മിർസാപൂർ : മരണത്തിൽ നിന്നും ജീവിതത്തിലേക്ക് തിരികെക്കയറി രവീണ എന്ന പെൺകുട്ടി. കനാലിൽ കാൽ വഴുതിവീണ് അബോധാവസ്ഥയിലായി മരണം സ്ഥീരികരിച്ച ശേഷം പോസ്റ്റ്‌മോർട്ടത്തിനായി അയക്കാനുള്ള നടപടികൾക്കിടെ ബന്ധുക്കളുടെ ഇടപെടലാണ് രവീണയെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയത്. സംഭവ സ്ഥലത്തെത്തിയ വീട്ടുകാർ ആദ്യം ഡോക്‌ടറെ കാണിക്കാൻ പൊലീസിനോട് ആവശ്യപ്പെടുകയും ആശുപത്രിയിൽ വച്ച് പെൺകുട്ടിയുടെ ഹൃദയമിടിപ്പ് സാധാരണ നിലയിലാണെന്ന് കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്‌ച (ജൂൺ 18) ഉത്തർപ്രദേശിലെ മിർസാപൂർ ജില്ലയിലെ സന്ത്നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
സിർസി കനാലിൽ അബോധാവസ്ഥയിൽ കിടക്കുന്ന പെൺകുട്ടിയെ കണ്ട ഗ്രാമവാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്. മാനസിക അസ്വാസ്ഥ്യമുള്ള രവീണയെ വീട്ടിൽ നിന്നും കാണാതായി രണ്ട് മണിക്കൂറിന് ശേഷമാണ് ഒന്നര കിലോമീറ്റർ അകലെയുള്ള സിർസ് കനാലിൽ കണ്ടെത്തിയത്. പെൺകുട്ടി മുങ്ങി മരിച്ചതാണെന്ന നിഗമനത്തിൽ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയക്കാനുള്ള നടപടികൾ പൊലീസ് ആരംഭിച്ചിരുന്നു.
ഈ സമയത്ത് പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ബന്ധുക്കളുടെ ആവശ്യപ്രകാരം പെൺകുട്ടിയെ പത്തേറ കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിലേക്ക് കൊണ്ടുപോയി. അബോധാവസ്ഥയിലാണ് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചതെന്ന് ഫാർമസിസ്റ്റ് ഗണേഷ് ശങ്കർ ത്രിപാഠി പറഞ്ഞു. ഇവിടെവച്ച് നടത്തിയ പരിശോധനയിൽ രവീണയുടെ ഹൃദയമിടിപ്പ് സാധാരണ നിലയിലാണെന്ന് ഡോക്‌ടർമാർ കണ്ടെത്തി.
കുറച്ചുസമയത്തെ പരിചരണത്തിന് ശേഷം പെൺകുട്ടി അപകടനില തരണം ചെയ്യുകയായിരുന്നു. മരണവാർത്തയിൽ സങ്കടത്തിലായിരുന്ന കുടുംബത്തിന് വലിയ ആശ്വാസമായി ഈ അറിയിപ്പ്. മാനസികാസ്വാസ്ഥ്യമുള്ള യുവതി വീട്ടുകാരോട് പറയാതെയാണ് പുറത്തുപോയതെന്ന് ബന്ധുക്കൾ പറഞ്ഞു. അതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്.
രണ്ടു മണിക്കൂറോളമായി അവളെ വീട്ടിൽ നിന്ന് കാണാതായിരുന്നു. അതിനു ശേഷമാണ് അവൾ കനാലിൽ മുങ്ങിമരിച്ചതായി ഗ്രാമവാസികൾ അറിയിച്ചതെന്നും പെൺകുട്ടിയുടെ ബന്ധുക്കൾ കൂട്ടിച്ചേർത്തു. സന്ത്‌നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ റാഹ് കലൻ ഹൗദ്‌വ ഗ്രാമത്തിൽ താമസിക്കുന്ന ഭോലയുടെ മകളായ രവീണ.
കനാലിൽ മൃതദേഹം കണ്ടെത്തിയതായി നാട്ടുകാരാണ് അറിയിച്ചതെന്ന് സന്ത്നഗർ പൊലീസ് സ്റ്റേഷൻ ഇൻചാർജ് അരവിന്ദ് സരോജ് പറഞ്ഞു. 'വിവരം ലഭിച്ചതിനെ തുടർന്ന് ഞങ്ങൾ സംഭവസ്ഥലം സന്ദർശിച്ചു, ഇത് മുങ്ങിമരണമാണെന്ന് കരുതി. സാധാരണ പ്രോട്ടോക്കോൾ അനുസരിച്ച്, ഞങ്ങൾ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയയ്‌ക്കുകയായിരുന്നു. പെൺകുട്ടി രക്ഷപ്പെട്ടതും അവളുടെ നില സ്ഥിരമായിരിക്കുന്നതും നല്ലതാണ്' - പൊലീസ് പറഞ്ഞു.