ഇന്ത്യന്‍ സേനാവിഭാഗങ്ങളുടെ ആയുധ ബലം കൂട്ടുന്നതിന്‍റെ ഭാഗമായി കര, നാവിക, വ്യോമ സേനകള്‍ക്ക് 2.23 ലക്ഷം കോടി രൂപയ്ക്കുള്ള ആയുധങ്ങളും പ്രതിരോധ ഉപകരണങ്ങളും വാങ്ങിക്കാന്‍ പ്രതിരോധ വകുപ്പ് അനുമതി നല്‍കിയത് നവംബര്‍ 30 നായിരുന്നു (Defense acquisition procedure). ഇതില്‍ 2.20 ലക്ഷം കോടി രൂപയുടെ (മൊത്തം ഇടപാടിന്‍റെ 98 ശതമാനം) ഉപകരണങ്ങളും ആഭ്യന്തര ഉത്‌പാദകരില്‍ നിന്ന് വാങ്ങാനുള്ള നിര്‍ദേശമാണ് ഏറെ ശ്രദ്ധേയമായത്.
പ്രതിരോധ രംഗവുമായി പ്രവൃത്തിക്കുന്ന ഇന്ത്യന്‍ വ്യവസായങ്ങള്‍ക്ക് വലിയ തോതില്‍ ഊര്‍ജം പകരുന്നതും ആത്മ നിര്‍ഭര്‍ ഭാരത് എന്ന ലക്ഷ്യത്തിലേക്കുള്ള ശക്തമായ ചുവടുവയ്‌പ്പുമാണ് ഈ തീരുമാനം. അനുമതി ആയെങ്കിലും ഇന്ത്യയിലെ പ്രതിരോധ ഉപകരണങ്ങളുടെ വാങ്ങല്‍ പ്രക്രിയ ഏറെ കാലതാമസം പിടിച്ചതാണ്. സങ്കീര്‍ണമായ ചട്ടങ്ങളും വാങ്ങുന്നതിനു മുമ്പുള്ള നടപടി ക്രമങ്ങളും ഒക്കെച്ചേര്‍ന്നാണ് ഈ ഇടപാട് അങ്ങേയറ്റം സങ്കീര്‍ണമാക്കുന്നത്. പ്രതിരോധ ഇടപാടുകള്‍ കാര്യക്ഷമമായ തരത്തില്‍ ചിട്ടപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതിന് ഇനിയും പരിഷ്‌കരണങ്ങള്‍ ആവശ്യമാണ്.
1956 ലെ വ്യവസായ നയം അനുസരിച്ച് രാജ്യത്തെ പ്രതിരോധ ഉപകരണങ്ങളാകെ നിര്‍മിച്ചത് സര്‍ക്കാര്‍ മേഖലയിലായിരുന്നു. സേനകള്‍ക്ക് ആവശ്യമായ ആയുധങ്ങള്‍ക്കും ഉപകരണങ്ങള്‍ക്കുമുള്ള ഓര്‍ഡറുകള്‍ യഥാസമയം നിറവേറ്റാന്‍ പൊതുമേഖല വ്യവസായങ്ങള്‍ക്ക് കഴിയാതെ വന്നതോടെ പ്രതിരോധ ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ മറ്റു മാര്‍ഗങ്ങള്‍ ആലോചിച്ചു തുടങ്ങി.
സോവിയറ്റ് യൂണിയന്‍ ശിഥിലമായതും, ഇന്ത്യന്‍ സാമ്പത്തികരംഗത്ത് നടപ്പാക്കിയ ഉദാരവത്‌കരണ നയങ്ങളെത്തുടര്‍ന്ന് സ്വകാര്യ വ്യവസായങ്ങള്‍ വളര്‍ച്ച പ്രാപിച്ചതും ഒക്കെ പ്രതിരോധ ഉപകരണങ്ങള്‍ക്കായി സ്വകാര്യ മേഖലയെക്കൂടി ആശ്രയിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചു. പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങിക്കുന്നതിന് വ്യക്തമായ നയങ്ങളോ മാര്‍ഗരേഖകളോ ഇല്ലാതിരുന്ന സ്ഥാനത്ത് ആദ്യമായി ഒരു ഔപചാരിക മാര്‍ഗ രേഖ വേണമെന്ന് നിര്‍ദേശിച്ചത് 1989 ലെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ നൂറ്റി എണ്‍പത്തിയേഴാം റിപ്പോര്‍ട്ടിലാണ്.
