ന്യൂഡൽഹി: അനധികൃത ആയുധ വിതരണവുമായി ബന്ധപ്പെട്ട് രണ്ട് പേരെ ഡൽഹി പൊലീസിന്‍റെ പ്രത്യേക സെൽ യൂണിറ്റ് അറസ്റ്റ് ചെയ്‌തു. പ്രയാഗ്‌രാജ് സ്വദേശി രവി ഖാൻ, ധാർ സ്വദേശി രാഹുൽ സിങ് ഛബ്‌ദ എന്നിവരാണ് അറസ്റ്റിലായത്. ഇവർ ഉത്തർപ്രദേശിലേക്കും ഡൽഹി/എൻസിആറിലേക്കും അനധികൃതമായി ആയുധങ്ങൾ വിതരണം ചെയ്യുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.
ഇതിന്‍റെ അടിസ്ഥാനത്തിൽ ജനുവരി 15ന് മുകുന്ദ്പൂരിൽ നിന്ന് രവി ഖാനെ പിടികൂടി. ഇയാളിൽ നിന്ന് 15 സെമി ഓട്ടോമാറ്റിക് പിസ്റ്റളുകൾ കണ്ടെടുത്തതായി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ (സ്പെഷ്യൽ സെൽ) സഞ്ജീവ് കുമാർ യാദവ് പറഞ്ഞു. രാഹുൽ സിങ് ഛബ്‌ദയിൽ നിന്നാണ് ആയുധങ്ങൾ വാങ്ങിയതെന്ന രവി ഖാന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ ജനുവരി 16ന് ധാറിൽ നിന്ന് ഛബ്‌ദയെ പിടികൂടി. തുടർന്ന് നടത്തിയ റെയ്‌ഡില്‍ 10 അനധികൃത തോക്കുകൾ കണ്ടെടുത്തതായി ഡിസിപി പറഞ്ഞു.
ഛബ്‌ദ ധാറിലേയും സമീപ പ്രദേശങ്ങളിലെയും വിതരണക്കാരിൽ നിന്ന് അനധികൃത പിസ്റ്റളുകൾ വാങ്ങുകയും ഡൽഹി, യുപി, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിലേക്ക് നേരിട്ടോ കൂട്ടാളികൾ മുഖേനയോ വിതരണം ചെയ്യുകയായിരുന്നുവെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കൊലപാതകശ്രമം, ആയുധ നിയമം, ഗുണ്ടാ നിയമം തുടങ്ങി ഉത്തർപ്രദേശിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്‌ത 15 ക്രിമിനൽ കേസുകളിൽ ഛബ്‌ദ പ്രതിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also read: ഹിമാചലില്‍ ദുരിതം വിതച്ച് കനത്ത മഞ്ഞുവീഴ്‌ച; വീഡിയോ