ന്യൂഡൽഹി: ഡൽഹിക്ക് സ്വന്തമായി വിദ്യാഭ്യാസ ബോർഡ് വരുന്നു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഡൽഹി ബോർഡ് ഓഫ് സ്കൂൾ എജ്യുക്കേഷൻ(ഡിബിഎസ്ഇ) രജിസ്റ്റർ ചെയ്തതായി ഡൽഹി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. 2021-22 അക്കാദമിക് വർഷത്തിൽ 25ഓളം സ്കൂളുകൾ പുതിയ വിദ്യാഭ്യാസ ബോർഡിന് കീഴിലായിരിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു. മാർച്ച് 6ന് ഡൽഹി കാബിനറ്റ് ഡിബിഎസ്ഇയുടെ ഭരണഘടനക്ക് അനുമതി നൽകി.
ഭരണസമിതിയും നിർവഹണ സമിതിയും ഉൾപ്പെടുന്നതായിരിക്കും പുതിയ വിദ്യാഭ്യാസ ബോർഡ്. വിദ്യാഭ്യാസ മന്ത്രി ആയിരിക്കും ഭരണസമിതിയുടെ ചെയർമാൻ. വിദ്യാഭ്യാസം, വ്യവസായം എന്നീ മേഖലകളിലെ വിദഗ്ധർ, സർക്കാർ, പ്രൈവറ്റ് സ്കൂളുകളിലെ മേധാവികൾ എന്നിവരും സമിതികളിൽ അംഗങ്ങളായിരിക്കും.
നിലവിൽ 1000ഓളം സർക്കാർ സ്കൂളുകളും 1700ഓളം പ്രൈവറ്റ് സ്കൂളുകളും ഡൽഹിയിലുണ്ട്. ഇവയെല്ലാം തന്നെ സെൻട്രൽ ബോർഡ് ഓഫ് സെക്കന്‍ററി എജ്യുക്കേഷന്‍റെ കീഴിൽ വരുന്നതാണ്. കഴിഞ്ഞ ജൂലൈയിൽ വിദ്യാഭ്യാസ ബോർഡിന്‍റെ രൂപീകരണത്തിനും പാഠ്യപദ്ധതി പരിഷ്കരണത്തിനുമായി സർക്കാർ രണ്ട് കമ്മിറ്റികൾ രൂപീകരിച്ചിരുന്നു.