ഇതേത്തുടര്‍ന്ന് 1992 ല്‍ നടാകെ പ്രതിരോധ സാമഗ്രികളുടെ പര്‍ച്ചേസിനായി മാര്‍ഗരേഖ പുറത്തിറക്കി. പിന്നീട് കാര്‍ഗില്‍ യുദ്ധത്തിന് ശേഷം പ്രതിരോധ കാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭ ഉപസമിതിയുടെ ശുപാര്‍ശയെത്തുടര്‍ന്ന് സേനാവിഭാഗങ്ങളിലെ ആയുധ ഉപകരണ ഇടപാടുകളെക്കുറിച്ച് തീരുമാനമെടുക്കാനും സമയാസമയങ്ങളില്‍ നയപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളാനുമായി ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ രൂപീകരിക്കപ്പെട്ടു.
തൊട്ടടുത്ത വര്‍ഷം 2002 ല്‍ ഡിഫന്‍സ് പ്രൊക്വയര്‍മെന്‍റ് പ്രൊസീജ്യര്‍ (ഡിപിപി) നും രൂപം നല്‍കി. പ്രതിരോധ സാമഗ്രികള്‍ വാങ്ങിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കുന്നതിനുള്ള ഡിപിപി കഴിഞ്ഞ 18 വര്‍ഷത്തിനിടയില്‍ എട്ട് തവണ പുതുക്കപ്പെട്ടിട്ടുണ്ട്. 2020 ല്‍ ഡിപിപി ഡിഫന്‍സ് അക്വിസിഷന്‍ പ്രൊസീജിയര്‍ അഥവാ ഡിഎപി എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു. പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ടുള്ള എല്ലാ ഇടപാടുകളുടെയും സുതാര്യതയ്ക്കായി കൃത്യമായ ചിട്ടവട്ടങ്ങളും നടപടി ക്രമങ്ങളും നിര്‍ദേശിക്കുന്നതായിരുന്നു 2020 ലെ ഡിഎപി.
ആത്മ നിര്‍ഭര്‍ ഭാരത് എന്ന മോദി സര്‍ക്കാരിന്‍റെ പ്രഖ്യാപിത പദ്ധതിയെ പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടു കൊണ്ടുള്ളതായിരുന്നു ഇതിലെ നിര്‍ദേശങ്ങളോരോന്നും. സൈനിക ഉപകരണങ്ങള്‍ പാട്ടത്തിനെടുക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യാന്തര ഉടമ്പടികളിലെ ചില വ്യവസ്ഥകള്‍ ഡിഎപി 2020 ഒഴിവാക്കി. ഇന്ത്യയുടെ പ്രതിരോധ കരാര്‍ ലഭിക്കുന്ന വിദേശ കമ്പനി കരാര്‍ തുകയുടെ 30 ശതമാനം ഇന്ത്യയില്‍ മുടക്കണം എന്ന വ്യവസ്ഥയായിരുന്നു നേരത്തെ ഉണ്ടായിരുന്നത്. ഇത് സാങ്കേതിക അറിവുകള്‍ വികസിപ്പിക്കാനും തൊഴില്‍ നൈപുണ്യം കൈവരിക്കാനും തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കാനുമൊക്കെ ഉതകുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ 17 വര്‍ഷത്തെ അനുഭവത്തില്‍ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടായില്ലെന്ന വിമര്‍ശനം വന്നതോടെ ഈ നയം ഉപേക്ഷിക്കാന്‍ തീരുമാനിച്ചു.
ഡിഎപി വന്നെങ്കിലും അവരും കാലാകാലം സൈനിക സാമഗ്രികളുടെ പര്‍ച്ചേസിന് പുതിയ നടപടി ക്രമങ്ങള്‍ നിര്‍ദേശിച്ച് പ്രക്രിയ കൂടുതല്‍ സങ്കീര്‍ണമാക്കുകയായിരുന്നു. പ്രതിരോധ സാമഗ്രികള്‍ വാങ്ങിക്കുന്നതിന് 74 മുതല്‍ 106 ആഴ്‌ച വരെയുള്ള സമയമാണ് ഡിഎപി നിര്‍ദേശിച്ചത്. എന്നാല്‍ നടപടികളിലെ സങ്കീര്‍ണതകള്‍ കാരണം പലപ്പോഴും ഈ സമയക്രമം പാലിക്കാന്‍ കഴിഞ്ഞിരുന്നില്ല.
ഉദാഹരണത്തിന് അത്യാധുനിക പരിശീലന വിമാനമായ എച്ച്‌എഡബ്യൂകെ 132, അറുപത്താറെണ്ണം വ്യോമ സേനയ്ക്ക് വാങ്ങിക്കാനുള്ള കരാര്‍ നടപടികള്‍ 2003 ല്‍ തുടങ്ങിയതായിരുന്നു. അതിന്‍റെ നടപടികള്‍ അന്തിമമാകാന്‍ രണ്ടു ദശകമെടുത്തു. അതു പോലെ വ്യോമസേനയ്ക്ക് സൈനിക യാത്രാവിമാനമായ സി 295 അമ്പത്തിയാറെണ്ണം വാങ്ങിക്കാന്‍ ജര്‍മന്‍ കമ്പനിയായ എയര്‍ബസ് ഡിഫന്‍സ് ആന്‍ഡ് സ്പേസുമായുള്ള കരാര്‍ ഒരു ദശകം നീണ്ട നടപടി ക്രമങ്ങള്‍ക്കു ശേഷം 2021 സെപ്റ്റംബറിലാണ് നിലവില്‍ വന്നത്.
