ഗാന്ധിനഗര്‍ : ഗുജറാത്തിലെ രാസ നിര്‍മാണ ശാലയില്‍ കഴിഞ്ഞ ദിവസമുണ്ടായ തീപിടിത്തത്തില്‍ കാണാതായ 7 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. കത്തി കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. ദിവ്യേഷ് പട്ടേല്‍, സന്തോഷ് വിശ്വ കര്‍മ, സനത് കുമാര്‍ മിശ്ര, ധര്‍മേന്ദ്ര കുമാര്‍, ഗണേഷ് പ്രസാദ്, സുനില്‍ കുമാര്‍, അഭിഷേക് സിങ് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
ഇതിലൊരാള്‍ കമ്പനിയിലെ ജീവനക്കാരനും മറ്റ് 6 പേര്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരുമാണ്. കമ്പനി പരിസരത്ത് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് ജില്ല കലക്‌ടര്‍ ആയുഷ് ഒയക് പറഞ്ഞു.
ബുധനാഴ്‌ച (നവംബര്‍ 29) പുലര്‍ച്ചെ 2 മണിയോടെയാണ് സൂറത്തിലെ സച്ചിന്‍ ഇന്‍ഡസ്‌ട്രിയല്‍ എസ്റ്റേറ്റില്‍ പ്രവര്‍ത്തിക്കുന്ന എയ്‌തര്‍ ഇന്‍ഡസ്‌ട്രീസ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ തീപിടിത്തമുണ്ടായത്. ഫാക്‌ടറിയ്‌ക്കുള്ള രാസ പദാര്‍ഥങ്ങള്‍ സംഭരിച്ച കൂറ്റന്‍ ടാങ്കുകളിലൊന്നില്‍ പൊട്ടിത്തെറിയുണ്ടാകുകയായിരുന്നു. ഇതോടെ ഫാക്‌ടറിക്കുള്ളില്‍ തീ പടരുകയായിരുന്നു.
സംഭവത്തില്‍ ഫാക്‌ടറിയിലെ 25 പേര്‍ക്ക് പരിക്കേറ്റു. സംഭവത്തിന് പിന്നാലെ നിരവധിയിടങ്ങളില്‍ നിന്നും അഗ്നിശമന സേനാംഗങ്ങള്‍ എത്തി. 15 ഫയര്‍ എഞ്ചിനുകളാണ് തീ അണയ്‌ക്കാനെത്തിയത്. 9 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കാനായത്.
സമാന സംഭവം ബെംഗളൂരുവിലും: അടുത്തിടെയാണ് ബെംഗളൂരുവിലെ ബാനസവാടി റിങ് റോഡില്‍ സമാന സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നാല് നില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. പുലര്‍ച്ചെയോടെ കെട്ടിടത്തില്‍ നിന്നും തീ പടരുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
കെട്ടിടത്തില്‍ ഫര്‍ണിച്ചര്‍ ഷോപ്പും ഒരു ഐടി കമ്പനിയും ഒരു കോച്ചിങ് സെന്‍ററും പ്രവര്‍ത്തിച്ചിരുന്നു. ഫര്‍ണിച്ചര്‍ ഷോപ്പിലെ മുഴുവന്‍ സാധനങ്ങളും കത്തി നശിച്ചു. സംഭവത്തിന് പിന്നാലെ അഗ്‌നി ശമന സേനാംഗങ്ങളെത്തി തീയണച്ചു. കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയ രണ്ട് സുരക്ഷാജീവനക്കാരെയും അഗ്നി ശമന സേനാംഗങ്ങള്‍ രക്ഷപ്പെടുത്തി. തീപിടിത്തത്തിന്‍റെ കാരണങ്ങള്‍ വ്യക്തമല്ല.
ഹൈദരാബാദിലെ കെമിക്കല്‍ ഗോഡൗണില്‍ തീപിടിത്തം : ഇക്കഴിഞ്ഞ 13നാണ് ഹൈദരാബാദില്‍ വന്‍ തീപിടിത്തമുണ്ടായത്. നാമ്പള്ളി ബസാറിലുണ്ടായ തീപിടിത്തത്തില്‍ 9 പേരാണ് മരിച്ചത്. 21 പേര്‍ക്ക് ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്‌തു.
കെമിക്കല്‍ ഗോഡൗണിലെ ബഹുനില കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിന്‍റെ താഴെത്തെ നിലയില്‍ കാര്‍ നന്നാക്കുന്നതിനിടെയാണ് സംഭവം. കാറില്‍ നിന്നും തീ പടര്‍ന്നതോടെ സമീപത്തെ ഡീസലിനും കെമിക്കല്‍ ഡ്രമ്മുകള്‍ക്കും തീപിടിക്കുകയായിരുന്നു. ഒരു കാറും രണ്ട് ബൈക്കുകളും കത്തി നശിച്ചു.