ന്യൂഡൽഹി: വാട്‌സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്‌ത് പണം തട്ടുന്ന സംഘത്തിലെ പ്രധാനിയായ വിദേശ പൗരന്‍ അറസ്റ്റില്‍. പ്രതിയായ ചിമേലം ഇമ്മാനുവൽ അനിവേതാലു എന്നയാളെ ഡൽഹി പൊലീസ് സൈബർ ക്രൈം യൂണിറ്റിന്‍റെ ഇന്‍റലിജൻസ് വിഭാഗമാണ് വലയിലാക്കിയത്. ഡൽഹി, ബെംഗളൂരു എന്നിവിടങ്ങളിൽനിന്നുള്ള മറ്റ് പ്രതികൾക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചുവരികയായിരുന്നു ഇയാള്‍.
തട്ടിപ്പിനായി നിരവധി ബാങ്ക് അക്കൗണ്ടുകള്‍
ആളുകളുടെ മൊബൈല്‍ ഫോണുകൾ ഹാക്ക് ചെയ്‌ത് വാട്‌സ്‌ആപ്പ് അക്കൗണ്ടുകളുടെ നിയന്ത്രണം കൈവശപ്പെടുത്തും. തുടര്‍ന്ന് ഈ ആപ്ലിക്കേഷനില്‍ സേവ് ചെയ്‌തുവച്ച സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ഫോണ്‍ നമ്പറുകള്‍ ശേഖരിക്കും. ശേഷം, ഇവരുടെ ഫോണ്‍ നമ്പറുകളിലേക്ക് സാമ്പത്തിക സഹായം അഭ്യര്‍ഥിച്ച് മെസേജുകള്‍ അയക്കും. ഇതാണ് തട്ടിപ്പ് സംഘത്തിന്‍റെ പ്രവര്‍ത്തന രീതി.
പണം തട്ടിയെടുക്കാന്‍ പ്രതികൾക്ക് പ്രത്യേക ബാങ്ക് അക്കൗണ്ടുകളും ഉണ്ടായിരുന്നു. അത് ഇരകള്‍ക്ക് നല്‍കിയാണ് പണം കൈക്കലാക്കിയത്. കൂടുതല്‍ ആളുകള്‍ പറ്റിക്കപ്പെട്ടതോടെ പരാതിയെത്തുകയും തുടര്‍ന്ന് ഡൽഹി പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിക്കുകയുമായിരുന്നു. അന്വേഷണത്തിൽ, പ്രതികൾ ആപ്പ്‌ളിക്കേഷനുകളില്‍ മാൽവെയർ ലിങ്കുകൾ രൂപകൽപ്പന ചെയ്തതായി കണ്ടെത്തി.
ALSO READ: മഹാരാഷ്ട്ര മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്‌മുഖ് അറസ്റ്റില്‍
ഇത്തരം വൈറസുകള്‍ ഉള്‍പ്പെടുത്തിയ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നതോടെ ഫോണുകളുടെ നിയന്ത്രണം പൂര്‍ണമായി കൈക്കലാക്കാന്‍ തട്ടിപ്പുകാര്‍ക്ക് കഴിയും. പ്രതിയില്‍ നിന്ന് ഒരു ലാപ്‌ടോപ്പും 15 മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. മറ്റ് പ്രതികളെ പിടികൂടാന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു.