ന്യൂഡല്‍ഹി: കഴിഞ്ഞ ഒന്‍പത് വര്‍ഷമായി പാര്‍ക്കിന്‍സണ്‍സ് രോഗബാധിതയായ 51കാരിക്ക് വിദഗ്‌ധ ചികിത്സയിലൂടെ പുതുജീവന്‍. നാഡീസംബന്ധമായ പാര്‍ക്കിന്‍സണ്‍സ് രോഗം തളര്‍ത്തിയ സാവിത്രി ദേവിക്കാണ് വിദഗ്‌ധ ചികിത്സയിലൂടെ അസുഖം ഭേദപ്പെട്ടത്. ഡല്‍ഹിയിലെ സര്‍ ഗംഗാറാം ആശുപത്രിയില്‍ വച്ച് തലച്ചോറിനുള്ളില്‍ പേസ്‌മേക്കര്‍ ഘടിപ്പിച്ചാണ് യുവതിക്ക് ചികിത്സ നല്‍കിയത്.
എന്താണ് പാര്‍ക്കിന്‍സണ്‍സ്: ശരീരത്തിന്‍റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളേയും നിയന്ത്രിക്കുന്നത് തലച്ചോറാണ്. മസ്‌തിഷ്‌കത്തിലെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത് അനേകായിരം ഇലക്‌ട്രിക്കല്‍ ശൃംഖലകളാണ്. ഇതില്‍ ശരീര ചലനത്തെ നിയന്ത്രിക്കുന്ന ശൃംഖലകള്‍ക്ക് ഉണ്ടാകുന്ന താളപ്പിഴയാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന് കാരണം.
മസ്‌തിഷ്‌കത്തിലെ ഈ താളപ്പിഴ ശരീരത്തിന്‍റെ ചലന ശേഷിയെ പ്രതികൂലമായി ബാധിക്കുന്നു. ഇതുമൂലം കൈകാലുകള്‍ അടക്കമുള്ള ശരീരഭാഗങ്ങളുടെ ചലന ശേഷി നഷ്‌ടപ്പെടുന്ന അവസ്ഥയാണ് പാര്‍ക്കിന്‍സണ്‍സ് രോഗം. കഴിഞ്ഞ ഒന്‍പത് വര്‍ഷമായി സാവിത്രി ദേവി പാര്‍ക്കിന്‍സണ്‍സ് രോഗ ബാധിതയായിട്ട്. നിരവധി ആശുപത്രിയിലെത്തി ചികിത്സ തേടിയിട്ടും രോഗം മൂര്‍ച്ഛിക്കുകയല്ലാതെ കുറവൊന്നും ഉണ്ടായില്ല. പതിയെ കൈകാലുകളുടെ ശേഷി പൂര്‍ണമായും നിലച്ചു.
ഇതോടെയാണ് സാവിത്രി ദേവിയെ കുടുംബം ഡല്‍ഹിയിലെ സര്‍ ഗംഗാറാം ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. പരിശോധനയ്‌ക്ക് വിധേയമാക്കിയതിനെ തുടര്‍ന്ന് ഡോക്‌ടര്‍മാര്‍ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡിബിഎസ്) എന്ന ചികിത്സ നല്‍കിയാല്‍ അസുഖം ഭേദപ്പെടുമെന്ന് അറിയിച്ചു. മസ്‌തിഷ്‌കത്തിലെ രോഗം ബാധിച്ചയിടത്ത് പേസ് മേക്കര്‍ ഘടിപ്പിക്കുന്നതാണ് ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ ചികിത്സ. ഇത് തലച്ചേറിന്‍റെ പ്രത്യേക ഭാഗങ്ങളെ ഉത്തേജിപ്പിക്കുന്നതിനുള്ള ശസ്‌ത്രക്രിയയാണ്.
