിൽ മാത്രമല്ല, ലോകമെമ്പാടും അനുഭവിക്കേണ്ടി വരുമെന്ന് അറിയാമായിരുന്നു. എന്നാൽ അത് ഇത്രത്തോളം ആയിരിക്കുമെന്ന് കരുതിയില്ല എന്നും ഫ്രെഡി സ്വാൻ പറഞ്ഞു.
ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾ അവരുടെ പൗരരെ യുക്രൈനിൽ നിന്നും ഒഴിപ്പിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഒരാൾ ഒഴികെ മറ്റെല്ലാവരെയും സുരക്ഷിതമായി രാജ്യത്തെത്തിക്കാൻ ഇന്ത്യക്ക് സാധിച്ചു. ജർമനിയിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പോകുന്നുണ്ട്. ഉച്ചകോടിയിൽ യുദ്ധത്തെ കുറിച്ച് ചർച്ചകൾ ഉണ്ടാകുമെന്നും ആഗോളതലത്തിൽ സ്ഥിരത കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സ്വാൻ ഇടിവി ഭാരതിനോട് പ്രതികരിച്ചു.
റഷ്യയിലുള്ള ആശ്രിതത്വം കുറയ്ക്കാൻ തീരുമാനം : ഊർജം, ഗ്യാസ്, എണ്ണ എന്നിവയുടെ വിതരണത്തിൽ ഡെൻമാർക്ക് റഷ്യയെ ആശ്രയിച്ചാണ് കഴിയുന്നത്. എന്നാൽ റഷ്യയുടെ ഉത്‌പന്നങ്ങൾ ഉപയോഗിക്കുന്നത് എത്രയും വേഗം നിരോധിക്കാൻ ഡെൻമാർക്ക് സർക്കാർ തീരുമാനമെടുത്തിട്ടുണ്ട്. റഷ്യൻ ഊർജത്തെ ആശ്രയിക്കുന്നത് എങ്ങനെ വെട്ടിക്കുറയ്ക്കാം എന്നതിനെക്കുറിച്ച് യൂറോപ്യൻ യൂണിയനിലും ചർച്ചകൾ നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയുമായി ഡെൻമാർക്കിന് മുൻകാലങ്ങളിൽ വളരെ പരിമിതമായ ബന്ധം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ സ്ഥിതി അതല്ല. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഡെൻമാർക്ക് പ്രധാനമന്ത്രിയും നരേന്ദ്രമോദിയും തമ്മിൽ മൂന്ന് ഉച്ചകോടികൾ നടന്നു. ഇന്ത്യയും ഡെൻമാർക്കും തമ്മിൽ നിരവധി കരാറുകളിൽ ഒപ്പുവച്ചു. യുക്രൈൻ വിഷയത്തിലും ഇരുരാജ്യങ്ങളും തമ്മിൽ തുറന്ന ചർച്ച നടക്കുകയും ഇരുവരും തങ്ങളുടെ നിലപാട് വിശദമാക്കുകയും ചെയ്‌തിട്ടുണ്ട്.
ബിജെപി വളരെ സുസംഘടിത പാർട്ടി : വളരെ മികച്ച സംവിധാനമുള്ള ഒരു സുസംഘടിതമായ പാർട്ടിയാണ് ബിജെപിയെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇന്ത്യയുടെ വലിപ്പം കണക്കിലെടുക്കുമ്പോൾ ബിജെപിക്ക് 108 ദശലക്ഷത്തിലധികം ആളുകളുടെ അംഗത്വമുണ്ട്. തീർച്ചയായും ബിജെപിയാണ് രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയെന്നും അദ്ദേഹം വാദിച്ചു.
ബിജെപി ആസ്ഥാനത്ത് നേതാക്കളുമായി നടന്ന കൂടിക്കാഴ്‌ചയിൽ പാർട്ടിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചിരുന്നു. ആർഎസ്എസിനെ മുസ്ലീം വിരുദ്ധ, ഹിന്ദുത്വ ഗ്രൂപ്പായി വിശേഷിപ്പിക്കുന്നതിനെ കുറിച്ച് താൻ ചോദിച്ചപ്പോൾ ആർഎസ്എസ് ഒരു സാമൂഹിക-സാംസ്കാരിക സംഘടനയാണെന്നും അത് ഇന്ത്യക്കാരുടെ സംസ്കാരവും പാരമ്പര്യവും മൂല്യങ്ങളും നിലനിർത്താൻ ശ്രമിക്കുന്നുവെന്നും ജെ.പി നദ്ദ മറുപടി നൽകി എന്ന് ഫ്രെഡി വിശദീകരിച്ചു. ന്യൂനപക്ഷ വിഷയങ്ങളിൽ പാർട്ടിയുടെ നിലപാടിനെക്കുറിച്ച് രാജ്യസഭാംഗമായ സയ്യിദ് സഫർ ഇസ്ലാം വിശദീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.