ചെങ്കൽപട്ട്: ട്രെയിൻ അപകടത്തിൽ മരിച്ചെന്ന് കരുതിയ വൃദ്ധ മൂന്നാം നാൾ ജീവനോടെ തിരികെ വീട്ടിലെത്തി. തമിഴ്‌നാട്ടിലെ ചെങ്കൽപട്ടിലെ ഗുഡുവഞ്ചേരി സ്വദേശിനിയായ ചന്ദ്ര (72) ആണ് ബന്ധുക്കൾ മറ്റൊരു മൃതദേഹം സംസ്‌കരിച്ചതിന് പിന്നാലെ തിരികെ ജീവനോടെ വീട്ടിലേക്കെത്തിയത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ ചന്ദ്രയുടേതെന്ന് കരുതി ബന്ധുക്കൾ സംസ്‌കരിച്ച മൃതദേഹം മറ്റൊരു സ്‌ത്രീയുടേതാണെന്ന് കണ്ടെത്തി.
സെപ്‌റ്റംബർ 20ന് ക്ഷേത്രത്തിലേക്ക് പോയ ചന്ദ്ര തിരികെ വീട്ടിലേക്ക് എത്തിയിരുന്നില്ല. ഇവരുടെ മകൻ വടിവേൽ അമ്മക്കായി പലയിടത്തും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെ ഗുഡുവാഞ്ചേരി താംബരം റെയിൽവേ ലൈനിൽ ഒരു വൃദ്ധ ട്രെയിൻ തട്ടി മരിച്ച വിവരം വടിവേൽ അറിഞ്ഞു. മരിച്ച സ്‌ത്രീയും കാണാതായ ചന്ദ്രയും തമ്മിൽ സാമ്യമുള്ളതിനാൽ കണ്ടെത്തിയ മൃതദേഹം തന്‍റെ അമ്മയുടേത് തന്നെയാണെന്ന് വടിവേൽ ഉറപ്പിക്കുകയായിരുന്നു.
തുടർന്ന് മൃതദേഹം വീട്ടിൽ കൊണ്ടുവന്ന് ആചാരപരമായ ചടങ്ങുകളോടെ സംസ്‌കരിക്കുകയായിരുന്നു. എന്നാൽ സംസ്‌കാര ചടങ്ങുകൾ കഴിഞ്ഞ് തൊട്ടടുത്ത ദിവസം ചന്ദ്ര വീട്ടിലേക്കെത്തുകയായിരുന്നു. മരിച്ചെന്ന് കരുതിയ അമ്മ പെട്ടന്ന് മുന്നിൽ വന്ന് നിൽക്കുന്നത് കണ്ട് മകൻ വടിവേൽ പോലും ഞെട്ടി. അപ്പോഴാണ് അമ്മയ്‌ക്ക് പകരം മറ്റൊരാളെയാണ് സംസ്‌കരിച്ചതെന്ന വിവരം ഇയാൾക്ക് മനസിലായത്.
തുടർന്ന് വിവരം ഉടൻ തന്നെ താംബരം റെയിൽവേ പൊലീസിൽ അറിയിക്കുകയും വണ്ടല്ലൂർ തഹസിൽദാറിന്‍റെ സാന്നിധ്യത്തിൽ കുഴിച്ചിട്ട മൃതദേഹം പുറത്തെടുത്ത ക്രോംപട്ട സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്‌തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ചെന്നൈ ത്രിശൂലം സ്വദേശി മാരി എന്നയാളുടെ ഭാര്യ പത്മയാണ് മരിച്ചതെന്ന് കണ്ടെത്തുകയും മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുകയുമായിരുന്നു.