ന്യൂഡല്‍ഹി : ദേശീയ തലസ്ഥാനത്തെ വായു മലീനികരണ തോത് കുറയ്‌ക്കാന്‍ കൃത്രിമ മഴ പെയ്യിക്കാനൊരുങ്ങി സര്‍ക്കാര്‍. വിഷയവുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്താന്‍ ഇന്നലെ (നവംബര്‍ 8) കാണ്‍പൂരിലെ ഐഐടി ശാസ്‌ത്രജ്ഞരുമായി ചര്‍ച്ച നടത്തിയെന്ന് ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ്. നവംബര്‍ 20 ഓടെ തലസ്ഥാനത്ത് കൃത്രിമ മഴ പെയ്യുമെന്നും മന്ത്രി പറഞ്ഞു.
കൃത്രിമ മഴ പെയ്യിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളെ കുറിച്ച് വെള്ളിയാഴ്‌ച (നവംബര്‍ 10) സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കൃത്രിമ മഴ പെയ്യിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സഹായം വേണമെന്നും സര്‍ക്കാര്‍ റിപ്പോര്‍ട്ടിലൂടെ കോടതിയോട് ആവശ്യപ്പെടും. ഡല്‍ഹിയിലെ രൂക്ഷമായ അന്തരീക്ഷ മലിനീകരണം ക്ലൗഡ് സീഡിങ് വഴി കുറയ്‌ക്കാന്‍ സാധിച്ചേക്കുമെന്നും പരിസ്ഥിതി മന്ത്രി പറഞ്ഞു.
അന്തരീക്ഷത്തില്‍ മേഘങ്ങളോ ഈര്‍പ്പമോ ഉള്ളപ്പോള്‍ മാത്രമെ ക്ലൗഡ് സീഡിങ് സാധ്യമാകൂവെന്ന് ഐഐടിയിലെ ശാസ്‌ത്രജ്ഞര്‍ ചര്‍ച്ചയില്‍ പറഞ്ഞു. നവംബര്‍ 20, 21 ദിവസങ്ങളില്‍ ഇത്തരം അവസ്ഥയുണ്ടാകാമെന്നാണ് വിദഗ്‌ധരുടെ കണക്കുകൂട്ടല്‍. ആകാശം 40 ശതമാനം മേഘാവൃതമാണെങ്കില്‍ മാത്രമെ ഇത് സാധ്യമാകുകയുള്ളൂ. വിഷയത്തില്‍ വിശദമായ റിപ്പോര്‍ട്ട് തയാറാക്കാന്‍ സര്‍ക്കാര്‍ ശാസ്‌ത്രജ്ഞന്മാരോട് ആവശ്യപ്പെട്ടു. വിദഗ്‌ധര്‍ നല്‍കുന്ന റിപ്പോര്‍ട്ട് അടക്കമാണ് സര്‍ക്കാര്‍ കോടതിയെ സമീപിക്കുകയെന്ന് മന്ത്രി ഗോപാല്‍ റായ് പറഞ്ഞു.
ലെഫ്‌റ്റനന്‍റ് ഗവര്‍ണറുടെ പോസ്‌റ്റ് : ഡല്‍ഹിയിലെ അമിത മലിനീകരണ അന്തരീക്ഷത്തില്‍ നിന്നും മുക്തി നേടാന്‍ സര്‍ക്കാര്‍ നടപ്പിലാക്കാന്‍ പോകുന്ന കൃത്രിമ മഴയെ കുറിച്ച് ലെഫ്‌റ്റനന്‍റ് ഗവര്‍ണര്‍ വികെ സക്‌സേന സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കിട്ടു. 'തലസ്ഥാനത്തെ വായു മലിനീകരണ തോത് കുറയ്‌ക്കുന്നതിന് ക്ലൗഡ് സീഡിങ്- കൃത്രിമ മഴ പെയ്യിപ്പിക്കുന്നതിനെ കുറിച്ച് കാണ്‍പൂരിലെ ഐഐടി വിദഗ്‌ധരുമായി ചര്‍ച്ച നടത്തി. നടപ്പിലാക്കാനിരിക്കുന്ന പുതിയ സാങ്കേതികതയുടെ ഫലപ്രാപ്‌തിയെ കുറിച്ച് പഠിക്കാനും കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും ആവശ്യപ്പെടാന്‍ ശാസ്‌ത്രജ്ഞരോട് ആവശ്യപ്പെട്ടിട്ടുണ്ടെ'ന്നും സക്‌സേന പോസ്റ്റില്‍ പറയുന്നു.
ക്ലൗഡ് സീഡിങ്/കൃത്രിമ മഴ : റോക്കറ്റ്, വിമാനം എന്നിവയുടെ സഹായത്തോടെ ആകാശത്തെ മഴ മേഘങ്ങളില്‍ സില്‍വര്‍ അയഡൈഡ് പോലുള്ള ലവണങ്ങളുടെ തരികള്‍ വിതറുകയാണ് ചെയ്യേണ്ടത്. മഴ മേഘങ്ങളിലെ ലവണ തരികള്‍ ജലതന്മാത്രയിലേക്ക് ആകര്‍ഷിക്കുകയും ഈ തന്മാത്രകളെല്ലാം ചേര്‍ന്ന് വെള്ളത്തുള്ളിയായി താഴേക്ക് പതിക്കുകയും ചെയ്യും. ഇതാണ് കൃത്രിമ മഴ അല്ലെങ്കില്‍ ക്ലൗഡ് സീഡിങ്.
Also read: ഡൽഹിയിൽ വായു ഗുണനിലവാരം അപകടകരമായി തുടരുന്നു ; സ്കൂളുകളുടെ ശൈത്യകാല അവധി പുനഃക്രമീകരിച്ചു