ന്യൂഡൽഹി: ഡൽഹിയിൽ കൊവിഡ് രോഗബാധിതരുടെ നിരക്കിൽ വന്‍ വർധന. തിങ്കളാഴ്ച 1907 പുതിയ കൊവിഡ് കേസുകളാണ് സ്ഥിരികരിച്ചത്. രോഗനിരക്ക് കൂടിയതോടെ അധികൃതർ ആശുപത്രി കിടക്കകളുടെ എണ്ണവും വർധിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിൽ ദിവസവും അമ്പതിനായിരത്തോളം കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുന്നു.
ഡൽഹിയിൽ ദിവസേന 80,000 മുതൽ 90,000 വരെ പരിശോധനകളാണ് നടക്കുന്നത്. ഇന്നലെ ഹോളി ആയിരുന്നതുകൊണ്ടുതന്നെ പരിശോധനകൾ വളരെ കുറവായിരുന്നു അതിനാൽതന്നെ പുതിയ കേസുകളുടെ എണ്ണം കുറവായിരിക്കുമെന്ന് ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര കുമാർ ജെയിൻ പറഞ്ഞു.
ഡൽഹിയിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും മാസ്ക് ധരിക്കുന്നത് ഉറപ്പാക്കണമെന്നും മന്ത്രി പൊതുജനങ്ങളോട് അഭ്യർഥിച്ചു. കൊറോണയുടെ പുതിയ തരംഗവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായി മന്ത്രി ഡൽഹിയിൽ പുതിയ കേസുകളുടെ വർധന രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് തുല്യമാണെന്ന് പറഞ്ഞു.
നേരത്തെ രാജ്യത്തുടനീളം പതിനായിരത്തിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇപ്പോൾ കേസുകൾ ആറ് മടങ്ങ് വർധിച്ചു. ഡൽഹിയിലെ സ്ഥിതി ഒരു തരംഗമെന്ന് വിളിക്കാൻ ഒരാഴ്ച കാത്തിരിക്കേണ്ടി വരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. നിലവിൽ ആവശ്യത്തിന് കിടക്കകളും വെന്‍റിലേറ്ററുകളും സർക്കാർ ആശുപത്രികളിൽ ലഭ്യമാണ് ചില സ്വകാര്യ ആശുപത്രികളിലാണ് കുറവ് കണ്ടെത്തിയിരിക്കുന്നത്