ആവശ്യങ്ങള്‍ ബോധ്യപ്പെടല്‍ തൊട്ട്, കമ്പനികളില്‍ നിന്ന് അപേക്ഷ ക്ഷണിക്കല്‍, സാങ്കേതിക പരിശോധന, ട്രയല്‍, ജനറല്‍ സ്റ്റാഫ് ഇവാലുവേഷന്‍, കോണ്‍ട്രാക്റ്റ് നെഗോഷ്യേഷന്‍ വരെ 12 ഘട്ടങ്ങളായുള്ള ഒരു സങ്കീര്‍ണമായ പ്രക്രിയയാണ് ആയുധ സാമഗ്രികള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഡിഎപി നിഷ്‌കര്‍ഷിക്കുന്നത്. കരാര്‍ ഉറപ്പിക്കുന്നതിനു മുമ്പ് പ്രതിരോധ സാമഗ്രിയുടെ വിലയുമായി ബന്ധപ്പെട്ട് വിലപേശലുകള്‍ നടത്താന്‍ പ്രത്യേക കമ്മിറ്റിയുണ്ട്. അതുകഴിഞ്ഞാല്‍ പല തലങ്ങളിലുമുള്ള അനുമതികള്‍ ആവശ്യമുണ്ട്.
300 കോടി രൂപ വരെയുള്ള ഇടപാടുകള്‍ക്ക് കര നാവിക വ്യോമ സേന മേധാവിമാരുടെ അനുമതി ആവശ്യമാണ്. 500 കോടി വരെയുള്ള ഇടപാടുകള്‍ക്ക് പ്രതിരോധ സെക്രട്ടറിയുടെയും 2000 കോടി രൂപ വരെയുള്ള ഇടപാടുകള്‍ക്ക് പ്രതിരോധ മന്ത്രിയുടെയും 3000 കോടി രൂപ വരെയുള്ള ഇടപാടുകള്‍ക്ക് ധനമന്ത്രിയുടെയും അതിനും മുകളിലുള്ള തുകയ്ക്കുള്ള ഇടപാടുകള്‍ക്ക് പ്രധാനമന്ത്രി അധ്യക്ഷനായുള്ള പ്രതിരോധകാര്യ മന്ത്രിസഭ ഉപസമിതിയുടെയും അനുമതി വേണം.
2020 - 21 മുതലുള്ള കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളില്‍ പ്രതിരോധ സാമഗ്രികള്‍ വാങ്ങിക്കാനുള്ള 122 കരാറുകളിലാണ് ഒപ്പുവച്ചത്. അതില്‍ 100 കരാറുകളും ഇന്ത്യന്‍ കമ്പനികളുമായായിരുന്നു. മൊത്തം പ്രതിരോധ കരാര്‍ തുകയുടെ 87 ശതമാനം ലഭിച്ചത് ഇന്ത്യന്‍ കമ്പനികള്‍ക്കായിരുന്നു. സ്വദേശി പ്രതിരോധ ഉത്‌പാദകര്‍ക്ക് ആവശ്യമായ പ്രചോദനം നല്‍കാന്‍ ഡിഎപി ക്ക് സാധിച്ചിട്ടുണ്ട്. അതിനര്‍ഥം ഈ സംവിധാനത്തില്‍ വിടവുകളില്ലെന്നല്ല. അത്തരം വിടവുകള്‍ നികത്തി വേണം മുന്നോട്ടു പോകാന്‍.
ഡിഎപി 2020 മാര്‍ഗ രേഖയില്‍ പലയിടത്തായി ഇന്ത്യന്‍ ഉത്‌പന്നങ്ങള്‍ക്ക് മതിയായ മുന്‍ഗണന നല്‍കുന്ന തരത്തിലുള്ള വ്യവസ്ഥകള്‍ ആവര്‍ത്തിക്കുന്നുണ്ട്. വാങ്ങലിനെക്കുറിച്ച് പറയുന്നിടത്ത് ഇന്ത്യന്‍ ഉത്‌പന്നങ്ങള്‍ എന്ന് ഡിഎപി 2020 വ്യക്തമായി പറയുന്നു. വാങ്ങലും നിര്‍മാണവും എന്ന ഭാഗത്തും ഇന്ത്യന്‍ തന്നെ വേണമെന്ന് നിഷ്‌കര്‍ഷിക്കുന്നു. ആഗോള ടെണ്ടറുകളായാല്‍പ്പോലും ഇന്ത്യയില്‍ നിര്‍മിച്ചവയ്ക്ക് ഊന്നല്‍ നല്‍കണമെന്ന് ഡിഎപി 2020 പറയുന്നു. മുമ്പ് ആഗോള കമ്പനികളുമായി നടത്തിപ്പോന്ന വമ്പന്‍ അന്തര്‍ദേശീയ ഇടപാടുകളില്‍ മാത്രം 30 ശതമാനം ഇന്ത്യന്‍ ബന്ധം ഉണ്ടായിരുന്നിടത്തു നിന്നാണ് ഈ മാറ്റം.
