ന്യൂഡൽഹി: കേന്ദ്ര സർക്കാർ പുറത്തിറക്കിയ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധവുമായി എത്തിയ കർഷകരെ സ്വാഗതം ചെയ്‌ത് ഡൽഹി. ജല പീരങ്കി, ഗ്രനേഡ് തുടങ്ങി നിരവധി തടസങ്ങളെ നേരിട്ട് പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ള കർഷകരാണ് രാജ്യതലസ്ഥാനത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
ജന്തർ മന്തറിൽ പ്രതിഷേധിക്കാൽ അനുവാദം ചോദിച്ചിരുന്നെങ്കിലും ഡൽഹിയിലുള്ള നിരങ്കരി സമാഗം മൈതാനത്ത് പ്രതിഷേധിക്കാനാണ് കർഷകർക്ക് അനുവാദം നൽകിയിരിക്കുന്നത്. ഇതിന്‍റെ ഭാഗമായി തിക്രി അതിർത്തി കർഷകർക്കായി തുറന്നു കൊടുക്കുകയും ചെയ്‌തു. കാർഷിക നിയമങ്ങൾ പിൻവലിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നാണ് കർഷകരുടെ നിലപാട്.
അതേ സമയം ഡല്‍ഹി ചലോ മാർച്ച് സ്വാഗതം ചെയ്‌ത ഡൽഹി സർക്കാർ കർഷകർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് അറിയിച്ചു. അതോടൊപ്പം സമാധാനപരമായി പ്രതിഷേധം നടത്താൻ ഡല്‍ഹി പൊലീസ് കർഷകരോട് അഭ്യർഥിക്കുകയും ചെയ്‌തു.