ന്യൂഡൽഹി: രാജ്യ തലസ്ഥാനത്തെ കൊവിഡ് കേസുകളും മരണങ്ങളും ഗണ്യമായ തോതിൽ വർധിക്കുന്ന സാഹചര്യത്തിൽ 500 ഓക്സിജൻ കിടക്കകളോടെ ഐടിബിപിയുടെ നേതൃത്വത്തിലുള്ള സർദാർ പട്ടേൽ കൊവിഡ് കെയർ സെന്‍റർ ഇന്ന് പ്രവർത്തനം ആരംഭിച്ചതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. അടുത്ത ദിവസങ്ങളിലായി 200 ഐസിയു കിടക്കകൾ കൂടി കൊവിഡ് കെയർ സെന്‍ററിൽ ഉൾപ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഡോക്ടർമാരെയും മെഡിക്കൽ സ്റ്റാഫുകളേയും കൊവിഡ് കെയർ സെന്‍ററിലേക്ക് നിയമിച്ചതിന് കേന്ദ്ര സർക്കാരിനോട് മുഖ്യമന്ത്രി നന്ദി അറിയിച്ചു. പ്രവർത്തനം ആരംഭിച്ച് രാവിലെ 10 മണിയോടെ കൊവിഡ് സെന്‍ററിൽ ആദ്യ രോഗി എത്തി.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് രാജ്യത്തെ കൊവിഡ് കേസുകളിൽ 74.5 ശതമാനം റിപ്പോർട്ട് ചെയ്യുന്ന പത്ത് സംസ്ഥാനങ്ങളിൽ ഒന്നാണ് ഡൽഹി. തിങ്കളാഴ്ച 22,933 പുതിയ കൊവിഡ് കേസുകളും 350 മരണങ്ങളുമാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്തത്.