ന്യൂഡൽഹി: വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ അമൻ വിഹാറിൽ മയക്കുമരുന്ന് ഉപയോഗം ചോദ്യം ചെയ്‌ത യുവതിയെ (28) പങ്കാളി തീ കൊളുത്തി. പൊള്ളലേറ്റ യുവതിക്ക് ദിവസങ്ങൾക്ക് ശേഷം ആശുപത്രിയിൽ ദാരുണാന്ത്യം. ഫെബ്രുവരി 10 നാണ് വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ബൽബീർ വിഹാറിലെ താമസക്കാരിയും ചെരുപ്പ് ഫാക്‌ടറി തൊഴിലാളിയുമായ യുവതിക്ക് പങ്കാളി മോഹിത്തിന്‍റെ ആക്രമണത്തിൽ പൊള്ളലേൽക്കുന്നത്.
ഫെബ്രുവരി 10ന് രാത്രി സുഹൃത്തിനൊപ്പം മോഹിത് മയക്കുമരുന്ന് കഴിക്കുന്നത് യുവതി എതിർത്തതോടെയാണ് വഴക്ക് ആരംഭിച്ചത്. പ്രതികൾ ടാർപിൻ ഓയിൽ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പൊള്ളലേറ്റ യുവതിയെ ആദ്യം സമീപത്തുള്ള എസ്‌ജിഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യനില വഷളായതോടെ ചികിത്സയ്ക്കായി സഫ്‌ദർജംഗ് ആശുപത്രിയിലേക്കും പിന്നീട് എയിംസ് ട്രോമ സെന്‍ററിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആക്രമണത്തിനിരയായ യുവതി ഭർത്താവിനെ ഉപേക്ഷിച്ച് കഴിഞ്ഞ ആറ് വർഷമായി പ്രതിയായ മോഹിത് എന്നയാളുടെ കൂടെയാണ് താമസിക്കുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു. യുവതിക്ക് ആദ്യ വിവാഹത്തിൽ ഒരു കുട്ടിയും മോഹിത്തുമായുള്ള ബന്ധത്തിൽ മറ്റൊരു കുട്ടിയുമുണ്ട്.
യുവതിയുടെ നില ഗുരുതരമായതിനാൽ മൊഴി രേഖപ്പെടുത്താൻ പൊലീസിന് സാധിച്ചിരുന്നില്ല. തിങ്കളാഴ്‌ച ആശുപത്രിയിൽ വച്ച് യുവതി മരിച്ചതായും പോസ്‌റ്റ്‌മോർട്ടം നടത്തിയതായും, യുവതിയുടെ വീട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അമൻ വിഹാർ പൊലീസ് സ്‌റ്റേഷനിൽ കൊലക്കുറ്റത്തിന് പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് മാധ്യമങ്ങളെ അറിയിച്ചു. മോഹിത് പൊലീസ് കസ്റ്റഡിയിലാണ്.