ന്യൂഡല്‍ഹി: റെംഡെസിവിർ മരുന്നുകള്‍ കരിഞ്ചന്തയില്‍ വില്‍ക്കാന്‍ ശ്രമിച്ച മൂന്ന് പേരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്നും ആറ് കുപ്പി മരുന്നുകള്‍ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. അൻഷുൽ അഗർവാൾ, സുനിൽ കുമാർ, രാഹുൽ പോൾ എന്നിവരാണ് പിടിയിലായത്. ഡല്‍ഹിയിലെ ഗുലാബി ബാഗ് പ്രദേശത്തെ എൻകെഎസ് ആശുപത്രിയിൽ നഴ്സിംഗ് അസിസ്റ്റന്‍റായി ജോലി ചെയ്യുന്നയാളാണ് അറസ്റ്റിലായ കുമാർ. രാഹുല്‍ പോൾ ഗാസിയാബാദിലെ ഗായത്രി ആശുപത്രിയിൽ നഴ്സിംഗ് അസിസ്റ്റന്‍റായി ജോലി ചെയ്യുന്നതായും പൊലീസ് പറഞ്ഞു.
Also Read: രണ്ടാം തരംഗത്തിന് കാരണം മോദി സര്‍ക്കാരിന്‍റെ കടുത്ത അലംഭാവം ; രൂക്ഷ വിമര്‍ശനവുമായി ലാൻസെറ്റ്
ഡല്‍ഹി പൊലീസിന് ഇവരെക്കുറിച്ച് രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലാകുന്നത്. 32,000 രൂപയ്ക്കാണ് ഇവര്‍ ആവശ്യക്കാര്‍ക്ക് കരിഞ്ചന്ത വഴി മരുന്നുകള്‍ വില്‍ക്കുന്നത്. മരുന്ന് വില്‍ക്കാനായി പോകുന്നതിനിടെയാണ് പൊലീസ് പ്രതികളെ കുടുക്കിയത്. ഇന്ത്യൻ പീനൽ കോഡ് (ഐപിസി), പകർച്ചവ്യാധി നിയമം, ദുരന്ത നിവാരണ നിയമം എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരം പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്