ന്യൂഡല്‍ഹി : സിഗരറ്റ് വലിക്കുന്ന കാളിയുടെ പോസ്റ്ററുമായി ബന്ധപ്പെട്ട് സംവിധായിക ലീന മണിമേഖലയ്ക്ക് പുതിയ നോട്ടിസ് അയച്ച് ഡല്‍ഹി കോടതി. ലീന മണിമേഖലയുടെ പുതിയ ഡോക്യുമെന്‍ററി ചിത്രം കാളി നിരോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയിലാണ് നോട്ടിസ്. ഹിന്ദു ദേവതയായ കാളിയെ ഡോക്യുമെന്‍ററി ചിത്രത്തിന്‍റെ പോസ്റ്ററിലും പ്രമോഷണല്‍ വീഡിയോയിലും മോശമായ രീതിയില്‍ ചിത്രീകരിച്ചുവെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്.
ഹര്‍ജിയില്‍ വാദം നവംബര്‍ ഒന്നിന് : ഹിന്ദു ദേവതയെ മോശമായി ചിത്രീകരിച്ചുവെന്ന് ആരോപിച്ച് അഭിഭാഷകനായ രാജ് ഗൗരവ് എന്നയാളാണ് സംവിധായകയായ ലീന മണിമേഖലയ്ക്കും കമ്പനിക്കുമെതിരെ ഹർജി സമർപ്പിച്ചത്. വിധി പ്രസ്‌താവിക്കുന്നതിന് മുന്‍പായി ലീന മണിമേഖലയുടെ ഭാഗം കേള്‍ക്കണമെന്ന് ചൂണ്ടിക്കാട്ടി ഓഗസ്റ്റ് ആറിന് സംവിധായികയോട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ജഡ്‌ജി അവധിയായതിനെ തുടര്‍ന്ന് കേസ് മാറ്റിവച്ചു.
തുടർന്ന് ലീന മണിമേഖലയ്ക്കും അവരുടെ ഉടമസ്ഥതയിലുള്ള കമ്പനിയായ ടൂറിങ് ടാക്കീസ് മീഡിയ വർക്‌സ് പ്രൈവറ്റ് ലിമിറ്റഡിനും ഇ-മെയില്‍, വാട്‌സ്ആപ്പ് ഉൾപ്പടെ എല്ലാ മാർഗങ്ങളിലൂടെയും വീണ്ടും സമൻസ് അയക്കാൻ അഡീഷണൽ സീനിയർ സിവിൽ ജഡ്‌ജി അഭിഷേക് കുമാർ നിർദേശിക്കുകയായിരുന്നു. നവംബർ ഒന്നിന് എതിര്‍കക്ഷികളോട് ഹാജരാകാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. അതേദിവസം കോടതി ഹർജിയിൽ വാദം കേൾക്കും.
Read more: സിഗരറ്റ് വലിക്കുന്നതായി പോസ്റ്ററില്‍ കാളി ; വിവാദം, ലീന മണിമേഖലയ്‌ക്കെതിരെ പരാതി
പോസ്റ്റര്‍ വിവാദം : ഈ വര്‍ഷം ജൂലൈ 2ന് ലീന മണിമേഖല പങ്കുവച്ച ഡോക്യുമെന്‍ററിയുടെ പോസ്റ്ററാണ് വിവാദമായത്. കാളിയുടെ വേഷത്തില്‍ സിഗരറ്റ് വലിക്കുന്ന സ്‌ത്രീയാണ് പോസ്റ്ററിലുള്ളത്. എൽജിബിടി സമൂഹത്തെ പ്രതിനിധീകരിക്കുന്ന പതാകയും പശ്ചാത്തലത്തില്‍ കാണാം. കാളിയെ അപമാനിക്കുന്നതാണ് പോസ്റ്ററെന്ന് ആരോപിച്ച് പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ലീന മണിമേഖലയ്‌ക്കെതിരെ ഡല്‍ഹി, യുപി എന്നിവിടങ്ങളില്‍ ഉള്‍പ്പടെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തിരുന്നു.