ന്യൂഡൽഹി: വിവിധ ആപ്പുകൾ വഴി സാമ്പത്തിക തട്ടിപ്പ് നടത്തിയ ചൈനീസ് സംഘം അറസ്‌റ്റിലായതായി പൊലീസ്. രണ്ട് ചാർട്ടേഡ് അക്കൗണ്ടന്‍റുമാർ ഉൾപ്പെടെ 11 പേരാണ് അറസ്‌റ്റിലായത്. ഡൽഹി നിവാസികളായ ഉമാകാന്ത് ആകാശ് ജോയ്‌സ്, വേദ് ചന്ദ്ര, ഹരി ഓം, അഭിഷേക് മൻസാരമണി എന്നീ നാലു പേരും ചൈനീസ് തട്ടിപ്പുകാർക്ക് വ്യാജ കമ്പനികളും ബാങ്ക് അക്കൗണ്ടുകളും നൽകി സഹായിച്ച സാഷി ബൻസൽ, മിത്‌ലേഷ് ശർമ എന്നിവരും അറസ്‌റ്റ് ചെയ്‌തവരിൽ ഉൾപ്പെടുന്നു.
തട്ടിപ്പിനായി ആപ്പുകൾ
മൾട്ടി ലെവൽ മാർക്കറ്റിങ് എന്ന രീതി ഉപയോഗിച്ചാണ് ചൈനീസ് സംഘം ഇവർ തട്ടിപ്പ് നടത്തിയിരുന്നത്. അഞ്ച് ലക്ഷം ഇന്ത്യക്കാരിൽ നിന്ന് 150 കോടി രൂപയാണ് ഇവർ തട്ടിയെടുത്തത്. ഇതിൽ 11 കോടിയിലധികം രൂപ ബാങ്കുകളിൽ മരവിപ്പിക്കുകയും 97 ലക്ഷം രൂപ കണ്ടെടുക്കുകയും ചെയ്‌തതായി പൊലീസ് അറിയിച്ചു. വാട്ട്‌സ് ആപ്പ്, ടെലിഗ്രാം തുടങ്ങിയ ആപ്ലിക്കേഷനുകളിലൂടെ ഈ സംഘം തട്ടിപ്പിനിരയായവരെ ബന്ധപ്പെടുകയും തുടർന്ന് അവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ച് പണം തട്ടിയെടുക്കുകയുമായിരുന്നു. ഫോൺ വിവരങ്ങൾ പരിശോധിച്ചപ്പോൾ അവ പലതും ചൈനയിൽ നിന്നുള്ളതാണെന്ന് കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കി.
പശ്ചിമ ബംഗാൾ, എൻ.സി.ആർ മേഖല, ബെംഗളൂരു, ഒഡീഷ, അസം, സൂറത്ത് തുടങ്ങിയ മേഖലകളിൽ ഇവർക്ക് സഹായത്തിന് ആളുകൾ ഉണ്ടെന്നും പൊലീസ് കണ്ടെത്തി. ടെലിഗ്രാം പോലെയുള്ള ആപ്പുകളിലൂടെയാണ് ഇവരെ റിക്രൂട്ട് ചെയ്യുന്നത്. പ്രതികളിലൊരാളായ റോബിനിൽ നിന്ന് 30 മൊബൈൽ ഫോൺ കണ്ടെത്തിയതായും പൊലീസ് അറിയിച്ചു.
Also Read: സ്വര്‍ണക്കടത്ത് കേസ് : മുഖ്യപ്രതിയുടെ സഹായി അറസ്റ്റില്‍