ന്യൂഡൽഹി: ടൂൾ കിറ്റ് കേസിൽ അറസ്റ്റിലായ ആക്‌ടിവിസ്റ്റ് ദിഷാ രവിയുടെ സ്വകാര്യതക്കും സംസാര സ്വാതന്ത്ര്യത്തിനുമുള്ള അവകാശം സംരക്ഷിക്കപ്പെടണമെന്ന് ഡൽഹി ഹൈക്കോടതി. ദിഷ രവി ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതിയുടെ പരാമർശം. മാധ്യമങ്ങൾക്ക് അന്വേഷണ വിവരങ്ങൾ ചോർത്തി നൽകരുതെന്നും ഡൽഹി പൊലീസിന് ഹൈക്കോടതി നിർദേശം നൽകി.
ദിഷ രവിക്കെതിരായ അന്വേഷണത്തിൽ ചില മാധ്യമങ്ങൾ "സെൻസേഷണലിസവും മുൻവിധിയോടെയുള്ള റിപ്പോർട്ടിങും" നൽകുന്നുവെന്ന് കോടതി നിരീക്ഷിച്ചു. അതേസമയം കേസുമായി ബന്ധപ്പെട്ട് പത്രസമ്മേളനം നടത്താൻ പൊലീസിന് അധികാരമുണ്ടെന്ന് കോടതി അറിയിച്ചു. കേസുമായി ബന്ധപ്പെട്ട ഉള്ളടക്കം മാത്രമേ പരസ്യപ്പെടുത്താവൂ എന്നും അന്വേഷണത്തെ തടസപ്പെടുത്തരുതെന്നും മാധ്യമങ്ങൾക്ക് കോടതി മുന്നറിയിപ്പ് നൽകി.
അതേസമയം വിവരങ്ങൾ ചോർന്നുവെന്ന ആരോപണം ഡൽഹി പൊലീസിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ്‌വി രാജു നിഷേധിച്ചു. ഹർജിക്കാരൻ ഉന്നയിച്ച ആരോപണം തെറ്റാണെന്നും വിവരങ്ങൾ മാധ്യമങ്ങളുമായി പങ്കുവെച്ചിട്ടില്ലെന്നും സത്യവാങ്മൂലത്തിൽ അദ്ദേഹം വ്യക്തമാക്കി.