ന്യൂഡല്‍ഹി : ഡല്‍ഹിയിലെ ഫ്ലൈ ഓവറുകളും മെട്രോ തൂണുകളും വര്‍ണങ്ങളാല്‍ സുന്ദരമാകുന്നു. ദക്ഷിണ ഡൽഹി മുനിസിപ്പൽ കോർപ്പറേഷനാണ് സ്വച്ഛ് ഭാരത് മിഷന് കീഴിൽ പൊതു ചുമരുകളിലും തൂണുകളിലും ചിത്രം വരകള്‍ ഏകോപിപ്പിക്കുന്നത്.
കശ്മീരി ഗേറ്റ് ഏരിയയിലെ ഒരു ഫ്ലൈ ഓവറിന്‍റെ പാർശ്വഭിത്തിയിൽ ഒരു പെൺകുട്ടി പുസ്തകം വായിക്കുന്ന ചിത്രമാണ് ഒരുക്കിയിരിക്കുന്നത്. പെണ്‍കുട്ടികള്‍ പഠിക്കേണ്ടതിന്‍റെയും അവര്‍ സമൂഹത്തിലേക്ക് ഉയര്‍ന്നുവരേണ്ടതിന്‍റെയും ആവശ്യകത കാണിക്കുന്നതാണ് ചിത്രം.
തെക്കൻ ഡൽഹിയിലെ നെഹ്‌റു പ്ലേസിൽ കുത്തബ് മിനാറിന്‍റെ ചിത്രവും വരച്ചിട്ടുണ്ട്. രാജ്യത്തിന്‍റെ ചരിത്രവും പൈതൃകവും പൊതുജനങ്ങളിലേക്ക് കൂടുതല്‍ എത്തിക്കുക എന്നതാണ് ഇതിന്‍റെ ലക്ഷ്യം.
പൈതൃകവും പാരിസ്ഥിതിക പ്രശ്നങ്ങളും പ്രമേയമാക്കിയ ചിത്രങ്ങളാണ് വരയ്ക്കുന്നവയില്‍ ഏറെയും എന്നാണ് കലാകാരന്മാര്‍ അഭിപ്രായപ്പെടുന്നത്. ഇന്ത്യ ഗേറ്റ്, ചെങ്കോട്ട, കുത്തബ് മിനാർ, ജന്തർ മന്തർ എന്നിവ ഉൾപ്പെടുന്ന ചിത്രങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്.
ജനങ്ങളെ പൊതു ശൗചാലയത്തിലേക്ക് ആകര്‍ഷിക്കലും ലക്ഷ്യം
പൊതുചുമരുകള്‍ മൂത്രം ഒഴിക്കാനുള്ള കേന്ദ്രമാക്കി ചിലര്‍ മാറ്റുന്നത് പതിവാണ്. അതിനാല്‍ തന്നെ ഇത്തരം ചുമരുകള്‍ ചിത്രങ്ങള്‍ വരച്ച് ഭംഗിയുള്ളവയാക്കും. ഇതുവഴി പൊതു കക്കൂസുകള്‍ ഉപയോഗിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുക കൂടിയാണ് ലക്ഷ്യമിടുന്നത്.
മലിനീകരണം കാരണം ചിത്രങ്ങള്‍ നശിക്കാതിരിക്കാന്‍ പ്രത്യേക തരം പെയിന്‍റാണ് ഭിത്തികളില്‍ ഉപയോഗിക്കുന്നത്. ക്ലാസിക്ക് ബുക്കുകളെയും കഥകളേയും ആധാരമാക്കി അവയിലെ രംഗങ്ങള്‍ ചിത്രങ്ങളാക്കി ചുമരില്‍ വരയ്ക്കും.
ഇതുവഴി കുട്ടികളില്‍ സാംസ്കാരികവും ചരിത്രപരവുമായ പാഠങ്ങൾ പകര്‍ന്നുനല്‍കുകയാണ് ലക്ഷ്യം. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ പീതാംപുര മെട്രോ സ്റ്റേഷനിലെ തൂണുകളിൽ ടോക്കിയോ ഒളിമ്പിക്സിൽ മെഡൽ നേടിയ ഇന്ത്യൻ കായികതാരങ്ങളുടെ ചിത്രങ്ങള്‍ വരച്ചിരുന്നു.
ഒളിമ്പിക്സ് താരങ്ങളായ നീരജ് ചോപ്ര, പി വി സിന്ധു, ടോക്കിയോ ഗെയിംസിൽ ഇന്ത്യക്കായി സമ്മാനങ്ങൾ കൊണ്ടുവന്ന മറ്റ് കായികതാരങ്ങൾ എന്നിവരുടെ ചിത്രങ്ങളും മെട്രോയുടെ തൂണുകളില്‍ വരച്ചിട്ടുണ്ട്. താരങ്ങളോടുള്ള ആദര സൂചകമായി ഡിഎആര്‍സിയാണ് ചിത്രങ്ങള്‍ ഒരുക്കിയത്.
കൊവിഡ് കാലത്ത് രാജ്യത്തിന് കവചങ്ങളായ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരെ അഭിനന്ദിക്കുന്ന ചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്. പഞ്ചകുയാൻ പ്രദേശത്തെ ഒരു ശ്മശാനത്തിന്റെ ചുമരുകളില്‍ സ്വാതന്ത്ര്യസമര സേനാനികളുടെ ചിത്രങ്ങളും വരച്ചിട്ടുണ്ടെന്നും കൂടുതല്‍ ചിത്രങ്ങള്‍ ഉടന്‍ വരയ്ക്കുമെന്നും കോര്‍പ്പറേഷന്‍ അധികൃതര്‍ വ്യക്തമാക്കി.
കൂടുതല്‍ വായനക്ക്: ആഡംബര കപ്പലിലെ ലഹരിവിരുന്ന് : ഷാരൂഖിന്‍റെ മകന്‍ ആര്യന്‍ ഖാന്‍ അറസ്റ്റില്‍