എന്താണ് ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ ?: ഇലക്‌ട്രോഡും ന്യൂറോസ്റ്റിമുലേറ്ററും തമ്മില്‍ ബന്ധിപ്പിച്ച് രീതിയാണ് ഡിബിഎസ്. വിവിധ തരം ഇലക്‌ട്രോഡുകളെ തലച്ചോറിന് ഉള്ളിലേക്ക് കടത്തിവിട്ട് പുനസ്ഥാപിക്കുന്ന ശസ്‌ത്രക്രിയയാണ് ഡിബിഎസ്. തലച്ചോറിനെ ഉത്തേജിപ്പിക്കേണ്ട ഭാഗത്ത് ഇതിനെ ഇറക്കിവയ്‌ക്കുകയും തുടര്‍ന്ന് അതിനെ ന്യൂറോസ്റ്റിമുലേറ്ററുമായി ബന്ധിപ്പിക്കുകയും ചെയ്യും. തുടര്‍ന്ന് ഇതിലൂടെ വൈദ്യുത തരംഗം തലച്ചേറിലെത്തിക്കും.
ന്യൂറോ നാവിഗേഷന്‍ എന്ന സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഇത്തരം പ്രവര്‍ത്തനങ്ങളെല്ലാം നടത്തുക. സാവിത്രി ദേവിയില്‍ നടത്തിയ ശസ്‌ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയെന്നും ശസ്‌ത്രക്രിയയ്‌ക്ക് ശേഷം ദേവിയുടെ ആരോഗ്യ സ്ഥിയില്‍ നല്ല പുരോഗതിയുണ്ടെന്നും ന്യൂറോ സർജറി വിഭാഗത്തിലെ അസോസിയേറ്റ് കൺസൾട്ടന്‍റ് ഡോ. ശ്രേയ് ജെയിൻ പ്രസ്‌താവനയിൽ പറഞ്ഞു. സാവിത്രി കഴിച്ചുകൊണ്ടിരുന്ന മരുന്നുകളുടെ അളവ് കുറച്ചിട്ടുണ്ടെന്നും കൈകാലുകള്‍ വിറയ്‌ക്കുന്ന അവസ്ഥ ഇപ്പോള്‍ കുറഞ്ഞിട്ടുണ്ടെന്നും ഡോക്‌ടര്‍ പറഞ്ഞു. ഭാവിയില്‍ മരുന്നുകളെല്ലാം നിര്‍ത്താവുന്ന തരത്തില്‍ ആരോഗ്യം മെച്ചപ്പെടുമെന്നും ഡോക്‌ടര്‍ ജെയിന്‍ പറഞ്ഞു.
ഇന്ത്യയില്‍ ഏഴ് ദശലക്ഷത്തിലധികം ആളുകള്‍ പാര്‍ക്കിന്‍സണ്‍സ് രോഗത്താല്‍ പ്രയാസങ്ങള്‍ നേരിടുന്നുണ്ടെന്നും ആശുപത്രിയിലെ ഡോക്‌ടര്‍ അജിത്ത് പറഞ്ഞു. ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ ശസ്‌ത്രക്രിയ പാര്‍ക്കിന്‍സണ്‍സ് രോഗികള്‍ ഏറെ ഫലപ്രദമാണെന്നും അസുഖത്തിന്‍റെ ലക്ഷണങ്ങളായ വിറയൽ, വിഷാദം, അപസ്‌മാരം, വിട്ടുമാറാത്ത വേദന തുടങ്ങിയവയെല്ലാം കുറക്കാന്‍ ശസ്‌ത്രക്രിയയിലൂടെ സാധിക്കുന്നുണ്ടെന്നും ഡോ. അജിത് പറഞ്ഞു. പാര്‍ക്കിന്‍സണ്‍സ് രോഗത്താല്‍ കഷ്‌ടതയനുഭവിക്കുന്നവര്‍ക്ക് ഡിബിഎസ് ശസ്‌ത്രക്രിയയിലൂടെ മികച്ച ജീവിതം ലഭ്യമാകുമെന്നും ഇത്തരം ചികിത്സയെക്കുറിച്ച് ജനങ്ങള്‍ ബോധവാന്മാരാകണമെന്നും ഡോക്‌ടര്‍ അജിത്ത് പറഞ്ഞു.