ബെംഗളൂരു : എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രികയായ വൃദ്ധയുടെ മേല്‍ മൂത്രമൊഴിച്ച സംഭവത്തില്‍ പ്രതി ശങ്കര്‍ മിശ്ര (34) പിടിയില്‍. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഇയാളെ ഡൽഹി പൊലീസ് സംഘം വെള്ളിയാഴ്‌ച ബെംഗളൂരുവില്‍ നിന്നാണ് അറസ്റ്റ് ചെയ്‌തത്. അന്വേഷണ സംഘത്തിന്‍റെ കസ്റ്റഡിയിലുള്ള പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
നവംബര്‍ 26 ന് ന്യൂയോര്‍ക്കില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ വച്ചാണ് ഇയാള്‍ സഹയാത്രികയുടെ മേല്‍ മൂത്രമൊഴിച്ചത്. സംഭവത്തില്‍ യാത്രക്കാരിയുമായി സംസാരിച്ചിരുന്നുവെന്നും ഒത്തുതീര്‍പ്പിലെത്തിയതാണെന്നുമാണ് ശങ്കര്‍ മിശ്രയുടെ അഭിഭാഷകര്‍ അവകാശപ്പെട്ടിരുന്നത്. ഇവര്‍ക്ക് 15,000 രൂപ നഷ്‌ടപരിഹാരം നല്‍കിയിരുന്നെന്നും എന്നാല്‍ ഈ തുക ഇവരുടെ മകള്‍ തിരികെ നല്‍കിയെന്നുമാണ് അഭിഭാഷകര്‍ പറയുന്നത്.
അതേസമയം ശങ്കര്‍ മിശ്ര പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം ഇയാളെ പിരിച്ചുവിട്ടു. കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബഹുരാഷ്‌ട്ര ധനകാര്യ സേവനദാതാക്കളായ വെല്‍സ് ഫാര്‍ഗോയുടെ ഇന്ത്യ ചാപ്‌റ്ററിന്‍റെ വൈസ് പ്രസിഡന്‍റായിരുന്നു ശങ്കര്‍ മിശ്ര.