ന്യൂഡല്‍ഹി: പരസ്‌പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം പോക്‌സോയുടെ പരിധിയില്‍ വരില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. കുട്ടികളെ ലൈംഗിക ചൂഷണത്തില്‍ നിന്ന് സംരക്ഷിക്കുകയാണ് പോക്‌സോ കേസിന് പിന്നിലെ ഉദ്ദേശമെന്നും എന്നാല്‍ പരസ്‌പര സമ്മതത്തോടെയുള്ള പ്രണയത്തെയും ലൈംഗികതയേയും ക്രിമിനല്‍ കുറ്റമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഹൈക്കോടതി പറഞ്ഞു. പതിനേഴുകാരിയെ തട്ടികൊണ്ട് പോയി വിവാഹം ചെയ്‌തെന്ന് കാണിച്ച് പിതാവ് നല്‍കിയ പരാതിയില്‍ പ്രതിചേര്‍ക്കപ്പെട്ട ആണ്‍കുട്ടിക്ക് ജാമ്യം നല്‍കുന്നതിനിടെയാണ് കോടതി നിരീക്ഷണം.
ഇരുവരും തമ്മില്‍ പ്രണയ ബന്ധമുണ്ടെന്നും അവര്‍ തമ്മിലുള്ള ലൈംഗികത ഉഭയ സമ്മത പ്രകാരമാണെന്നും പെണ്‍കുട്ടിയുടെ മൊഴിയില്‍ നിന്ന് വ്യക്തമാണെന്നും ജസ്റ്റിസ് ജസ്‌മീത് സിങ് പറഞ്ഞു. പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകാത്തതാണ്. കുട്ടിയുടെ സമ്മതത്തിന് നിയമ പരിരക്ഷയില്ലെങ്കിലും പ്രണയത്തില്‍ നിന്നുണ്ടായ പരസ്‌പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ജാമ്യം നല്‍കുമ്പോള്‍ പരിഗണിക്കുകയാണെന്നും കോടതി വ്യക്തമാക്കി.
സ്വന്തം ഇഷ്‌ടപ്രകാരമാണ് താന്‍ പ്രതിചേര്‍ക്കപ്പെട്ടയാളെ വിവാഹം കഴിച്ചതെന്നും അയാള്‍ക്കൊപ്പം കഴിയാനാണ് താത്‌പര്യപ്പെടുന്നതെന്നും കുട്ടി പറഞ്ഞു. മാതാപിതാക്കള്‍ തന്നെയും ഭര്‍ത്താവിനെയും അപായപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് കാണിച്ച് പെണ്‍കുട്ടി നേരത്തെ പഞ്ചാബ് ഹരിയാന ഹൈക്കോടതികളെ സമീപിച്ചിരുന്നു. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ആണ്‍കുട്ടിയെ 10,000 രൂപയുടെ ആള്‍ജാമ്യത്തില്‍ വിട്ടയക്കാന്‍ കോടതി നിര്‍ദേശിച്ചു.
അതേസമയം അന്വേഷണത്തില്‍ സഹകരിക്കണമെന്നും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്നും കോടതി പ്രതിയോട് നിര്‍ദേശിച്ചു.