ന്യൂഡൽഹി: ഡ്രൈവർമാർക്ക് ധനസഹായവുമായി ഡൽഹി മന്ത്രിസഭ. കൊവിഡ് മൂലം സംസ്ഥാനത്ത് സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന ഡ്രൈവർമാർക്കാണ് സർക്കാർ സഹായം ഏർപ്പെടുത്തിയിരിക്കുന്നത്. ഓട്ടോറിക്ഷകൾ, ഇ-റിക്ഷകൾ, ടാക്സികൾ, പരിസ്ഥിതി സൗഹൃദ സേവാ, ഗ്രാമിൻ സേവാ, മാക്സി ക്യാബ് എന്നിവയിലെ ഡ്രൈവർമാർ ഇതിൽ ഉൾപ്പെടുന്നു. 5000 രൂപയുടെ ധനസഹായമാണ് നിലവിൽ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.
പാരാ ട്രാൻസിറ്റ് വാഹനങ്ങളുടെ പബ്ലിക് സർവീസ് ബാഡ്‌ജ് കൈവശമുള്ള എല്ലാവർക്കും ഈ ആനുകൂല്യം ലഭ്യമാണ്. ഡൽഹി സർക്കാർ പുറത്തിറക്കിയ കണക്കനുസരിച്ച് 2020 ൽ 1.56ലധികം ഓട്ടോ-ടാക്സി ഡ്രൈവർമാർക്ക് 78 കോടി രൂപ ധനസഹായം നൽകി. 2020 പദ്ധതിയുടെ ഗുണഭോക്താക്കൾ വീണ്ടും അപേക്ഷിക്കേണ്ടതില്ലെന്നും 5000 രൂപ നേരിട്ട് ആധാർ ലിങ്കുചെയ്ത ബാങ്ക് അക്കൗണ്ടുകളിലേക്ക് ലഭിക്കുമെന്നും ഡൽഹി സർക്കാർ അറിയിച്ചു.
ഏപ്രിലിൽ സർക്കാർ ഉപജീവനമാർഗം നഷ്ടപ്പെട്ട പിഎസ്‌വി ബാഡ്‌ജ് ഉടമകൾക്കും, പെർമിറ്റ് ഹോൾഡർമാർക്കുമായി രണ്ട് വ്യത്യസ്ത പദ്ധതികൾ ആരംഭിച്ചിരുന്നു. പാരാ ട്രാൻസിറ്റ് വാഹനങ്ങളുടെ 1,56,350 ഉടമകൾക്ക് ഈ രണ്ട് പദ്ധതികളുടെയും പ്രയോജനം ലഭിച്ചിട്ടുണ്ടെന്നും 78 കോടി രൂപയ്ക്ക് മൊത്തം ധനസഹായം നൽകിയതായും സർക്കാർ അവകാശപ്പെട്ടു. സംസ്ഥാനത്ത് നിലവിൽ 2.80 ലക്ഷത്തിലധികം പിഎസ്‌വി ബാഡ്‌ജ് ഉടമകളും 1.90 ലക്ഷം പെർമിറ്റ് ഹോൾഡർമാരുമുണ്ട്.എല്ലാ പൊതു സേവന വാഹനങ്ങളുടെയും പിഎസ്‌വി ബാഡ്ജ്, പെർമിറ്റ്, ഡ്രൈവിംഗ് ലൈസൻസ് മുതലായ രേഖകളുടെയും കാലാവധി സർക്കാർ ജൂൺ 30 വരെ നീട്ടിയിരുന്നു.
ഡ്രൈവിംഗ് ലൈസൻസിന്‍റെയും, പിഎസ്‌വി ബാഡ്‌ജിന്‍റെയും എല്ലാ ഉടമകൾക്കും സാമ്പത്തിക സഹായം ലഭിക്കാൻ അർഹതയുണ്ട്. എന്നിരുന്നാലും, അവസാന സ്കീമിന് സമാനമായി ഈ ആനുകൂല്യം വ്യക്തിഗത ഉടമകൾക്ക് മാത്രമേ വ്യാപിപ്പിക്കുകയുള്ളുവെന്ന് സർക്കാർ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.കഴിഞ്ഞ വർഷം സാമ്പത്തിക സഹായം ലഭിക്കാത്ത പാരാ ട്രാൻസിറ്റ് വാഹനങ്ങളുടെ ഉടമകൾ വീണ്ടും വെബ്‌സൈറ്റിൽ അപേക്ഷിക്കണമെന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ ഇതിനുള്ള ലിങ്ക് ഏതാനും ദിവസങ്ങൾക്കുള്ളിൽ പ്രവർത്തനക്ഷമമാക്കുമെന്നും കെജ്‌രിവാൾ സർക്കാർ കൂട്ടിച്ചേർത്തു.
Also read: ഡൽഹിക്ക് നേരിയ ആശ്വാസം; കൊവിഡ് കേസുകൾ പതിനായിരത്തിൽ താഴെ