ലഖ്‌നൗ: ഉത്തര്‍പ്രദേശ് പ്രയാഗ്‌രാജിലെ സ്വകാര്യ ആശുപത്രിയില്‍ പ്ലേറ്റ്‌ലെറ്റിന് പകരം ജ്യൂസ് കുത്തിവച്ചതിനെ തുടര്‍ന്ന് ഡെങ്കിപ്പനി ബാധിതന്‍ മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ നടപടിയുമായി ജില്ല ഭരണകൂടം. ഉത്തര്‍പ്രദേശ് സ്വദേശിയായ പ്രദീപ് പാണ്ഡെയാണ് (32) ബുധനാഴ്‌ച മരിച്ചത്. സംഭവത്തെ തുടര്‍ന്ന് ജില്ല ഭരണകൂടം വ്യാഴാഴ്‌ച്ച (ഒക്‌ടോബര്‍ 20) ആശുപത്രി പൂട്ടി സീല്‍ ചെയ്തു.
ആശുപത്രിയുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്‌ചയുണ്ടായതായാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക്കിന്‍റെ നിർദേശ പ്രകാരമാണ് ആശുപത്രിക്ക് എതിരെ നടപടിയെടുത്തത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുന്നതിന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചെയ്തു.
പനി ബാധിച്ചതിനെ തുടര്‍ന്ന് ഒക്‌ടോബര്‍ 17നാണ് പ്രദീപ് പാണ്ഡെയെ പ്രയാഗ്‌രാജിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് രോഗിയുടെ പ്ലേറ്റ്‌ലെറ്റുകളുടെ അളവ് 17,000 ആയി കുറഞ്ഞെന്നും ഇത് ക്രമീകരിക്കുന്നതിനായി രോഗിക്ക് പ്ലേറ്റ്‌ലെറ്റുകള്‍ നല്‍കണമെന്നും ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടത്.
ഇതേ തുടര്‍ന്ന് പ്രയാഗ്‌രാജിലെ മറ്റൊരു സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും കുടുംബം അഞ്ച് യൂണിറ്റ് പ്ലേറ്റ്‌ലെറ്റുകള്‍ എത്തിക്കുകയായിരുന്നു. ഇതില്‍ നിന്ന് മൂന്ന് യൂണിറ്റ് രോഗിക്ക് കുത്തിവച്ചു. ഇതോടെ രോഗിയുടെ ആരോഗ്യ നില വഷളാവുകയും ഉടന്‍ തന്നെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്‌തു. അവിടെ വച്ച് പാണ്ഡെ മരിക്കുകയായിരുന്നു.
ഈ സ്വകാര്യ ആശുപത്രിയിലെ ഡോക്‌ടര്‍മാരാണ് പരിശോധനക്ക് ശേഷം പ്ലേറ്റ്‌ലെറ്റ് ബാഗ് വ്യാജമാണെന്നും രാസ വസ്‌തുക്കളും പഴച്ചാറും ഇതില്‍ അടങ്ങിയിട്ടുണ്ടെന്നും കണ്ടെത്തിയത്. സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്ക് വീഴ്‌ചയുണ്ടായിട്ടുണ്ടെന്നാണ് കുടുംബത്തിന്‍റെ ആരോപണം. അതേസമയം തങ്ങള്‍ക്ക് പ്ലേറ്റ്‌ലെറ്റുകള്‍ എത്തിച്ച് നല്‍കിയത് രോഗിയുടെ കുടുംബമാണെന്നും അവര്‍ എത്തിച്ച് നല്‍കിയ പ്ലേറ്റ്‌ലെറ്റുകളാണ് രോഗിക്ക് കുത്തിവച്ചതെന്നും തങ്ങളുടെ ഭാഗത്ത് നിന്ന് വീഴ്‌ചകളുണ്ടായിട്ടില്ലെന്നുമാണ് ആശുപത്രി അധികൃതരുടെ വാദം.
മാത്രമല്ല പ്ലേറ്റ്‌ലെറ്റ് ബാഗില്‍ അത് വാങ്ങിയ ആശുപത്രിയുടെ സ്റ്റിക്കര്‍ ഉണ്ടെന്ന് ആശുപത്രി ഉടമ സൗരഭ് മിശ്ര പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും പ്ലേറ്റ്‌ലെറ്റുകള്‍ വിശദമായ പരിശോധനക്ക് വിധേയമാക്കുമെന്നും ജില്ല മജിസ്‌ട്രേറ്റ് സഞ്ജയ് കുമാർ ഖത്രി പറഞ്ഞു.