രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് ഇന്ന് 32 വർഷങ്ങൾ തികയുകയാണ്. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായ രാജീവ് 1991ൽ മെയ് 21ന് തമിഴ്‌നാട്ടിലെ ശ്രീപെരുംപുത്തൂരില്‍ കൊല്ലപ്പെടുമ്പോൾ ഇന്ത്യക്ക് നഷ്‌ടമായത് ഇന്ത്യയെ 21-ാം നൂറ്റാണ്ടിലേക്ക് കൈപിടിച്ചുയർത്തിയ നേതാവിനെ കൂടിയായിരുന്നു. ആധുനിക ഇന്ത്യയെ കുറിച്ച് വ്യക്തമായ കാഴ്‌ചപ്പാട് ഉണ്ടായിരുന്ന നേതാവായിരുന്നു രാജീവ്.
അമ്മ ഇന്ദിരയുടെ വിയോഗത്തിന്‍റെ വേദന മാറും മുൻപ് തെരഞ്ഞെടുപ്പിനെ നേരിട്ട രാജീവ് ഇഷ്‌ടമില്ലാതിരുന്നിട്ടും ഇന്ത്യൻ രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങിയത് മിന്നും വിജയത്തോടെ കോൺഗ്രസ് നേടിയ എക്കാലത്തെയും വിജയത്തെ തോളിലേറ്റിയാണ്. 1984ലെ തെരഞ്ഞെടുപ്പിൽ 508 സീറ്റുകളിൽ 401 സീറ്റുകളിലും നേടി രാജീവ് ഇന്ത്യൻ രാഷ്‌ട്രീയത്തിൽ എതിരാളികളില്ലാത്ത നേതാവായത് കുറഞ്ഞനാളുകൾക്കുള്ളിലാണ്. അടിയന്തരാവസ്ഥ അടക്കം നിരവധി രാഷ്‌ട്രീയ പ്രതിസന്ധികൾ സൃഷ്‌ടിച്ച ഇന്ദിരാഗാന്ധി സർക്കാരിന്‍റെ നഷ്‌ടപ്പെട്ട പേര് തിരികെയെത്തിച്ചത് രാജീവ് ആയിരുന്നു എന്ന് പറഞ്ഞാൽ അതിശയോക്തി ആവില്ല.
പൈലറ്റാകാനാഗ്രഹിച്ച് എഞ്ചിനീയറിംഗും ഫിസിക്‌സും വായിക്കാൻ മാത്രം ഇഷ്‌ടമുണ്ടായിരുന്ന രാജീവ് പ്രധാനമന്ത്രി പുത്രൻ എന്ന പദവിയിൽ തന്നിഷ്‌ടം പോലെ ജീവിച്ചിരുന്ന, അടിയന്തരാവസ്ഥയിൽ അഴിമതിയും രാഷ്‌ട്രീയക്കാരന്‍റെ ധാർഷ്‌ട്യവും കാണിച്ച അനുജൻ സഞ്ജയ് വിമാനപകടത്തിൽ മരിക്കുന്നതോടെയാണ് പാതി മനസ്സോടെയാണെങ്കിലും അമേഠിയിൽ നിന്ന് മത്സരിക്കാൻ സന്നദ്ധനാകുന്നത്. 1981ൽ ലോക്‌സഭയിലേക്ക് മികച്ച ഭൂരിപക്ഷത്തിൽ രാജീവ് തെരഞ്ഞെടുക്കപ്പെട്ടു. യൂത്ത് കോൺഗ്രസിന്‍റെ നേതൃത്വനിരയിലേക്ക് വരുന്നതും അദ്ധ്യക്ഷനാകുന്നതും ഇതേ സമയത്ത് തന്നെയാണ്. അമ്മയുടെ മരണത്തോടെ പ്രധാനമന്ത്രി ആയെങ്കിലും അടുത്ത തെരഞ്ഞെടുപ്പ് നടത്താൻ പ്രസിഡന്‍റിനോട് ആവശ്യപ്പെട്ടതും രാജീവ് തന്നെ.
