അഹമ്മദാബാദ്: ഗുജറാത്തിൽ മാറ്റം വരുത്തുന്നതിൽ ബിജെപി പരാജയപ്പെട്ടുവെന്ന് ഡൽഹി ഉപമുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ മനീഷ് സിസോദിയ പറഞ്ഞു. ഇടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് സിസോദയയുടെ പ്രതികരണം.
2022 ലെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ആം ആദ്മി പാർട്ടിയും ബിജെപിയും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമാകുമെന്നും മനീഷ് സിസോദിയ പറഞ്ഞു. ഗുജറാത്ത് രാഷ്ട്രീയത്തിൽ ആം ആദ്മി വിപ്ലവം സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗുജറാത്തിൽ ഡൽഹി വികസന മാതൃക പ്രയോഗിക്കാൻ കഴിയില്ലെന്നും അദ്ദേഹം ഇടിവി ഭാരതിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.
ഗുജറാത്തിൽ അധികാരമാറ്റം ഉണ്ടാകും
"ഗുജറാത്തിൽ കഴിഞ്ഞ 28 വർഷമായി ബിജെപി അധികാരത്തിലാണ്. മാറ്റം കൊണ്ടുവരുന്നതിൽ അവർ പരാജയപ്പെട്ടു. ജനങ്ങൾ ഇപ്പോൾ ഒരു മാറ്റം ആഗ്രഹിക്കുന്നു. ഗുജറാത്ത് രാഷ്ട്രീയത്തിൽ മൂന്നാം കക്ഷി ഇല്ലെന്നതും ശരിയാണ്. കാരണം ബിജെപിയുമായി യോജിച്ചാണ് എല്ലാവരും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്", മനീഷ് സിസോദിയ പറഞ്ഞു.
"കോൺഗ്രസിൽ നിന്നുള്ള ചിലർ തെരഞ്ഞെടുപ്പിന് മുമ്പും ചിലർ തെരഞ്ഞെടുപ്പിൽ വിജയിച്ചതിനു ശേഷവും ബിജെപിയിലേക്ക് മാറുന്നു! ആം ആദ്മി പാർട്ടി ഗുജറാത്ത് രാഷ്ട്രീയത്തിലേക്ക് കടന്നതോടെ 2022 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയും ബിജെപിയും തമ്മിൽ നേരിട്ടുള്ള പോരാട്ടമുണ്ടാകും", സിസോദിയ കൂട്ടിച്ചേർത്തു.
'ഭാരതീയ ജഗദാലു പാർട്ടി'
"വികസനം ആഗ്രഹിച്ചാണ് ജനങ്ങൾ ബിജെപിയെ തെരഞ്ഞെടുക്കുന്നത്. എന്നാൽ, ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നതിനുപകരം, ബിജെപി നേതാക്കൾ തമ്മിൽ അടിക്കുകയാണ്. ഡൽഹിയിലും പശ്ചിമ ബംഗാളിലും ബിജെപിയിൽ കലഹം രൂക്ഷമാണ്. പരസ്പരം പോരടിക്കുന്നത് മാത്രമല്ല അവർ ജനങ്ങളെയും ദ്രോഹിക്കുന്നു. വ്യാപാരികളുമായും കർഷകരുമായും വഴക്കിടുകയും ട്വിറ്റർ, ഫേസ്ബുക്ക് എന്നിവയുമായി തർക്കിക്കുകയും ചെയ്യുന്നു" മനീഷ് സിസോദയ പ്രതികരിച്ചു. അതിനാൽ ബിജെപി ഇപ്പോൾ ഭാരതീയ ജനത പാർട്ടിയല്ലെന്നും മറിച്ച് ഭാരതീയ ജഗദാലു (വഴക്കിടുന്ന) പാർട്ടിയായി മാറിയെന്നും സിസോദിയ പറഞ്ഞു.
Also Read: നടൻ മിഥുൻ ചക്രബർത്തിയെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും
"ഗുജറാത്തിന് സ്വന്തമായി വികസന മാതൃക ഉണ്ടാകും. ഞങ്ങൾ തീർച്ചയായും ഗുജറാത്തിലെ ജനങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കുകയും അവർക്ക് നല്ല ഭരണവും നല്ല രാഷ്ട്രീയവും നൽകുകയും ചെയ്യും" , മനീഷ് സിസോദിയ പറഞ്ഞു.