ബാരൻ (രാജസ്ഥാൻ): ബാരൻ ജില്ലയിലെ സഹരിയയിൽ ഡയേറിയ ബാധിച്ച് മൂന്ന് വയസുകാരി മരിച്ചതിന് കാരണം പോഷകാഹാര കുറവാണെന്ന വീട്ടുകാരുടെ ആരോപണം തളളി ഭരണകൂടം. ബിന്ദിയ എന്ന പെൺകുട്ടിയാണ് ഇക്കഴിഞ്ഞ ജൂലൈ ഏഴിന് മരണപ്പെട്ടത്. കുട്ടി മരിക്കാൻ കാരണം കൃത്യ സമയത്ത് ചികിത്സ ലഭിക്കാതിരുന്നതാണെന്ന് ഭരണകൂടം വ്യക്തമാക്കി.
ഡയേറിയയെ തുടർന്ന് രക്ഷിതാക്കൾ കുട്ടിയെ ആശുപത്രിയിൽ എത്തിക്കാതെ വീട്ടിൽ തന്നെ ചികിത്സിക്കാൻ ശ്രമിച്ചിരുന്നു എന്ന് അധികൃതർ അറിയിച്ചു. ബിന്ദിയയുടെ അമ്മ പപിത സഹരിയ ക്ഷയ രോഗിയാണ്. സമ്രാനിയ അങ്കണവാടിയിൽ രജിസ്റ്റർ ചെയ്‌തിരിക്കുന്ന ഇവർ എട്ട് മാസമായി ദേവ്രിയിലുള്ള പപിതയുടെ അമ്മയുടെ വീട്ടിൽ താമസിക്കുന്നതിനാൽ അങ്കണവാടിയിൽ നിന്ന് പോഷകാഹാരങ്ങൾ ലഭിക്കുന്നില്ലെന്ന് പപിത ആരോപിച്ചു. ബിന്ദിയക്ക് രണ്ട് സഹോദരങ്ങളാണ്.
പെൺകുട്ടിയുടെ മരണത്തിൽ ജില്ല കലക്‌ടർ നരേന്ദ്ര ഗുപ്‌ത, എഡിഎം ഷഹബാദ് രാഹുൽ മൽഹോത്ര, ബിസിഎംഎച്ച്‌ഒ ഡോ. ആരിഫ് ഷെയ്‌ഖ് എന്നിവർ കുടുംബത്തെ സന്ദർശിച്ചു. മുഴുവൻ കുടുംബത്തെയും മെഡിക്കൽ പരിശോധനയ്‌ക്കും വിധേയരാക്കി. തുടർന്ന് ബിന്ദിയയുടെ മൂത്ത സഹോദരിക്ക് പോഷകാഹാര കുറവുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇവരെ ബാരൻ എംടിസി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൂടാതെ, ഒന്നര മാസം പ്രായമുള്ള ഇളയ കുട്ടിക്ക് ഭാരക്കുറവുണ്ട്. അതിനാൽ, കുട്ടിക്ക് ആരോഗ്യത്തിന് ആവശ്യമായ മുലപ്പാൽ നൽകിയാൽ സുഖം പ്രാപിക്കുമെന്ന് കലക്‌ടർ അറിയിച്ചു. ക്ഷയ രോഗിയായ പപിതക്ക് കൃത്യമായ ചികിത്സ ഉറപ്പുവരുത്തുമെന്നും കലക്‌ടർ ഉറപ്പ് നൽകി.
Also read: അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരണം; 6 മാസത്തിനിടെ മരിച്ചത് 9 കുഞ്ഞുങ്ങൾ