ബെംഗളൂരു : സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും വൈറസിന്‍റെ പുതിയ വകഭേദങ്ങൾ കർണാടകയിൽ ആശങ്ക ഉയർത്തുന്നു. അടുത്തിടെയാണ് മൈസുരുവിൽ 'ഡെൽറ്റ പ്ലസ്' വകഭേദം കണ്ടെത്തിയത്.
മഹാരാഷ്‌ട്രയിലും സമാന കേസ് രേഖപ്പെടുത്തിയിരുന്നു. ബെംഗളൂരു നാഷണൽ സെന്‍റർ ഫോർ ബയോളജിക്കൽ സയൻസ് നടത്തിയ ജീനോമിക് സീക്വൻസിങിനെ തുടർന്നാണ് ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയത്.
ഈ വൈറസിന് ഉയർന്ന സംക്രമണ നിരക്ക് ഉള്ളതായും വ്യാപനത്തിന്‍റെ തീവ്രത കൂടുതലാണെന്നുമാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.അതേസമയം ഡെൽറ്റ പ്ലസ് വകഭേദം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ലെന്നാണ് മൈസൂരു ജില്ല കലക്‌ടർ ഡോ. ബഗടി ഗൗതം അറിയിച്ചത്.
Also Read: മഹാരാഷ്‌ട്രയില്‍ 21 പേരില്‍ കൊവിഡിന്‍റെ ഡെല്‍റ്റ വകഭേദം
ഇതുമായി ബന്ധപ്പെട്ട് 40 സാമ്പിളുകൾ മൈസൂരു മെഡിക്കൽ കോളജും റിസർച്ച് സെന്‍ററും ബെംഗളൂരുവിലെ നിംഹാൻസ് ആശുപത്രിയിലേക്ക് അയച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊവിഡ് കേസുകളുടെ എണ്ണം കുറയുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് അൺലോക്ക് നടപടികൾ ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. അതേസമയം മൈസൂരുവിൽ ലോക്ക്ഡൗൺ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.