ന്യൂഡൽഹി: ബ്ലാക്ക് ഫംഗസ് ചികിത്സക്കുപയോഗിക്കുന്ന ആംഫോട്ടെറിസിൻ-ബി കരിഞ്ചന്തയിൽ വിറ്റ ഡോക്ടർ അടക്കമുള്ള 10 പേരടങ്ങുന്ന സംഘത്തെ ഡൽഹി പൊലീസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് ഡിയോറിയ സ്വദേശി അൽത്മാസ് ഹുസൈൻ ആണ് അറസ്റ്റിലായ ഡോക്ടർ. ആംഫോട്ടെറിസിൻ-ബിയുടെ കാലഹരണപ്പെട്ട 300 മരുന്നുകൾ വാങ്ങി പിപ്പെരാസിലിൻ, ടാസോബാക്ടം മരുന്നുകളായി വീണ്ടും പാക്ക് ചെയ്ത് വിൽക്കുകയായിരുന്നു ഡോക്ടർ അൽത്മാസ് ഹുസൈൻ.
തുടർന്ന് നിസാമുദ്ദീനിലെ ഒരു വീട്ടിൽ നിന്നും ബ്ലാക്ക് ഫംഗസിനെതിരെയുള്ള കുത്തിവയ്പ്പിന് ഉപയോഗിക്കുന്ന മരുന്നുകളുടെ 3000 കുപ്പികൾ കണ്ടെടുത്തതായും ഇവ വ്യാജമാണോയെന്ന് അന്വേഷിച്ച് വരുന്നതായും ഡൽഹി ക്രൈം ഡിസിപി മോണിക്ക ഭരദ്വാജ് പറഞ്ഞു.
Also Read: ആശുപത്രിവാസത്തിന് ശേഷം കൊവിഡ് രോഗികൾ അറിയേണ്ടതെല്ലാം
ഡൽഹി ക്രൈംബ്രാഞ്ചിന്‍റെ ഡ്രഗ് കൺട്രോളർ അടങ്ങുന്ന സംഘം ഒരുക്കിയ കെണിയിൽ ജാമിയ മെട്രോ സ്റ്റേഷൻ പരിധിയിൽ മരുന്നുകൾ വിൽക്കാൻ വന്ന വസീം ഖാൻ എന്ന വ്യക്തി കുടുങ്ങുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ മായങ്ക് താലൂജ എന്ന വ്യക്തിയുടെ നിർദ്ദേശ പ്രകാരം താൻ ലിപ്പോസോമൽ ആംഫോട്ടെറിസിൻ-ബി മരുന്ന് വിൽക്കാൻ വന്നതാണെന്ന് വസീം ഖാൻ വെളിപ്പെടുത്തി. അൽ ഖിദ്മത് മെഡിക്കൽ സ്റ്റോറിൽ ജോലി ചെയ്തിരുന്ന ഫൈസൽ യാസിൻ എന്ന വ്യക്തിയിൽ നിന്നാണ് മായങ്ക് താലൂജ മരുന്നുകൾ വാങ്ങിയിരുന്നത്. തുടർന്ന് മെഡിക്കൽ സ്റ്റോറിൽ നടത്തിയ റെയ്ഡിൽ ലിപ്പോസോമൽ ആംഫോട്ടെറിസിൻ-ബി യുടെ 10 കുപ്പികൾ കണ്ടെടുത്തു. കണ്ടെടുത്ത മരുന്നുകൾ മയക്കുമരുന്ന് വകുപ്പ് ഇൻസ്പെക്ടറുടെ പരിശോധനക്കായി അയച്ചു.