ന്യൂഡല്‍ഹി: കൊവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ ദേശീയ തലസ്ഥാനം തയ്യാറെടുക്കുകയാണെന്നും പ്രതിദിനം 30,000 കേസുകൾ കൈകാര്യം ചെയ്യുന്നതിനായി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിക്കൊണ്ടിരിക്കുകയാണെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. ജിടിബി ആശുപത്രിക്ക് സമീപമുള്ള താൽക്കാലിക കൊവിഡ് കെയർ സെന്‍റര്‍ സന്ദർശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു ദിവസം പരമാവധി 28,000 കേസുകൾ ഡല്‍ഹിയിൽ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിനായി അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ ശ്രമിക്കുകയാണ്. അടുത്ത തരംഗത്തിൽ പ്രതിദിനം 30,000 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നാണ് കണക്കാക്കുന്നതെന്നും ഇതിനെ ചെറുക്കാനായി തയ്യാറെടുപ്പുകള്‍ നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Read More……. ഡല്‍ഹിയില്‍ മെയ് 17 വരെ ലോക്ക്ഡൗണ്‍ നീട്ടി: മെട്രോ സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു
കൊവിഡ് കേസുകൾ തടയുന്നതിൽ വാക്സിൻ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. വലിയ തോതിൽ ആളുകൾക്ക് വാക്സിനേഷൻ നൽകിയാൽ മൂന്നാം തരംഗത്തെ തടയാൻ കഴിയും. പക്ഷേ വാക്സിൻ വിതരണം ഒരു പ്രശ്നമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമുള്ളത്ര വാക്സിന്‍ ഡല്‍ഹിയില്‍ സ്റ്റോക്ക് ഇല്ല. കമ്പനികള്‍ക്ക് ഓർഡറുകൾ നൽകിയിട്ടുണ്ട്. വാക്സിനുകൾ നൽകണമെന്ന് കേന്ദ്രത്തോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും ഡല്‍ഹി മുഖ്യമന്ത്രി പറഞ്ഞു.
ദേശീയ തലസ്ഥാനത്തേക്ക് കൂടുതല്‍ വാക്സിൻ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെജ്‌രിവാൾ നേരത്തെ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധന് കത്തെഴുതിയിട്ടുണ്ട്. സർക്കാരുകൾക്കും സ്വകാര്യ ആശുപത്രികൾക്കും നൽകുന്ന വാക്സിനുകൾക്ക് ഏകീകൃത വില നിശ്ചയിക്കണമെന്നും കത്തിൽ കെജ്‌രിവാൾ അഭ്യർത്ഥിച്ചു.
യൂണിവേഴ്സൽ ഇമ്മ്യൂണൈസേഷൻ പ്രോഗ്രാം നടപ്പാക്കണമെന്നും അദ്ദേഹം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഭാരത് ബയോടെക് എന്നിവരോട് ഡല്‍ഹിയിലേക്കുള്ള പ്രതിമാസ വിതരണം മെയ് മുതൽ ജൂലൈ വരെ 60 ലക്ഷം ഡോസായി ഉയർത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ഔദ്യോഗിക കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ ദേശീയ തലസ്ഥാനത്ത് 12,651 പുതിയ കൊവിഡ് കേസുകളും 319 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.