ന്യൂഡൽഹി: എംപി സ്ഥാനത്ത് നിന്ന് അയോഗ്യയാക്കപ്പെട്ട തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്‌ത്രയോട് ഔദ്യോഗിക വസതിയിൽ തുടരാനുള്ള അനുമതിക്കായി ഡയറക്‌ടറേറ്റ് ഓഫ് എസ്റ്റേറ്റിനെ സമീപിക്കാൻ നിർദേശിച്ച് ഡൽഹി ഹൈക്കോടതി (HC asks Mahua Moitra to approach directorate of estates over cancellation of govt accommodation). ലോക്‌സഭയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ ഔദ്യോഗിക വസതിയിൽ തുടരാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് മഹുവ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഈ വിഷയത്തിൽ ഡയറക്റ്ററേറ്റ് ഒഫ് എസ്റ്റേറ്റ്സ് വഴി ശ്രമിക്കണമെന്ന് ഡൽഹി ഹൈക്കോടതി വ്യക്തമാക്കി.
ചില പ്രത്യേക സാഹചര്യങ്ങളിൽ ഔദ്യോഗിക വസതികളിൽ കൂടുതൽ ദിവസം തുടരാൻ അനുവാദം നൽകാൻ അധികാരികൾക്ക് കഴിയുമെന്ന് ജസ്റ്റിസ് സുബ്രഹ്മണ്യൻ പ്രസാദ് ചൂണ്ടിക്കാട്ടി. ഡയറക്റ്ററേറ്റ് ഓഫ് എസ്റ്റേറ്റ്സിനെ സമീപിച്ച് നിയമപ്രകാരം മുന്നോട്ടു പോകൂ എന്നും കോടതി പരാമർശിച്ചു. ഹർജി പിൻവലിക്കാനുള്ള അനുവാദവും കോടതി മഹുവയ്ക്ക് നൽകി.
ഡയറക്റ്ററേറ്റ് ഓഫ് എസ്റ്റേറ്റ്സ് ഡിസംബർ 11ന് പുറത്തിറക്കിയ ഉത്തരവ് റദ്ദാക്കണമെന്നും 2024ലെ തെരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ ഔദ്യോഗിക വസതിയിൽ തുടരാൻ അനുവദിക്കണമെന്നുമായിരുന്നു മഹുവ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്.
പാർലമെന്‍റിൽ ചോദ്യം ചോദിക്കുന്നതിനായി കോഴ വാങ്ങിയെന്ന ആരോപണത്തില്‍ എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ടിനെ തുടർന്നാണ് ലോക്‌സഭയില്‍ നിന്ന് മഹുവ മൊയ്ത്രയെ പുറത്താക്കിയത് (cash for query corruption case). ചോദ്യത്തിനായി മഹുവ മൊയ്ത്ര, വ്യവസായി ദര്‍ശന്‍ ഹീരാ നന്ദാനിയില്‍ നിന്ന് പണവും സമ്മാനങ്ങളും കൈപ്പറ്റി എന്നാണ് ആരോപണം. മറ്റൊരു പാര്‍ലമെന്‍റ് അംഗമായ നിഷികാന്ത് ദുബേയാണ് പരാതി നൽകിയത്.
തുടർന്ന് ലോക്‌സഭ സ്‌പീക്കര്‍ ഈ പരാതി എത്തിക്‌സ് കമ്മിറ്റിക്ക് വിടുകയായിരുന്നു. ഹീരാ നന്ദാനിയുടെ (Darshan Hiranandani) വ്യവസായ താല്‍പര്യം സംരക്ഷിക്കാന്‍ മഹുവ പണം കൈപ്പറ്റി പാര്‍ലമെന്‍റില്‍ ചോദ്യം ചോദിച്ചു എന്നതിന് പുറമെ ചോദ്യങ്ങള്‍ അപ്‌ലോഡ് ചെയ്യാന്‍ ലോക്‌സഭ വെബ്സൈറ്റിലെ തന്‍റെ പാസ്‌വേഡ് വ്യവസായിയുമായി പങ്കുവച്ചു എന്നും ആരോപണം ഉയര്‍ന്നു (Mahua Moitra expelled from Lok Sabha)
തുടർന്ന് വിവരങ്ങള്‍ ശേഖരിച്ച് ഇരുവരെയും വിസ്‌തരിച്ച ശേഷം എത്തിക്‌സ് കമ്മിറ്റി സ്‌പീക്കര്‍ക്ക് റിപ്പോർട്ട് നൽകി. 2023 നവംബര്‍ 9നാണ് റിപ്പോര്‍ട്ട് നല്‍കിയത്. പാർലമെന്‍റ് അംഗം എന്ന നിലയിൽ നിന്ന് മഹുവ മൊയ്‌ത്രയെ അയോഗ്യയാക്കാനുള്ള എത്തിക്‌സ് കമ്മിറ്റി ശുപാര്‍ശ കണക്കിലെടുത്ത് ഡിസംബർ 8ന് മഹുവയെ പുറത്താക്കാനുള്ള പ്രമേയം ലോക്‌സഭ ശബ്‌ദവോട്ടോടെ പാസാക്കുകയായിരുന്നു.
അദാനി ഗ്രൂപ്പിനെ ലക്ഷ്യമിട്ട് തന്‍റെ ചോദ്യങ്ങൾ ചോദിക്കാൻ കൈക്കൂലി വാങ്ങി എന്ന ഹീരാ നന്ദാനിയുടെ സത്യവാങ്മൂലത്തിന്‍റെ അടിസ്ഥാനത്തിലാണ് അയോഗ്യയാക്കാൻ കമ്മിറ്റി ശുപാർശ ചെയ്‌തത്. അതേസമയം, പുറത്താക്കലിനോട് മഹുവ മൊയ്‌ത്ര രൂക്ഷമായി പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. പ്രതിപക്ഷത്തെ കീഴ്‌പ്പെടുത്താൻ സർക്കാർ ഒരു പാർലമെന്‍ററി പാനലിനെ ആയുധമാക്കുകയാണെന്നും അവർ ആരോപിച്ചിരുന്നു. നിലവിലില്ലാത്ത ധാർമ്മിക നിയമങ്ങൾ ലംഘിച്ചതിന് താൻ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും പണമോ സമ്മാനമോ നൽകിയതിന് തെളിവില്ലെന്നും മഹുവ പറഞ്ഞിരുന്നു.