ന്യൂഡൽഹി: രാജ്യത്ത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഇലക്‌ട്രോണിക് വോട്ടിങ് മെഷീൻ (ഇവിഎം) ഉപയോഗിക്കുന്നതിന് പകരം ബാലറ്റ് പേപ്പർ ഉപയോഗിക്കണമെന്ന ആവശ്യവുമായി സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി പരിഗണിക്കുന്നത് മാറ്റിവെച്ചു. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നൽകണമെന്നാണ് ഹർജിക്കാരുടെ ആവശ്യം. വെർച്വലായി ഹർജി കേൾക്കുന്നതിനിടെ ചില സാങ്കേതിക തകരാറുകൾ നേരിടേണ്ടി വന്നതിനാലാണ് ഓഗസ്റ്റ് മൂന്നിലേക്ക് വീണ്ടും ഹർജി നീട്ടിയത്.
ബാലറ്റ് സമ്പ്രദായം സുരക്ഷ പരിഗണിച്ച്
ചീഫ് ജസ്റ്റിസ് ഡിഎൻ പട്ടേൽ, ജസ്റ്റിസ് ജ്യോതി സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. പല വികസിത രാജ്യങ്ങളും ഇതിനോടകം തന്നെ ഇവിഎമ്മുകളുടെ ഉപയോഗം നിരോധിച്ചിട്ടുണ്ടെന്നും ഈ മെഷീനുകൾ ഹാക്ക് ചെയ്യപ്പെടാമെന്നതിനാൽ ബാലറ്റ് സമ്പ്രദായത്തിലേക്ക് മാറുന്നതാണ് കൂടുതൽ സുരക്ഷിതമെന്നും അപേക്ഷകനായ അഡ്വ. സി.ആർ. ജയസുകിൻ കോടതിയെ അറിയിച്ചു.
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 324 പ്രകാരം തെരഞ്ഞെടുപ്പ് കമ്മിഷൻ നടത്തുന്ന തെരഞ്ഞെടുപ്പുകൾ സ്വതന്ത്രവും നീതിയുക്തവുമായിരിക്കണമെന്ന് ഹർജിയില്‍ പറയുന്നു. ഓരോ തെരഞ്ഞെടുപ്പും വോട്ടർമാരുടെ ഇച്ഛയെ പ്രതിഫലിപ്പിക്കുന്നതായിരിക്കണം.
ഇവിഎമ്മുകൾക്കു പകരം പരമ്പാഗത ബാലറ്റ് പേപ്പറുകൾ ഉപയോഗിക്കുന്നതിലൂടെ ഇത് പ്രാവർത്തികമാക്കാൻ സാധിക്കും. കൂടാതെ തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് കൂടുതൽ വിശ്വസനീയവും സുതാര്യവുമായ മാർഗമാണ് ബാലറ്റ് പേപ്പറുകൾ വഴി വോട്ടുചെയ്യുന്നതെന്നും ഹർജിയിൽ പറയുന്നു.
ALSO READ: കള്ളപ്പണം വെളുപ്പിക്കൽ; അനിൽ ദേശ്‌മുഖിന്‍റെ കോടികളുടെ സ്വത്തുക്കൾ കണ്ടുകെട്ടി
എന്നാൽ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നിലവിലെ സംവിധാനത്തിന് സുപ്രീംകോടതി അംഗീകാരം നൽകിയിട്ടുണ്ടെന്ന് ഇ.സിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ സിദ്ധാന്ത് കുമാർ കോടതിയിൽ പറഞ്ഞു. ഇംഗ്ലണ്ട്, ഫ്രാൻസ്, ജർമനി, നെതർലാന്‍റ്, യുഎസ് തുടങ്ങി പല ലോകരാഷ്‌ട്രങ്ങളും ഇവിഎമ്മുകളുടെ ഉപയോഗം നിരോധിച്ചിരിക്കുകയാണ്.