രാജീവ് ഗാന്ധി യുഗം : 1984ൽ ഇന്ത്യയുടെ പ്രധാനമന്ത്രി ആയതുമുതൽ 1991ൽ തമിഴ്‌നാട്ടിൽ കൊല്ലപ്പെടുന്നത് വരെയുള്ള ഇന്ത്യയുടെ രാജീവ് കാലഘട്ടം യഥാർഥത്തിൽ ഒരു പരിധി വരെ ആധുനിക ഇന്ത്യയുടെ ജാതകം എഴുതിയ കാലഘട്ടമായിരുന്നു എന്ന് പറയാം. സോഷ്യലിസ്‌റ്റ് സാമ്പത്തിക വ്യവസ്ഥിതിയും, ലൈസൻസ് രാജ് പോലെയുള്ള പിന്നോക്ക നയങ്ങളും രാജീവ് എടുത്തുമാറ്റി. ശാസ്‌ത്ര സാങ്കേതിക മേഖലയിൽ ഊന്നിയ വികസന സ്വപ്‌നങ്ങൾ രാജീവിൽ നിന്നാണ് ഇന്ത്യക്ക് ലഭിക്കുന്നത്. നവോദയ വിദ്യാലയങ്ങളും, അന്താരാഷ്‌ട്ര ബന്ധങ്ങളും, കംപ്യൂട്ടർവത്‌കരണവും, വ്യവസായ നവീകരണങ്ങളും രാജീവ് വിഭാവനം ചെയ്‌തു. ഏഴാം പഞ്ചവത്സരപദ്ധതിയിലെ കണക്കുകൾ പരിശോധിച്ചാൽ മാത്രം മതിയാകും രാജീവിന്‍റെ സംഭാവനകൾ മനസിലാകാൻ. രാജ്യത്തിന്‍റെ സാമ്പത്തിക വളർച്ച 5.6 ശതമാനമായി ഉയർന്നു. വ്യാവസായിക വളർച്ച എട്ട് ശതമാനവും, ദാരിദ്ര്യരേഖാ ശതമാനം 38 ൽ നിന്നും 28 ലേക്കു താഴ്ന്നതും തെളിവുകളാണ്.
1991 മെയ് 21 ന് ജികെ മൂപ്പനാരുടെ പ്രചരണത്തിനായി തമിഴ്‌നാട്ടിൽ എത്തിയ രാജീവിനെ ഭീകരസംഘടനയായ എൽടിടിഇയുടെ പ്രവർത്തക കലൈവാണി രാജരത്നം എന്ന ധനു ചാവേറായി കൊലപ്പെടുത്തുകയായിരുന്നു. അദ്ദേഹത്തിന്‍റെ കാലിൽ തൊട്ടനുഗ്രഹം വാങ്ങാനെന്ന വ്യാജേന കുനിഞ്ഞ ധനു ബെൽറ്റ്ബോംബിന്‍റെ ഡിറ്റോണെറ്റിൽ കയ്യമർത്തി. രാജീവ് ഗാന്ധിയും കൊലയാളിയും സുരക്ഷ ഉദ്യോഗസ്ഥരടുമക്കം 14 പേര്‍ ഈ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. ഇതേ തുടര്‍ന്ന് ഈ ദിവസം ദേശീയ ഭീകരത വിരുദ്ധ ദിനമായി ആചരിച്ചുവരുന്നു.
സോണിയ മൈനോ സോണിയ ഗാന്ധിയാകുന്നു : കേംബ്രിഡ്‌ജിലെ തന്‍റെ പഠനകാലത്താണ് അവിടെ ഇംഗ്ലീഷ് പഠിക്കാനെത്തിയ ഇറ്റലിക്കാരിയായ സോണിയ മൈനോ എന്ന യുവതിയുമായി രാജീവ് പ്രണയത്തിലാവുന്നത്. ദേശീയത ഇന്ത്യൻ രാഷ്‌ട്രീയത്തിന്‍റെയും രാജ്യ സ്നേഹത്തിന്‍റെയും അളവുകോലാകുന്ന കാലം മുതൽ ഏറ്റവുമധികം തന്‍റെ ദേശീയതയുടെ പേരിൽ ആക്രമണങ്ങൾ നേരിട്ട നേതാവായിരുന്നു സോണിയ ഗാന്ധി. 1968ൽ രാജീവിനെ പ്രണയിച്ച് വിവാഹം കഴിച്ചെത്തുമ്പോൾ ഒരു പക്ഷേ ഇന്ത്യൻ രാഷ്‌ട്രീയത്തില്‍ ആദ്യാക്ഷരങ്ങൾ പോലുമറിയില്ലായിരുന്നു.
