ന്യൂഡൽഹി: കൊവിഡ് രോഗികൾ വൻതോതിൽ വർധിക്കുന്ന സാഹചര്യത്തിൽ ഡൽഹിയിലെ ആശുപത്രികളിൽ ഓക്‌സിജൻ ക്ഷാമം രൂക്ഷം. 58 കൊവിഡ് രോഗികളുള്ള സർ ഗംഗാ റാം ആശുപത്രിയിൽ അഞ്ച് മണിക്കൂർ ഉപയോഗിക്കാനുള്ള ഓക്‌സിജൻ മാത്രമേ ശേഷിക്കുന്നുള്ളൂ. ഇവരിൽ പത്തുപേർ തീവ്ര പരിചരണ വിഭാഗത്തിലുള്ളവരാണ്. 35ഓളം പേർ ഇനിയും ആശുപത്രി പ്രവേശനത്തിനായി കാത്തിരിക്കുകയാണ്. അതേസമയം 300 കൊവിഡ് രോഗികളുള്ള സെന്‍റ് സ്റ്റീഫൻസ് ആശുപത്രിയിൽ 2 മണിക്കൂർ ഓക്‌സിജൻ മാത്രമേ ശേഷിക്കുന്നുള്ളൂ.
Also Read: ഓക്‌സിജൻ ക്ഷാമം : ഗുജറാത്തില്‍ 10 കൊവിഡ് രോഗികൾ മരിച്ചു
ഓക്‌സിജൻ വിതരണക്കാരായ ലിൻഡെ ഇന്ത്യ വിതരണം നിർത്തിവച്ചതാണ് പ്രതിസന്ധിക്ക് കാരണമെന്ന് അധികൃതർ അറിയിച്ചു. തലസ്ഥാനത്തെ നിരവധി ആശുപത്രികളിൽ മതിയായ ഓക്‌സിജൻ ലഭ്യമാകാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. അടിയന്തിരമായി ഓക്‌സിജൻ ലഭ്യമാക്കണമെന്ന് ഇന്ദ്രപ്രസ്ഥ അപ്പോളോ ഹോസ്‌പിറ്റൽ മാനേജിങ് ഡയറക്‌ടർ പി ശിവകുമാർ അറിയിച്ചു. ഇന്ന് രാത്രി വരെയുള്ള വിതരണത്തിനാവശ്യമായ ഓക്‌സിജൻ ശേഷിക്കുന്നുണ്ട്. സ്ഥിതിഗതികൾ വളരെ ഭീകരമാണെന്നും കൃത്യസമയത്ത് ഓക്‌സിജൻ ലഭിച്ചില്ലെങ്കിൽ ഗുരുതരമായ പ്രതിസന്ധി ഉണ്ടായേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: ഓക്സിജന്‍ ടാങ്കര്‍ ചോര്‍ച്ച ; 22 കൊവിഡ് രോഗികള്‍ ശ്വാസംമുട്ടി മരിച്ചു
അതേസമയം ഓക്‌സിജൻ വിതരണത്തിന്‍റെ തോത് വർധിപ്പിക്കണമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഓരോ സംസ്ഥാനത്തിനും വേണ്ടുന്ന ഓക്‌സിജന്‍റെ ക്വാട്ട തീരുമാനിക്കാൻ കേന്ദ്രത്തിന് മാത്രമേ അവകാശമുള്ളൂ. ഡൽഹിയിലും അയൽസംസ്ഥാനങ്ങളായ ഉത്തർപ്രദേശ്, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുമുള്ള രോഗികളുടെ എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടായതിനാൽ ഡൽഹിയിൽ അടിയന്തിരമായി ഓക്‌സിജൻ വേണ്ട സാഹചര്യമാണ് നിലനിൽക്കുന്നത്. അതിനാൽ നിലവിൽ ലഭ്യമാകുന്ന 370 മെട്രിക് ടൺ (എംടി) ക്വാട്ട എന്നത് 700 മെട്രിക് ടണ്ണായി ഉയർത്താൻ അദ്ദേഹം കേന്ദ്രത്തോട് അഭ്യർഥിച്ചു.
അതേസമയം ചൊവ്വാഴ്‌ച തലസ്ഥാനത്ത് 28,000 ത്തിലധികം കൊവിഡ് കേസുകളും 277 മരണങ്ങളും റിപ്പോർട്ട് ചെയ്‌തു. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന പ്രതിദിന വർധനവാണിത്.