എന്നാല്‍ ഡിഎപി 2020 മുന്നോട്ടു വയ്‌ക്കുന്ന മാര്‍ഗ രേഖകളിലും പോരായ്‌മകളുണ്ടെന്നാണ് പ്രതിരോധ വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നത്. സ്ഥാനത്തും അസ്ഥാനത്തും ഇന്ത്യന്‍ കമ്പനികള്‍ യഥേഷ്‌ടം ഉപകരണങ്ങളുടെയും യന്ത്രങ്ങളുടെയും ഭാഗങ്ങള്‍ വിദേശത്തു നിന്ന് ഇറക്കുമതി ചെയ്‌താണ് ഉപയോഗിക്കുന്നത്. ഇന്ത്യന്‍ ഉത്‌പന്നങ്ങളെ തെരഞ്ഞെടുക്കുന്നതിന് വില മാത്രമാണ് ഡിഎപി അടിസ്ഥാനമാക്കുന്നത്. ഇങ്ങനെ വരുമ്പോള്‍ നമ്മള്‍ നേടാന്‍ ഉദ്ദേശിക്കുന്ന സ്വാശ്രയത്വം നഷ്‌ടമാകും.
വിദേശത്തു നിന്ന് കടം വാങ്ങിയ സാങ്കേതിക വിദ്യയും യന്ത്ര ഭാഗങ്ങളും അസംബിള്‍ ചെയ്‌ത് ഫിനിഷിങ് ചെയ്യുന്നതിലെ മിടുക്കും വിലക്കുറവും മാത്രം നോക്കി പ്രതിരോധ സാമഗ്രികള്‍ തെരഞ്ഞെടുക്കുന്നത് ആത്മ നിര്‍ഭര്‍ ഭാരത് സങ്കല്‍പ്പത്തെ മുന്നോട്ടു നയിക്കില്ല. അതിനാല്‍ ഡിഎപി 2020 ല്‍ ചില പൊളിച്ചെഴുത്ത് വേണമെന്നാണ് വിദഗ്‌ധര്‍ അഭിപ്രായപ്പെടുന്നത്.
ഇന്ത്യന്‍ പ്രതിരോധ നിര്‍മാതാക്കള്‍ ഗവേഷണത്തിന് ഊന്നല്‍ നല്‍കുകയും പ്രതിരോധ സാമഗ്രികള്‍ നിര്‍മിക്കാനാവശ്യമായ ചെലവു കുറഞ്ഞ സാങ്കേതിക വിദ്യ ഇവിടെത്തന്നെ വികസിപ്പിക്കുകയും യന്ത്രഭാഗങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനു പകരം ഇവിടെത്തന്നെ ഉത്‌പാദിപ്പിക്കുകയും ചെയ്യുന്നതിന് ഊന്നല്‍ നല്‍കുന്ന തരത്തിലാകണം ആ മാറ്റം.
ദീര്‍ഘവും സങ്കീര്‍ണവുമായ വാങ്ങല്‍ പ്രക്രിയയിലും മാറ്റം വേണം. നടപടി ക്രമങ്ങള്‍ ലളിതമാക്കണം. തീരുമാനങ്ങള്‍ വേഗത്തിലാക്കണം. ബ്രിട്ടനിലെയും ഓസ്ട്രേലിയയിലെയും ഫ്രാന്‍സിലെയും പോലെ പ്രതിരോധ പര്‍ച്ചേസുകള്‍ക്ക് ഏകീകൃത കണ്‍ട്രാള്‍ സിസ്റ്റം വേണം. ഇതില്‍ ഫ്രാന്‍സിലേത് പ്രതിരോധ പര്‍ച്ചേസും പ്രതിരോധ വ്യവസായവും ഒരുപോലെ ബന്ധപ്പെടുത്തിയുള്ള അനുകരണീയ മാതൃകയാണ്. 2005 ല്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച കേല്‍ക്കര്‍ കമ്മിറ്റി റിപ്പോര്‍ട്ടും ഫ്രഞ്ച് മാതൃക പിന്തുടരണമെന്ന് നിര്‍ദേശിച്ചിരുന്നു.