ന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ ഡൽഹി ബിജെപി അധ്യക്ഷ സ്ഥാനം രാജിവെച്ച് ആദേശ് ഗുപ്‌ത. തെരഞ്ഞെടുപ്പിൽ ബിജെപിയുടെ 15 വർഷത്തെ ഭരണം അവസാനിച്ച് ആംആദ്‌മി ഭരണം പിടിച്ചെടുത്തതിന് പിന്നാലെയാണ് രാജി. പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതു വരെ ബിജെപിയുടെ ഡൽഹി ഘടകം വൈസ് പ്രസിഡന്‍റ് വീരേന്ദ്ര സച്ച്‌ദേവയെ ആക്‌ടിങ് പ്രസിഡന്‍റായി നിയമിച്ചു.
ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ആകെയുള്ള 250 സീറ്റുകളിൽ 134 സീറ്റുകളിലും വിജയിച്ചാണ് ആംആദ്‌മി ഭരണം പിടിച്ചെടുത്തത്. ബിജെപി 104 സീറ്റുകൾ നേടി. അതേസമയം തെരഞ്ഞെടുപ്പ് ചിത്രത്തില്‍ എവിടെയുമില്ലാത്ത സ്ഥിതിയായിരുന്നു കോണ്‍ഗ്രസിന്. വെറും ഒന്‍പത് സീറ്റ് മാത്രമാണ് കോണ്‍ഗ്രസ് നേടിയത്.
ALSO READ: ബിജെപിയെ നിലംപരിശാക്കി എഎപി; ഡല്‍ഹി മുനിസിപ്പൽ കോർപ്പറേഷനിലെ ഭരണമാറ്റം 15 വര്‍ഷത്തിനുശേഷം
ഷീല ദീക്ഷിത് 2012ല്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ മൂന്നായി വിഭജിച്ച ഡല്‍ഹി കോര്‍പ്പറേഷന്‍ ഈ വര്‍ഷം ആദ്യമാണ് പുനഃസ്ഥാപിച്ചത്. ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെ വൻ നേട്ടം കൊയ്യാന്‍ ആംആദ്‌മി പാർട്ടിക്കായി. ഡിസംബർ നാലിന് നടന്ന വോട്ടെടുപ്പിൽ 50.48% പോളിങ് മാത്രമാണ് രേഖപ്പെടുത്തിയിരുന്നത്.