1983ലാണ് സോണിയക്ക് ഇന്ത്യൻ പൗരത്വം ലഭിക്കുന്നത്. രാജീവ് ഗാന്ധി കൊല്ലപ്പെട്ടതോടു കൂടി കോൺഗ്രസ് സോണിയയെ രാഷ്‌ട്രീയ പ്രവേശനത്തിനു നിർബന്ധിച്ചെങ്കിലും അവര്‍ നിരസിച്ചതോടെ പിവി നരസിംഹ റാവു നേതാവായും പ്രധാനമന്ത്രിയായും തെരഞ്ഞെടുക്കപ്പെട്ടു. 1998-ലെ പൊതു തെരഞ്ഞെടുപ്പിനു മുൻപാണ് സോണിയ തന്‍റെ രാഷ്‌ട്രീയ പ്രവേശനം നടത്തിയത്. 1998-ൽ തന്നെ സോണിയ കോൺഗ്രസ് അധ്യക്ഷയായി. 1999ൽ പാർലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സോണിയ പതിമൂന്നാം ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായി. പിന്നീടിങ്ങോട്ട് കോൺഗ്രസിന് വളർച്ചയും തളര്‍ച്ചയും സംഭവിച്ചു.
ഒരു സ്‌ത്രീ ഇന്ത്യൻ രാഷ്‌ട്രീയത്തിൽ ചുവടുറപ്പിക്കുകയും, 2004ൽ ഫോബ്‌സ് മാസികയുടെ പട്ടികയിൽ 'ഏറ്റവും സ്വാധീനശേഷിയുള്ള വനിത'കളിൽ മൂന്നാം സ്ഥാനത്തെത്തുന്നതും ചരിത്രം. രാജീവിന്‍റെ അസാന്നിധ്യമറിയിക്കാതെ സോണിയ തന്നിൽ അർപ്പിതമായ കർത്തവ്യം നിർവഹിച്ചു. കർത്തവ്യം ജയമോ തോൽവിയോ എന്നത് നിശ്ചയിക്കേണ്ടത് ജനങ്ങളാണ്.
രാജീവ് ഇന്ത്യ കണ്ട മികച്ച പ്രധാനമന്ത്രിമാരിൽ ഒരാളായിരുന്നു.പക്ഷേ ഷാബാനു കേസ്, ബോഫോഴ്‌സ് ഇടപാട്, ശ്രീലങ്കയിലെ സൈനിക ഇടപെടൽ അടക്കം രാജീവിന് വലിയ പിഴവുകളും സംഭവിച്ചിട്ടുണ്ട്. രാജീവ് ഗാന്ധിയുടെ ഓർമകൾക്ക് 32 വർഷങ്ങൾ തികയുമ്പോൾ, കോൺഗ്രസ് കർണാടക തെരഞ്ഞെടുപ്പ് വിജയത്തിലൂടെ തിരിച്ചുവരികയാണെന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ അഭിപ്രായം. രാജീവിന്‍റെ ഓർമകൾക്കിപ്പുറം കോൺഗ്രസ് നേതൃത്വത്തിൽ മക്കൾ രാഹുലും, പ്രിയങ്കയുമുണ്ട്. കോൺഗ്രസിന്‍റെ കുടുംബവാഴ്‌ച ചർച്ചയാകുമ്പോഴും, വിമർശനങ്ങൾ നിലനിൽക്കുമ്പോഴും രാജീവ് ഗാന്ധി കണ്ട ഇന്ത്യയും അതിനായി പാകിയ അടിത്തറയും ഓർമിക്കപ്പെടേണ്ടതുണ്ട്.