ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ ഡൽഹിയിൽ 4,482 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഏപ്രിൽ അഞ്ചിന് ശേഷം റിപ്പോർട്ട് ചെയ്ത ഏറ്റവും കുറഞ്ഞ കണക്കാണിത്. ഏപ്രിൽ അഞ്ചിന് 3,548 കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും കുറവ്. ടെസ്റ്റ് പോസിറ്റിവിറ്റി 6.89 ശതമാനമായി കുറഞ്ഞു. മെയ് 16ന് 10.40 ശതമാനമായിരുന്നു. വൈറസ് ബാധിച്ച് 265 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ കൊവിഡ് മരണം 22,111 ആയി ഉയർന്നു. ആരോഗ്യവകുപ്പിന്‍റെ കണക്കനുസരിച്ച് ഡൽഹിയിൽ 14,02,873 കൊവിഡ് ബാധിതരാണ് നിലവിലുള്ളത്. ഡൽഹിയിലെ സജീവ രോഗബാധിതരുടെ എണ്ണം 50,863 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 9,403 പേർക്ക് കൂടി രോഗം ഭേദമായി. ഇതോടെ ഇതുവരെ രോഗം ഭേദമായത് 13,29,899 പേർക്കാണ്.
Also Read: ഡൽഹിയിലെ ലോക്ക് ഡൗൺ; പ്രതിസന്ധിയിൽ അതിഥി തൊഴിലാളികൾ
രാജ്യതലസ്ഥാനത്ത് മെയ് 17ന് 4,524 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 340 മരണങ്ങളും റിപ്പോർട്ട് ചെയ്തു. മെയ് 16ന് 6,456 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 262 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 65,004 സാമ്പിളുകൾ പരിശോധന നടത്തിയതോടെ ഇതുവരെ പരിശോധിച്ചത് 1,84,07,486 സാമ്പിളുകളാണ്. 43,915 സാമ്പിളുകൾ ആർടി പിസിആർ പരിശോധനയും 21,089 സാമ്പിളുകൾ റാപിഡ് പരിശോധനയും നടത്തി. റിക്കവറി 94.79 ശതമാനമായി ഉയർന്നു. അതേസമയം രാജ്യത്ത് 2,63,533 പേർക്ക് കൂടി രോഗം സ്ഥിരീകരിക്കുകയും 4,329 പേർ വൈറസ് ബാധിച്ച് മരിക്കുകയും ചെയ്തു.