റായിപൂര്‍: രണ്ട് ശരീരവും ഒരു മനസുമായി കഴിഞ്ഞ ചത്തീസ്‌ഗഡിലെ ബലോദാബസാറിലെ ഇരട്ട സഹോദരന്മാര്‍ മരിച്ച നിലയില്‍. രണ്ട് കാലില്‍ രണ്ട് ശരീരമായിട്ട് ജീവിച്ച ശിവനാഥിനെയും ശിവറാമിനെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടുകാരുടെയും പ്രദേശവാസികളുടെ പ്രിയപ്പെട്ടവരായിരുന്ന ഇരുവരുടെയും അകാല വിയോഗം നാടിനെ കണ്ണീരിലാഴ്‌ത്തി.
ആളുകൾ ഇവരെ ദൈവിക അവതാരമായാണ് കണക്കാക്കിയിരുന്നത്. രണ്ട് സഹോദരന്മാരായിരുന്നുവെങ്കിലും ഒരേ മനസോടെയായിരുന്നു ഇരുവരുടെയും ജീവിതം. മരണം സ്ഥിരീകരിച്ച് രണ്ട് മണിക്കൂറിന് ശേഷമാണ് പൊലീസ് സ്ഥലത്തെത്തിയത്. സംഭവത്തില്‍ ഗ്രാമവാസികൾ ദുരൂഹത ആരോപിച്ചെങ്കിലും വ്യക്തത വന്നിട്ടില്ല.
ALSO READ: ക്ഷേത്രങ്ങളെ സർക്കാർ നിയന്ത്രണത്തിൽ നിന്ന് മോചിപ്പിക്കണമെന്ന് വിഎച്ച്പി
അതേസമയം, സ്വാഭാവിക മരണമാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം ചെയ്യണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. പഠനത്തില്‍ മികവുകാട്ടിയിരുന്ന സഹോദരന്മാര്‍ വീട്ടുജോലികള്‍ ചെയ്യുന്നതിലും ശ്രദ്ധപുലര്‍ത്തിയിരുന്നു. ഒരാൾക്ക് ഇരിക്കണമെന്ന് തോന്നുമ്പോള്‍ മറ്റൊരാൾക്ക് കിടക്കേണ്ടി വരുന്ന ഘട്ടമുണ്ടായിരുന്നു. എങ്കിലും ഇവര്‍ പരസ്‌പരം പഴിചാരാതെ കഴിഞ്ഞുകൂടി.
ഭിന്നശോഷി വിഭാഗക്കാര്‍ എന്ന പരിഗണനയില്‍ യാത്ര ചെയ്യുന്നതിന് സൈക്കിള്‍ ലഭിച്ചിരുന്നു. അതിലായിരുന്നു വിദ്യാലയത്തിലേക്കുള്ള യാത്ര. ഇവരുടെ ശരീരം വേര്‍പ്പെടുത്തുന്നത് ജീവൻ അപകടത്തിലാക്കിയേക്കാമെന്ന് ഡോക്‌ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. ഇക്കാരണത്താല്‍ സഹോദരന്മാരുടെ ഓപ്പറേഷനെ കുറിച്ച് കുടുംബാംഗങ്ങൾ ആലോചിച്ചിരുന്നില്ല.