ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവരെ 40 ഡെല്‍റ്റ പ്ലസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി സര്‍ക്കാര്‍ വൃത്തങ്ങള്‍. മഹാരാഷ്ട്ര, മധ്യപ്രദേശ്, കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് കൂടുതല്‍ കേസുകള്‍.
കൊവിഡിന്‍റെ ഡെൽറ്റ പ്ലസ് വകഭേദം അതീവ അപകടകാരിയെന്നും ആശങ്കയുണ്ടാക്കുന്നതാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. ഡെല്‍റ്റ പ്ലസ് റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും കേന്ദ്രം നിർദേശിച്ചു.
ഡെൽറ്റ പ്ലസ് റിപ്പോർട്ട് ചെയ്യപ്പെട്ട ജില്ലകളിൽ പ്രതിരോധ നടപടികൾ, പരിശോധന, വാക്‌സിനേഷൻ എന്നിവ വേഗത്തിലാക്കാനും ആരോഗ്യ മന്ത്രാലയം നിർദേശിച്ചു. ഇതു സംബന്ധിച്ച ഉത്തരവും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്.
മധ്യപ്രദേശിലെ ഭോപ്പാലിലാണ് ഇന്ത്യയില്‍ ആദ്യമായി ഡെൽറ്റ പ്ലസ് വകഭേദം റിപ്പോര്‍ട്ട് ചെയ്തത്. പിന്നാലെ മധ്യപ്രദേശില്‍ നാലുപേരിലും മഹാരാഷ്ട്രയില്‍ 21 പേരിലും സ്ഥിരീകരിച്ചു. കേരളത്തില്‍ പാലക്കാട്, പത്തനംതിട്ട ജില്ലകളിലായി മൂന്ന് ഡെല്‍റ്റ പ്ലസ് കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ALSO READ: കൊവിഡ് ഡെൽറ്റ പ്ലസ് അപകടകാരി; കേരളത്തിനടക്കം മുന്നറിയിപ്പ്
ഡെൽറ്റ പ്ലസ് ആശങ്കയുണ്ടാക്കുന്ന വകഭേദമാണെന്നും ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ മറികടക്കാനും ആന്‍റിബോഡികളെ ചെറുക്കാനും ശേഷിയുള്ളതാണെന്നും വിദഗ്‌ദര്‍ പറയുന്നു. വാക്സിന്‍ എടുത്തവരില്‍ രോഗം വന്നിട്ടുള്ളതായി റിപ്പോര്‍ട്ട് ഉണ്ടെങ്കിലും വാക്സിന്‍റെ പ്രതിരോധ ശേഷിയെ മറികടന്നിട്ടില്ലെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.