ന്യൂഡല്‍ഹി: ട്രാക്‌ടര്‍ റാലിക്കിടെ ചെങ്കോട്ടയില്‍ നടന്ന സംഘര്‍ഷങ്ങളില്‍ അറസ്റ്റിലായ നടന്‍ ദീപ് സിദ്ധുവിന്‍റെ കസ്റ്റഡി കാലാവധി സ് ഹസാരി കോടതി നീട്ടി. ഏഴ് ദിവസത്തേക്കാണ് പഞ്ചാബി നടനും ഗായകനുമായ ദീപ് സിദ്ധുവിന്‍റെ കസ്റ്റഡി കാലാവധി നീട്ടിയത്. ഫെബ്രുവരി 9നാണ് ദീപ് സിദ്ധു ഹരിയാനയിലെ കര്‍ണാല്‍ ബൈപ്പാസില്‍ നിന്നും അറസ്റ്റിലായത്. ഡല്‍ഹി പൊലീസാണ് നടനെ പിടികൂടിയത്. കേസില്‍ നടനൊപ്പം അറസ്റ്റിലായ സുഖ്‌ദേവ് സിങിന്‍റെ കസ്റ്റഡി കാലാവധിയും കോടതി 14 ദിവസത്തേക്ക് നീട്ടി.
റിപ്പബ്‌ളിക് ദിനത്തില്‍ നടന്ന ആക്രമണ സംഭവങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള ഗൂഡാലോചനയുടെ ഭാഗമാണോയെന്ന് ഡല്‍ഹി ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തുകയാണ്. നേരത്തെ അറസ്റ്റ് ചെയ്‌ത നടനെ ഏഴ് ദിവസത്തെ കസ്റ്റഡിയില്‍ കോടതി വിട്ടിരുന്നു. കസ്റ്റഡിയിലിരിക്കെ അന്വേഷണത്തിന്‍റെ ഭാഗമായി ദീപ് സിദ്ധുവിനെയും കേസില്‍ അറസ്റ്റിലായ ഇഖ്‌ബാല്‍ സിങ്ങിനെയും ചെങ്കോട്ടയിലെത്തിച്ച് ക്രൈം ബ്രാഞ്ച് തെളിവെടുത്തിരുന്നു. ചെങ്കോട്ടയില്‍ കൊടികളും വടികളുമായി ദീപ് സിദ്ധു പ്രവേശിച്ചത് വീഡിയോയില്‍ വ്യക്തമാണെന്ന് നേരത്തെ ഡല്‍ഹി പൊലീസ് വ്യക്തമാക്കിയിരുന്നു.
മുംബൈ, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളില്‍ കൂടുതല്‍ അന്വേഷണം നടത്താനും, ദീപ് സിദ്ധുവിന്‍റെ കൂട്ടാളികളെ അറസ്റ്റ് ചെയ്യാനും അദ്ദേഹം വിവിധ സിം കാര്‍ഡുകളിട്ട് ഉപയോഗിച്ച ഫോണുകള്‍ വീണ്ടെടുക്കാനുമായിരുന്നു കസ്റ്റഡി നീട്ടാനായി പൊലീസ് കോടതിയെ സമീപിച്ചത്. പൊതു മുതലുകള്‍ നശിപ്പിക്കാനായി ആളുകളെ നടന്‍ പ്രകോപിച്ചെന്നും പൊലീസ് പറഞ്ഞു. സിദ്ധുവിന്‍റെ സാമൂഹ്യ മാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്നവരെയും പൊലീസ് ചോദ്യം ചെയ്യും.