ജോഷിമഠ് : വിചിത്രമായ ഭൗമപ്രതിഭാസം മൂലമുണ്ടായ വിള്ളലിനെ തുടര്‍ന്ന് കേടുപാടുകള്‍ സംഭവിച്ച ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ പ്രവര്‍ത്തിച്ചിരുന്ന രണ്ട് ഹോട്ടലുകള്‍ പൊളിച്ചുമാറ്റുവാനുള്ള നീക്കം ആരംഭിച്ചു. മലാരി ഇന്‍, മൗണ്ട് വ്യൂ തുടങ്ങിയ ഹോട്ടലുകളാണ് വ്യാപകമായ കേടുപാടുകള്‍ സംഭവിച്ചതിനെ തുടര്‍ന്ന് പൊളിച്ചുമാറ്റുന്നത്. അതേസമയം ശക്തമായ തണുപ്പും മഴയും മൂലം രാത്രി കാല പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചിരിക്കുകയാണെന്ന് സംസ്ഥാന ദുരന്ത നിവാരണ സേനയുടെ ഡെപ്യൂട്ടി കമാന്‍ഡന്‍റ് മിഥിലേശ് സിങ് പറഞ്ഞു.
സെൻട്രൽ ബിൽഡിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സിബിആർഐ) റൂർക്കിയുടെ മേൽനോട്ടത്തിൽ സംസ്ഥാന, കേന്ദ്ര ദുരന്തനിവാരണ സേനകള്‍, പിഡബ്ല്യുഡി എന്നിവരുടെ മേല്‍നോട്ടത്തിലാണ് ഹോട്ടൽ പൊളിച്ചുനീക്കുവാനുള്ള ശ്രമം നടക്കുന്നത്. ആദ്യ ദിനമായ ഇന്ന് ഹോട്ടലിന്‍റെ മേല്‍ക്കൂരയാണ് നീക്കം ചെയ്യാന്‍ ആരംഭിച്ചത്. വാട്ടര്‍ ടാങ്കുകള്‍ നീക്കി മേല്‍ക്കൂര ഗ്യാസ് കട്ടര്‍ കൊണ്ട് തകര്‍ക്കുകയും ഇരുമ്പ് കമ്പികള്‍ നീക്കം ചെയ്യുകയും ചെയ്‌തു.
ഘട്ടം ഘട്ടമായാണ് ഹോട്ടല്‍ പൊളിച്ചുമാറ്റുക. ജീവഹാനി സംഭവിക്കാതിരിക്കാതിരിക്കുവാനുള്ള എല്ലാ നടപടികളും സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു. നിര്‍മാണത്തിലെ അപാകതകള്‍ മൂലം വിള്ളലുകള്‍ വീണതിനെ തുടര്‍ന്ന് ഹോട്ടല്‍ പിന്നിലേയ്‌ക്ക് ചരിഞ്ഞത് പ്രദേശത്ത് ഭീതി പടരുവാന്‍ കാരണമായി.
ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ജോഷിമഠില്‍ ക്യാമ്പ് ചെയ്‌തിരിക്കുകയാണ്. സ്ഥലത്തെ സ്ഥിതി ഗതികള്‍ വിലയിരുത്തുന്നതിനായി വിവിധ സേന മേധാവികളുമായും ശാസ്‌ത്രജ്ഞരുമായും മുഖ്യമന്ത്രി ഇന്ന് രാവിലെ കൂടിക്കാഴ്‌ച നടത്തി. സ്ഥലത്തെ സാഹചര്യത്തെക്കുറിച്ച് വിലയിരുത്തുന്നതിനായി കേന്ദ്ര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം ചേര്‍ന്നിരുന്നു.
ദുരിതബാധിതരായവരെ മാറ്റി പാര്‍പ്പിക്കുകയും അവര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്‌ത ജില്ല ഭരണകൂടത്തെ അമിത് ഷാ പ്രശംസിച്ചു. ദുരിതബാധിതരായ കുടുംബങ്ങള്‍ക്ക് 45 കോടി രൂപയുടെ ധനസഹായം നല്‍കുന്ന പാക്കേജ് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു.