ന്യൂഡൽഹി : കൊറോണയുടെ രണ്ടാം തരംഗം രാജ്യത്ത് പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിൽ വാക്‌സിൻ നിർമ്മിക്കാനുള്ള അനുമതി കൂടുതൽ കമ്പനികൾക്ക് നൽകണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. വാക്‌സിൻ നിർമാണത്തിനുള്ള ഫോർമുല പങ്കുവെയ്ക്കാനാണ് അദ്ദേഹം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. ഇത്തരത്തില്‍ രാജ്യത്ത് കൊവാക്‌സിന്‍റെയും കൊവിഷീൽഡിന്‍റെയും ഉത്പാദനം വർധിപ്പിക്കാൻ സാധിക്കുമെന്ന് കെജ്‌രിവാൾ പറയുന്നു.
നിലവിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഭാരത് ബയോടെക് എന്നീ കമ്പനികളാണ് വാക്‌സിൻ വികസിപ്പിക്കുന്നത്. ഈ കമ്പനികൾ പ്രതിമാസം ആറ് മുതൽ എഴ് കോടി വരെ ഡോസ് വാക്‌സിനാണ് ഉത്പാദിപ്പിക്കുന്നത്. ഈ രീതിയിൽ എല്ലാവരിലേയ്ക്കും വാക്‌സിൻ എത്തിക്കാൻ ഏറെ സമയമെടുക്കും.വാക്‌സിൻ നിർമ്മിക്കാൻ കൂടുതൽ കമ്പനികളെ അനുവദിച്ചാൽ വിതരണം ത്വരിതപ്പെടുത്താൻ സാധിക്കുമെന്ന് കെജ്‌രിവാൾ അറിയിച്ചു.
Read Also……വാക്സിന്‍ ക്ഷാമം പരിഹരിക്കണമെന്ന ആവശ്യവുമായി ഡല്‍ഹി മുഖ്യമന്ത്രി
വാക്‌സിൻ നിർമ്മിക്കാൻ കൂടുതൽ കമ്പനികൾക്ക് അനുമതി നൽകണം. കേന്ദ്ര സർക്കാർ ഈ കമ്പനികളിൽ നിന്നും വാക്‌സിന്‍റെ ഫോർമുല വാങ്ങി മറ്റ് കമ്പനികൾക്ക് നൽകണം. അങ്ങനെ അവർക്ക് സുരക്ഷിതമായി വാക്‌സിൻ നിർമ്മിക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ പ്രതിദിനം 1.25 ലക്ഷം പേർക്കാണ് ഡൽഹിയിൽ വാക്‌സിൻ നൽകുന്നത്. അടുത്ത് തന്നെ പ്രതിദിനം മൂന്ന് ലക്ഷത്തിലധികം ആളുകൾക്ക് വാക്‌സിനേഷൻ ആരംഭിക്കും. മൂന്ന് മാസത്തിനുള്ളിൽ എല്ലാവരിലേയ്ക്കും വാക്‌സിൻ എത്തിക്കാൻ സാധിക്കുമെന്നും കെജ്‌രിവാൾ വ്യക്തമാക്കി.