ന്യൂഡൽഹി : തിങ്കളാഴ്‌ച(13.06.2022) എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് (ഇഡി) ഓഫിസിലേക്ക് കോൺഗ്രസ് നേതാക്കളുടെ റാലി അനുവദിക്കാനാവില്ലെന്ന് ഡൽഹി പൊലീസ്. ക്രമസമാധാന പ്രശ്‌നങ്ങൾ ഉൾപ്പടെയുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. നാഷണൽ ഹെറാൾഡ് കേസില്‍ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തിങ്കളാഴ്‌ച ഇഡി ഓഫിസിൽ ഹാജരാകാനിരിക്കെ മാർച്ച് നടത്താനായിരുന്നു പാർട്ടി തീരുമാനം.
എഐസിസി ആസ്ഥാനത്ത് നിന്ന് ഇഡി ഓഫിസായ പരിയാവരൺ ഭവനിലേക്കാണ് കോൺഗ്രസ് റാലി സംഘടിപ്പിക്കാൻ തീരുമാനിച്ചത്. റാലി നയിച്ചുകൊണ്ട് രാഹുല്‍ മൊഴി കൊടുക്കലിന് എത്തുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചിരുന്നത്. സാമുദായിക സംഘര്‍ഷങ്ങള്‍ അരങ്ങേറിയ ഡൽഹിയിലെ നിലവിലെ സാഹചര്യവും വിവിഐപികളുടെ യാത്രകളുമെല്ലാം കണക്കിലെടുത്ത് പ്രസ്‌തുത റാലി അനുവദിക്കാനാവില്ലെന്ന് ഡെപ്യൂട്ടി കമ്മിഷണർ അമൃത ഗുഗുലോത്ത് കോൺഗ്രസ് നേതാക്കള്‍ക്ക് ഞായറാഴ്‌ച(12.06.2022) കത്തയയ്ക്കുകയായിരുന്നു.
ജൂൺ23 ന് പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയോടും ഇഡി ഓഫിസിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.