ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ ബിജെപി നേതാവ് ഷാനവാസ് ഹുസൈനെതിരെ എഫ്‌ഐആർ ഫയൽ ചെയ്യാൻ ഡൽഹി പൊലീസിനോട് ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു. 2018 ഏപ്രിൽ 12ന് ഡല്‍ഹിയിലെ ഛത്തർപൂർ ഫാം ഹൗസിൽ വച്ച് തന്നെ ഷാനവാസ് ഹുസൈന്‍ ലൈഗികമായി പീഡിപിച്ചു എന്ന് യുവതി പരാതി നല്‍കിയിരുന്നു. ഈ കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഡല്‍ഹി മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെതിരെ ഷാനവാസ് ഹുസൈന്‍ നല്‍കിയ ഹര്‍ജി തള്ളികൊണ്ടാണ് ഡല്‍ഹി ഹൈക്കോടതി ഉത്തരവ്.
കേസില്‍ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ തയ്യാറാകാത്ത പൊലീസിന്‍റെ നടപടിയെ ഹൈക്കോടതി വിമര്‍ശിച്ചു. എഫ്‌ഐആറിന്‍റെ അഭാവത്തിൽ പൊലീസിന് പ്രാഥമിക അന്വേഷണം മാത്രമേ നടത്താനാകൂ എന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റിന് മുമ്പാകെ പൊലീസ് കേസുമായി ബന്ധപ്പെട്ട അന്തിമ റിപ്പോർട്ട് നല്‍കിയിട്ടില്ലെന്നും ജസ്റ്റിസ് ആശ മേനോൻ പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കി.
പൊലീസിന് രൂക്ഷ വിമര്‍ശനം: പൊലീസ് കമ്മിഷണറുടെ ഓഫിസിൽ നിന്ന് ബന്ധപ്പെട്ട പൊലീസ് സ്‌റ്റേഷനിൽ പരാതി ലഭിച്ചിരുന്നുവെങ്കിലും വിചാരണക്കോടതി നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നതുവരെ പൊലീസ് പരാതിയില്‍ അന്വേഷണം നടത്തിയിട്ടില്ലെന്ന് തല്‍സ്ഥിതി റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം ഹൈക്കോടതി വ്യക്തമാക്കി. "പരാതിക്കാരി 2018 ജൂൺ 16ന് പരാതി രജിസ്റ്റർ ചെയ്യാൻ പൊലീസ് സ്റ്റേഷനിൽ പോയിരുന്നു. എന്നാൽ ബലാത്സംഗം നടന്ന സ്ഥലത്തെക്കുറിച്ച് അറിയാത്തതിനാൽ, അടുത്ത തിങ്കളാഴ്ച പൊലീസ് സ്റ്റേഷനിൽ വരുമെന്ന് അവർ പറഞ്ഞു. എന്നാല്‍ ഈ കാര്യങ്ങള്‍ പൊലീസ് വിചാരക്കോടതിയില്‍ കൊടുത്ത സത്യവാങ്‌മൂലത്തില്‍ ഇല്ല. ഈ കോടതി മുമ്പാകെ സമർപ്പിച്ച സ്റ്റാറ്റസ് റിപ്പോർട്ടിൽ നാല് തവണ അതിജീവിതയുടെ മൊഴി രേഖപ്പെടുത്തുന്നത് പരാമർശിച്ചിട്ടുണ്ടെങ്കിലും എന്ത്കൊണ്ട് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തില്ല എന്നതിന് വിശദീകരണമില്ല " ഹൈക്കോടതി വ്യക്തമാക്കി.
വിശദമായ റിപ്പോര്‍ട്ട് മൂന്ന് മാസത്തിനകം കോടതിയില്‍ സമര്‍പ്പിക്കണം: പരാതിയില്‍ വ്യക്തമാക്കിയ കുറ്റകൃത്യങ്ങളില്‍ അന്വേഷണം നടത്തുന്നതിനുള്ള അടിത്തറയാണ് എഫ്‌ഐആര്‍ എന്ന് കോടതി വ്യക്തമാക്കി. അന്വേഷണത്തിന് ശേഷം മാത്രമേ കുറ്റകൃത്യം നടന്നിട്ടുണ്ടോ ഇല്ലയോ എന്ന നിഗമനത്തിലെത്താൻ പൊലീസിന് കഴിയൂ . അന്വേഷണ റിപ്പോർട്ട് പ്രാഥമിക സ്വഭാവമുള്ളതിനാൽ റദ്ദാക്കൽ റിപ്പോർട്ടായി പരിഗണിക്കാനാവില്ലെന്ന മെട്രോപോളിറ്റന്‍ ജഡ്‌ജിയുടെ വിധിയില്‍ പിഴവില്ല. എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌ത് പൂർണ്ണമായ അന്വേഷണം നടത്തിയ ശേഷം സെക്ഷൻ 173 സിആർപിസി പ്രകാരം പൊലീസ് റിപ്പോർട്ട് സമർപ്പിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.
പരാതിയില്‍ ഉടനെതന്നെ എഫ്‌ഐആർ രജിസ്റ്റര്‍ ചെയ്യാനാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. സിആര്‍പിസി 173 പ്രകാരം അന്വേഷണം പൂർത്തിയാക്കി വിശദമായ റിപ്പോർട്ട് മൂന്ന് മാസത്തിനകം മെട്രോപോളിറ്റന്‍ കോടതിയില്‍ സമര്‍പ്പിക്കണമെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി.
യുവതിയുടെ ആരോപണങ്ങൾ മുൻ കേന്ദ്ര മന്ത്രി കൂടിയായ ഷാനവാസ് ഹുസൈൻ നിഷേധിച്ചു. പരാതിക്കാരിക്ക് തന്‍റെ സഹോദരനുമായി തര്‍ക്കമുണ്ടെന്നും തനിക്കെതിരെ വ്യാജ പരാതി നല്‍കുകയായിരുന്നുവെന്നുമാണ് ഷാനവാസ് ഹുസൈനിന്‍റെ വാദം.