ചെന്നൈ: തമിഴ്‌നാട്ടില്‍ സ്‌കൂളുകള്‍ തുറക്കുന്നത് മാതാപിതാക്കളില്‍ നിന്നും വിദ്യാര്‍ഥികളില്‍ നിന്നും നിര്‍ദേശങ്ങള്‍ സ്വീകരിച്ചതിന് ശേഷം മാത്രം. വിദ്യാഭ്യാസ, യുവജനക്ഷേമ വകുപ്പ് മന്ത്രിയായ കെ എ സെന്‍ങ്കോട്ടയ്യനാണ് സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് പ്രതികരണമറിയിച്ചത്. മാതാപിതാക്കളില്‍ നിന്നും വിദ്യാര്‍ഥികളില്‍ നിന്നും നിര്‍ദേശങ്ങള്‍ സ്വീകരിച്ചതിന് ശേഷം മുഖ്യമന്ത്രി അന്തിമ തീരുമാനമെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു. നിര്‍ദേശങ്ങള്‍ ഈ ആഴ്‌ച അവസാനത്തോടെ സമാഹരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പൊങ്കലിനോടനുബന്ധിച്ച് റേഷന്‍കാര്‍ഡ് ഉടമകള്‍ക്കായി 2500 രൂപ വിതരണം ചെയ്യുന്ന ചടങ്ങ് ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് സാഹചര്യത്തില്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ തമിഴ്‌നാട്ടിലെ സ്‌കൂളുകള്‍ അടച്ചിരുന്നു. 10,12 ക്ലാസുകളിലെ പ്രാക്‌ടിക്കല്‍ പരീക്ഷ തീയതികള്‍ ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. ഈറോഡ് ജില്ലയിലാകെ 7,10,966 റേഷന്‍കാര്‍ഡ് ഉടമകളുണ്ടെന്നും ഇവര്‍ക്ക് 2500 രൂപ ലഭിക്കുമെന്നും സെന്‍ങ്കോട്ടയ്യന്‍ കൂട്ടിച്ചേര്‍ത്തു. ജനുവരി 13 വരെയാണ് പൊതുവിതരണ ശൃംഖല വഴി സൗജന്യമായി ധനസഹായം വിതരണം ചെയ്യുന്നത്.