ന്യൂഡൽഹി: കൗണ്‍സിലര്‍ സീറ്റ് വാഗ്‌ദാനം ചെയ്‌ത് പണം തട്ടിയ കേസില്‍ എഎപി എംഎല്‍എ ഉള്‍പ്പെടെ മൂന്ന് പേരെ എസിബി(ആന്‍റി കറപ്‌ഷന്‍ ബ്യൂറോ) അറസ്റ്റ് ചെയ്‌തു. എഎപി എംഎല്‍എ അഖിലേഷ് പതി ത്രിപാഠി, ഭാര്യ സഹോദരന്‍ ഓം സിങ്, പേഴ്‌സണല്‍ സ്റ്റാഫ് ശിവശങ്കര്‍ എന്നിവരാണ് അറസ്റ്റിലായത്. ആം ആദ്‌മി പാര്‍ട്ടി പ്രവര്‍ത്തകയായ ശോഭ ഖാരിയുടെ ഭർത്താവ് ഗോപാൽ ഖാരി നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി.
ശോഭ ഖാരിക്ക് കൗണ്‍സിലര്‍ സീറ്റ് നല്‍കുന്നതിനായി എംഎല്‍എ 90 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും ആദ്യ ഗഡുവായി 55 ലക്ഷം രൂപ കൈമാറിയെങ്കിലും ഖാരിയുടെ പേര് പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ലെന്നുമാണ് പരാതി. പേര് പട്ടികയിലുള്‍പ്പെടുത്താതിനെ തുടര്‍ന്ന് എംഎല്‍എയുടെ ഭാര്യ സഹോദരനുമായി ബന്ധപ്പെട്ടപ്പോഴാണ് അടുത്ത തവണ സീറ്റ് നല്‍കാമെന്ന് അറിയിച്ചത്. തുടര്‍ന്നാണ് ഗോപാല്‍ തിങ്കളാഴ്‌ച എസിബിക്ക് പരാതി നല്‍കിയത്.
നല്‍കിയ പണത്തില്‍ നിന്ന് 35 ലക്ഷം രൂപ ത്രിപാഠി എടുത്തെന്നും ബാക്കി 20 ലക്ഷം രൂപ ആം ആദ്‌മി പാര്‍ട്ടി എംഎല്‍എ രാജേഷ് ഗുപ്‌തയും കൈപ്പറ്റിയെന്നും പരാതിയില്‍ പറയുന്നു.